കുപ്‌വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം; ജവാന് ജീവഹാനി, ഭീകരനെ വധിച്ചു, ആക്രമണത്തിന് പിന്നിൽ പാകിസ്താൻ സൈന്യമെന്ന് സംശയം

കുപ്‌വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം; ജവാന് ജീവഹാനി, ഭീകരനെ വധിച്ചു, ആക്രമണത്തിന് പിന്നിൽ പാകിസ്താൻ സൈന്യമെന്ന് സംശയം

ത്രേഗാം മേഖലയിൽ സുരക്ഷ സേനയുടെ തീവ്രവാദ വിരുദ്ധ ഓപ്പറേഷനിലാണ്‌ ശനിയാഴ്ച പുലർച്ചെ വെടിവയ്‌പ്പുണ്ടായത്‌
Updated on
1 min read

ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച തീവ്രവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാ സേനയിലെ ഒരു ജവാൻ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിൽ അഞ്ച് ഇന്ത്യൻ സൈനികർക്ക് പരുക്കേറ്റിട്ടുമുണ്ട്. ആക്രമണത്തിൽ പാകിസ്താനിയായ ഭീകരനെ വധിച്ചതായി സൈന്യം അറിയിച്ചു. പാകിസ്താൻ സൈന്യത്തിന്റെ ബോർഡർ ആക്ഷൻ ടീമാണ് ആക്രമണത്തിന് പിന്നിലെന്ന് ദേശീയ വാർത്ത ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ത്രേഗാം മേഖലയിൽ സുരക്ഷ സേനയുടെ തീവ്രവാദ വിരുദ്ധ ഓപ്പറേഷനിലാണ്‌ ശനിയാഴ്ച പുലർച്ചെ വെടിവെയ്‌പ്പുണ്ടായത്‌.

ശനിയാഴ്ച രാവിലെ കുപ്‌വാരയിലെ മച്ചിൽ സെക്ടറിലെ നിയന്ത്രണ രേഖയിലെ കുംകാരി പോസ്റ്റിന് സമീപമാണ് തീവ്രവാദികളെന്ന് സംശയിക്കുന്നവരുടെ നീക്കം ഇന്ത്യൻ സൈന്യത്തിന്റെ ശ്രദ്ധയിൽ പെട്ടത്. ഇതോടെ സുരക്ഷാ സേന തീവ്രവാദികൾക്ക് നേരേ വെടിയുതിർക്കുകയും അതൊരു ഏറ്റുമുട്ടലിലേക്ക് നയിക്കുകയുമായിരുന്നു. ഏറ്റുമുട്ടലിൽ സുരക്ഷാ സേന ഒരു സൈനികനെ വധിച്ചു. കൊല്ലപ്പെട്ടത് പാകിസ്താനി പൗരനാണെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചു.

25-ാം കാർഗിൽ വിജയ് ദിവസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്താന് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ആക്രമണം. ഈ മേഖലയിൽ മൂന്ന് ദിവസത്തിനിടെ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്.

സംഭവത്തിൽ ഇന്ത്യൻ സൈന്യം ഇതുവരെ പ്രസ്താവനയൊന്നും പുറപ്പെടുവിച്ചിട്ടില്ല. എന്നാൽ നേരത്തെയും ഇന്ത്യയ്ക്ക് നേരെ ഒന്നിലധികം തവണ ഏറ്റുമുട്ടലിൽ ഏർപ്പെട്ട പാകിസ്താൻ്റെ ബോർഡർ ആക്ഷൻ ടീമിൻ്റെ (ബിഎടി) ആക്രമണമാണിതെന്നാണ് സ്രോതസ്സുകളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ.

കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ഈ ആഴ്ചയുടെ തുടക്കത്തിൽ നിലവിൽ ആക്രമണം നടന്ന മേഖല സന്ദർശിച്ചിരുന്നു. നുഴഞ്ഞുകയറ്റവും ഭീകരാക്രമണങ്ങളും നേരിടാനുള്ള സേനയുടെ തയ്യാറെടുപ്പും അന്ന് അവലോകനം ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in