ബിജെപിയുടെ ആരോപണങ്ങൾക്ക് പിന്നാലെ മാധ്യമസ്ഥാപനമായ ന്യൂസ്‌ക്ലിക്കിന്റെ അക്കൗണ്ട് സസ്‌പെൻഡ് ചെയ്ത് എക്സ്

ബിജെപിയുടെ ആരോപണങ്ങൾക്ക് പിന്നാലെ മാധ്യമസ്ഥാപനമായ ന്യൂസ്‌ക്ലിക്കിന്റെ അക്കൗണ്ട് സസ്‌പെൻഡ് ചെയ്ത് എക്സ്

ട്വിറ്റർ നിയമങ്ങൾ ലംഘിച്ചുവെന്ന അറിയിപ്പാണ് ന്യൂസ്‌ക്ലിക്കിന്റെ എക്‌സിലെ പേജ് തുറക്കുമ്പോൾ കാണാനാകുന്നത്
Updated on
1 min read

ഓൺലൈൻ മാധ്യമസ്ഥാപനമായ ന്യൂസ് ക്ലിക്കിന്റെ അക്കൗണ്ട് സസ്‌പെൻഡ് ചെയ്ത് എക്സ്. രാജ്യത്ത് ചൈനീസ് പ്രൊപഗണ്ട പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് ന്യൂസ്‌ക്ലിക്കിനെതിരെ ബിജെപി രംഗത്തുവന്നതിന് പിന്നാലെയാണ് അക്കൗണ്ട് താത്കാലികമായി മരവിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് സ്ഥാപനത്തിന്റെ അക്കൗണ്ട് എക്സ് സസ്‌പെൻഡ് ചെയ്തത്. ട്വിറ്റർ നിയമങ്ങൾ ലംഘിച്ചുവെന്ന അറിയിപ്പാണ് ന്യൂസ്‌ ക്ലിക്കിന്റെ എക്‌സിലെ പേജ് തുറക്കുമ്പോൾ കാണാനാകുന്നത്.

ചൈനീസ് സർക്കാരിന്റെ മാധ്യമ ശൃംഖലയുമായി അടുത്തബന്ധമുള്ള അമേരിക്കൻ ശതകോടീശ്വരൻ നെവിൽ റോയ് സിങ്കത്തിൽ നിന്ന് ന്യൂസ് ക്ലിക്കിന് ധനസഹായം ലഭിക്കുന്നുണ്ടെന്ന ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടിന് പിന്നാലെയായിരുന്നു ആരോപണവുമായി ബിജെപി രംഗത്തെത്തിയത്. സിപിഎം നേതാവ് പ്രകാശ് കാരാട്ടും നെവിൽ റോയിയുമായി കൈമാറ്റം ചെയ്യപ്പെട്ടുവെന്ന് പറയുന്ന ഇമെയിൽ സന്ദേശങ്ങളുടെ രേഖകൾ തന്റെ പക്കലുണ്ടെന്ന് ബിജെപി എംപിയായ നിഷികാന്ത് ദുബെ പാർലമെന്റിൽ പറഞ്ഞിരുന്നു. ഇന്ത്യാ വിരുദ്ധ അന്തരീക്ഷം സൃഷ്ടിക്കാൻ വേണ്ടിയാണ് ന്യൂസ്ക്ലിക്കിന് പണം നൽകുന്നതെന്ന ആരോപണം രാഷ്ട്രീയ മേഖലകളിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.

ബിജെപിയുടെ ആരോപണങ്ങൾക്ക് പിന്നാലെ മാധ്യമസ്ഥാപനമായ ന്യൂസ്‌ക്ലിക്കിന്റെ അക്കൗണ്ട് സസ്‌പെൻഡ് ചെയ്ത് എക്സ്
ന്യൂസ് ക്ലിക്കിനെ ലക്ഷ്യമിട്ട് വീണ്ടും മോദി സർക്കാർ

ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട് മുൻ നിർത്തി വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് സിങ് ഠാക്കൂറും ന്യൂസ് ക്ലിക്കിനെതിരെ രംഗത്തെത്തിയിരുന്നു. അതുമായി ബന്ധപ്പെടുത്തി ലോക്സഭയിൽ കോൺഗ്രസിനും രാഹുൽ ഗാന്ധിക്കുമെതിരെ കടുത്ത ആരോപണവും അദ്ദേഹം ഉന്നയിച്ചു. ചൈനയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന ന്യൂസ് ക്ലിക്ക് കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും സഹായിക്കുകയാണെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ ആരോപണം. നിഷികാന്ത് ദുബെയും ലോക്സഭയിൽ കോൺഗ്രസിനെതിരെ ഇതേ ആരോപണം ഉന്നയിച്ചു. ദുബെയുടെ ആരോപണങ്ങൾ രേഖകളിൽ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ലോക്സഭാ നേതാവ് അധിർ രഞ്ജൻ ചൗധരി സ്പീക്കർക്ക് കത്തും നൽകിയിരുന്നു.

ന്യൂസ്‌ക്ലിക്കിന്റെ ഹോൾഡിംഗ് സ്ഥാപനമായ ന്യൂസ്‌ക്ലിക്ക് സ്റ്റുഡിയോ പ്രൈവറ്റ് ലിമിറ്റഡിന്റെ അക്കൗണ്ടിലേക്ക് നെവിൽ റോയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ നിന്ന് 86 കോടി രൂപയിലധികം വിദേശ ഫണ്ട് വന്നുവെന്ന കേസിൽ ഇഡി അന്വേഷണം നടത്തുകയാണ്. കൂടാതെ ന്യൂസ്‌ക്ലിക്കിനും എഡിറ്റർ ഇൻ ചീഫ് പ്രബീർ പുർക്കായസ്‌ഥിനും അനുവദിച്ചിരിക്കുന്ന ഇടക്കാല സംരക്ഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി ഡൽഹി ഹൈക്കോടതിയെ സമീപിച്ചു.

logo
The Fourth
www.thefourthnews.in