ദേശീയ തിരഞ്ഞെടുപ്പ് കമ്മിഷന്‍
ദേശീയ തിരഞ്ഞെടുപ്പ് കമ്മിഷന്‍

ഗുജറാത്ത് തിരഞ്ഞെടുപ്പ്; 8.6ശതമാനം മാത്രം വനിതാ സ്ഥാനാർത്ഥികൾ

182 സീറ്റുകളിലേക്കുള്ള 1,621 മത്സരാർത്ഥികളിൽ 139 പേർ മാത്രമാണ് മത്സരരംഗത്തുള്ളത്
Updated on
1 min read

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ത്രീ വോട്ടർമാർ നിർണായക ഘടകമാകുമെന്ന് പറയുമ്പോഴും മത്സരരംഗത്തുള്ള വനിതാ മത്സരാര്‍ത്ഥികളുടെ എണ്ണത്തില്‍ കുറവ്. ഗുജറാത്തിലെ 50% വോട്ടർമാരും സ്ത്രീകളാണെന്നിരിക്കെ 182 സീറ്റുകളിലേക്കുള്ള 1,621 മത്സരാർത്ഥികളിൽ 139 പേർ മാത്രമാണ് മത്സരരംഗത്തുള്ളത്. ഇവരില്‍ 38 പേര്‍ മൂന്ന് പ്രധാന പാര്‍ട്ടികളില്‍ നിന്നുള്ളവരാണ്.

ഭരണകക്ഷിയായ ബിജെപിയും പ്രതിപക്ഷമായ കോണ്‍ഗ്രസും വിരലില്‍ എണ്ണാവുന്ന സ്ത്രീകള്‍ക്ക് മാത്രമാണ് ഇത്തവണയും സ്ഥാനാര്‍ത്ഥിത്വം നല്‍കിയിരിക്കുന്നത്. എന്നാലും 2017ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ സ്ഥാനാർത്ഥികളുടെ എണ്ണം കൂടുതലാണ്. 2017ൽ 12 വനിതാ സ്ഥാനാർത്ഥികൾ മാത്രമായിരുന്ന ബിജെപി 18 പേരെയാണ് ഇത്തവണ മത്സരരംഗത്തിറക്കിയത്. കോൺഗ്രസിന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 10 വനിതാ സ്ഥാനാർത്ഥികളായിരുന്നെങ്കിൽ ഇത്തവണ 14 പേരാണ് മത്സരിക്കുന്നത്. കൂടാതെ ദളിത്, ഗോത്ര വിഭാഗങ്ങളിൽ നിന്നുള്ള കൂടുതൽ വനിതാ സ്ഥാനാർത്ഥികളെയും ഇത്തവണ ഇരുപാർട്ടികളും ഉൾപ്പെടുത്തിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഡിസംബർ 1, 5 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ആകെ 1,621 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. അതിൽ 139 പേർ വനിതാ സ്ഥാനാർത്ഥികളും 56 പേർ സ്വതന്ത്രരുമാണ്. 2017ൽ 1,828 മത്സരാർത്ഥികളിൽ 126 വനിതാ സ്ഥാനാർത്ഥികളാണുണ്ടായിരുന്നത്. എണ്ണം കുറവായിരുന്നെങ്കിലും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയിൽ നിന്നും കോൺഗ്രസിൽ നിന്നുമുള്ള വനിതാ സ്ഥാനാർത്ഥികളുടെ വിജയശതമാനം ഉയർന്ന നിലയിലായിരുന്നു. രണ്ട് പാർട്ടികളിൽ നിന്നുമുള്ള 22 വനിതാ സ്ഥാനാർത്ഥികളിൽ 59 ശതമാനം പേരും വിജയിച്ചു. 2012ൽ 51ആയിരുന്നു വിജയശതമാനം.

അതേസമയം, സ്ത്രീകൾക്ക് 33 ശതമാനം സംവരണം നൽകുന്ന ബിൽ തങ്ങളുടെ പാർട്ടി പാർലമെന്റിൽ അവതരിപ്പിച്ചെന്നും എന്നാൽ അത് ബിജെപി അംഗീകരിച്ചില്ലെന്നും കോൺഗ്രസ് സ്ഥാനാർത്ഥി അമി റാവത് പറഞ്ഞു. ''സ്ത്രീകൾക്ക് 33% സംവരണം നൽകുന്ന ബിൽ പാർലമെന്റിൽ പാസാക്കുമ്പോൾ സ്ത്രീകളുടെ പ്രാതിനിധ്യം വർധിക്കും. സ്ത്രീകൾ വീടിന് പുറത്തിറങ്ങാത്ത കാലത്ത് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ കോൺഗ്രസ് സ്ത്രീകളെ ഉൾപ്പെടുത്തി. വികസിത രാജ്യങ്ങളിൽ പോലും സ്ത്രീകൾക്ക് അവരുടെ വോട്ടവകാശത്തിനായി പോരാടേണ്ടിവന്നിട്ടുണ്ട്''- അമി റാവത് പറഞ്ഞു.

എന്നാൽ രാഷ്ട്രപതി ഉൾപ്പെടെയുള്ള പ്രധാന സ്ഥാനങ്ങൾ സ്ത്രീകൾക്ക് നൽകിക്കൊണ്ട് തങ്ങളുടെ പാർട്ടി ഇതിനകം തന്നെ അത് ചെയ്തുകൊണ്ടിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന വനിതാ വിഭാഗം മേധാവി ദീപികബെൻ സർവദ പറഞ്ഞു. നിയമസഭകളിലും ലോക്‌സഭയിലും സ്ത്രീകൾക്ക് 33% സംവരണം വേണമെന്ന കോൺഗ്രസിന്റെ ആവശ്യം പുരുഷ പാർട്ടി പ്രവർത്തകരോടുള്ള അനീതിയാണെന്നും അവർ പറഞ്ഞു.

ആം ആദ്മി പാര്‍ട്ടിയില്‍ 182 സ്ഥാനാര്‍ത്ഥികളില്‍ ആറ് പേർ മാത്രമാണ് വനിതാ സ്ഥാനാർത്ഥികൾ. ഇവരിൽ മൂന്ന് പേർ പട്ടികവർഗ സംവരണ സീറ്റുകളിലാണ് മത്സരിക്കുന്നത്. 13 സീറ്റുകളിൽ മത്സരിക്കുന്ന ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തെഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) മുസ്ലീം, ദളിത് വിഭാഗങ്ങളില്‍ നിന്നായി രണ്ട് വനിതാ സ്ഥാനാർത്ഥികളെയാണ് മത്സരിപ്പിക്കുന്നത്. 101 സീറ്റുകളില്‍ മത്സരിക്കുന്ന ബിഎസ്പി 13 വനിതാ സ്ഥാനാർത്ഥികളെയാണ് രംഗത്തിറക്കുന്നത്.

logo
The Fourth
www.thefourthnews.in