'ഓപ്പറേഷൻ കാവേരി' അവസാനിച്ചു; ഇന്ത്യയില്‍ തിരിച്ചെത്തിച്ചത് 3,862 പേരെ
ആഭ്യന്തര സംഘർഷം രൂക്ഷമായ സുഡാനിൽ അകപ്പെട്ട ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്ന 'ഓപ്പറേഷൻ കാവേരി' അവസാനിച്ചു. ആകെ 3,862 പേരെ രക്ഷപ്പെടുത്തി തിരിച്ചെത്തിച്ചു. ജിദ്ദയിലെ ഒരു സ്‌കൂളിൽ ഏർപ്പെടുത്തിയ യാത്രാ, താമസ സൗകര്യവും അവസാനിപ്പിച്ചതായി സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇന്ന് രാവിലെ ഇന്ത്യൻ വ്യോമസേനയുടെ (ഐഎഎഫ്) സി 130 ജെ വിമാനത്തിൽ അവസാനത്തെ 47 പേരെ കൂടി തിരികെയെത്തിച്ചതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അറിയിച്ചു.
അപകടകരമായ സാഹചര്യങ്ങളിൽ യാത്രക്കാരെ മാറ്റുന്നത് സങ്കീർണമായ ജോലിയായിരുന്നു, സഹകരിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നു എന്ന് എസ് ജയശങ്കർ ട്വീറ്റ് ചെയ്തു.
"വിദേശത്തുള്ള എല്ലാ ഇന്ത്യക്കാരുടെയും സുരക്ഷ ഉറപ്പാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിബദ്ധതയാണ് ഞങ്ങളുടെ പ്രചോദനം. അപകടകരമായ സുരക്ഷാ സാഹചര്യങ്ങളിൽ രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ നിന്ന് പോർട്ട് സുഡാനിലേക്ക് യാത്രക്കാരെ മാറ്റുന്നത് സങ്കീർണമായ ഒരു ജോലിയായിരുന്നു. 17 ഇന്ത്യൻ എയർഫോഴ്സ് വിമാനങ്ങളും 5 ഇന്ത്യൻ നേവി കപ്പലും വഴി ആളുകളെ പോർട്ട് സുഡാനിൽ നിന്ന് സൗദി അറേബ്യയിലെ ജിദ്ദയിലെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. സുഡാനുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിലൂടെ 86 പൗരന്മാരെ ഒഴിപ്പിച്ചു."
"വാദി സയ്യിദ്‌നയിൽ നിന്നും അപകടസാധ്യതകൾക്കിടയിലും പുറപ്പെട്ട വിമാനങ്ങളും അംഗീകാരം അർഹിക്കുന്നു. ജിദ്ദയിൽ നിന്ന് വ്യോമസേനയും വാണിജ്യ വിമാനങ്ങളും ആളുകളെ തിരികെ നാട്ടിൽ എത്തിച്ചു. അവർക്ക് ആതിഥ്യമരുളിയതിനും ഈ പ്രക്രിയ സുഗമമാക്കിയതിനും സൗദി അറേബ്യയോട് ഞങ്ങൾ നന്ദിയുള്ളവരാണ്. ചാഡ്, ഈജിപ്ത്, ഫ്രാൻസ്, സൗത്ത് സുഡാൻ, യുഎഇ, യുകെ, യുഎസ്എ, എന്നീ രാജ്യങ്ങളുടെ പിന്തുണയ്ക്കും ഞങ്ങൾ നന്ദി അറിയിക്കുന്നു. " അദ്ദേഹം കുറിച്ചു. കേന്ദ്ര സഹമന്ത്രി വി മുരളീധരനായിരുന്നു രക്ഷാദൗത്യത്തിന്റെ ഏകോപന ചുമതല. അദ്ദേഹത്തിന്റെ പ്രവർത്തങ്ങളെയും വിദേശകാര്യ മന്ത്രി പ്രത്യേകം പരാമർശിച്ചിട്ടുണ്ട്.
"#ഓപ്പറേഷൻ കാവേരിയിൽ പങ്കെടുത്ത എല്ലാവരുടെയും സ്ഥിരോത്സാഹത്തെയും ധൈര്യത്തെയും അഭിനന്ദിക്കുന്നു. ഈ ദുഷ്‌കരമായ സമയത്തും ഞങ്ങളുടെ ഖാർതൂമിലെ എംബസി അസാധാരണമായ അർപ്പണബോധമാണ് കാണിച്ചത്. സൗദി അറേബ്യയിൽ നിലയുറപ്പിച്ചിരിക്കുന്ന #TeamIndia-യും ഇന്ത്യയിൽ MEA റാപ്പിഡ് റെസ്‌പോൺസ് സെല്ലും ഏകോപിപ്പിക്കുന്ന ശ്രമങ്ങൾ പ്രശംസനീയമാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.