ഓപ്പറേഷന്‍ കാവേരി: സുഡാനിലെ ഇന്ത്യക്കാരുമായി ആദ്യ വിമാനം ഇന്നുച്ചയ്ക്ക് എത്തും
ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സുഡാനില്‍ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള രക്ഷാ ദൗത്യത്തിന് ഇന്ന് തുടക്കം. മൂവായിരത്തോളം ഇന്ത്യക്കാരെ സുഡാനില്‍നിന്ന് സുരക്ഷിതമായി ഒഴിപ്പിക്കുകയെന്നതാണ് ഓപ്പറേഷന്‍ കാവേരിയുടെ ലക്ഷ്യം. അഞ്ഞൂറോളം പേരെ ഇതിനോടകം തുറമുഖ നഗരമായ പോർട്ട് സുഡാനിൽ എത്തിച്ചിട്ടുണ്ട്.
ഒഴിപ്പിക്കല്‍ ദൗത്യത്തെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് ഏകോപിപ്പിക്കുക. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിര്‍ദേശപ്രകാരമാണ് രക്ഷാപ്രവര്‍ത്തനത്തിന് വി മുരളീധരന്‍ നേതൃത്വം നല്‍കുന്നത്. വി മുരളീധരന്‍ രാവിലെ ജിദ്ദയിലെത്തുന്നതിന് പിന്നാലെ ആദ്യ വിമാനം ഇന്ത്യയിലേക്ക് തിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊച്ചിയിലെ യുവം വേദിയില്‍വച്ചാണ് പ്രധാനമന്ത്രി ദൗത്യത്തിന്റെ ചുമതല വി മുരളീധരനെ ഏല്‍പ്പിച്ചതായി പ്രഖ്യാപിച്ചത്.
ദൗത്യത്തിന്റെ ഭാഗമാകാന്‍ നാവികസേനയുടെ ഐഎന്‍എസ് സുമേധയും സുഡാന്‍ തുറമുഖത്ത് എത്തിയിട്ടുണ്ട്. വ്യോമസേനയുടെ സി 130 ജെ വിമാനം സൗദി അറേബ്യയിലെ ജിദ്ദ വിമാനത്താവളത്തില്‍ തയ്യാറായിരിക്കുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അതേസമയം, സൈനിക അര്‍ദ്ധസൈനിക വിഭാഗം മൂന്ന് ദിവസത്തെ വെടിനിര്‍ത്തലിന് തയാറായതായി അമേരിക്കന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. ഏപ്രില്‍ 24 അര്‍ദ്ധരാത്രി മുതല്‍ 72 മണിക്കൂറത്തേയ്ക്കാണ് വെടിനിര്‍ത്തലിന് ആഹ്വാന ചെയ്തിരിക്കുന്നത്.
10 ദിവസമായി തുടരുന്ന ആഭ്യന്തര സംഘര്‍ഷത്തില്‍ ഇതുവരെ 427 പേരെങ്കിലും മരിച്ചതായാണ് യുഎന്നിന്‍റെ കണക്ക്. 3700 പേര്‍ക്കെങ്കിലും പരുക്കേറ്റതായും യുഎന്‍ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുദ്ധം സുഡാന്റെ മുഴുവന്‍ പ്രദേശങ്ങളേയും വിഴുങ്ങുമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറസും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഭക്ഷണത്തിനും വെള്ളത്തിനും മരുന്നിനുമായി സാധാരണക്കാര്‍ ബുദ്ധിമുട്ടുകയാണെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സുഡാനില്‍ കുടുങ്ങിക്കിടക്കുന്ന നാലായിരത്തോളം ഇന്ത്യക്കാരെ സുരക്ഷിതമായി തിരിച്ചെത്തിക്കാന്‍ രണ്ട് സി 130 ജെ വിമാനങ്ങള്‍ ജിദ്ദ വിമാനത്താവളത്തിലും ഇന്ത്യന്‍ നാവികസേനയുടെ കപ്പല്‍ ഐഎന്‍എസ് സുമേധ തുറമുഖ നഗരമായ പോര്‍ട്ട് സുഡാനിലും സജ്ജമാണെന്ന് ഞായറാഴ്ച വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച ഫ്രാന്‍സ് അഞ്ച് ഇന്ത്യക്കാരെ രക്ഷിച്ച് ജിബൂട്ടിയിലെ ഫ്രാന്‍സ് സൈനികതാവളത്തിൽ എത്തിച്ചു. ശനിയാഴ്ച സൗദി അറേബ്യ അവരുടെ പൗരന്‍മാര്‍ക്കൊപ്പം 12 ഇന്ത്യക്കാരെ ജിദ്ദയിലെത്തിച്ചിരുന്നു.
സുഡാന്‍ തലസ്ഥാനമായ ഖാര്‍ത്തൂം കേന്ദ്രീകരിച്ച് സംഘര്‍ഷം രൂക്ഷമായി തുടരുകയാണ്. നിലവില്‍ വ്യോമാതിര്‍ത്തി അടച്ചിട്ടിരിക്കുന്നതിനാല്‍ വിമാനമാര്‍ഗമുള്ള രക്ഷാപ്രവര്‍ത്തനം പ്രായോഗികമല്ല. അതിനാല്‍ കടല്‍മാര്‍ഗം പൗരന്മാരെ ജിദ്ദയിലെത്തിക്കാനാണ് നീക്കം. ജിദ്ദയില്‍നിന്ന് വ്യോമസേനാ വിമാനത്തില്‍ ഇന്ത്യയിലേക്ക് കൊണ്ടുവരും. രണ്ട് ദിവസത്തിനുള്ളില്‍ രക്ഷാദൗത്യമുണ്ടാകുമെന്ന് സുഡാനിലെ ഇന്ത്യക്കാര്‍ക്ക് എംബസി അറിയിപ്പ് നല്‍കിയിരുന്നു. ഖാര്‍ത്തൂമില്‍നിന്ന് ബസ് മാര്‍ഗമാണ് പൗരന്മാരെ പോര്‍ട്ട് സുഡാനിലെത്തിച്ചത്. ഇവിടെനിന്ന് കപ്പല്‍മാര്‍ഗം ഒരു ദിവസം കൊണ്ട് ജിദ്ദയിലേക്ക് ഇവരെ എത്തിക്കാനാകും.