പ്രധാനമന്ത്രി ദുരന്തമുഖത്ത്; രക്ഷാദൗത്യം പൂർത്തിയായെന്ന് റെയിൽവെ; സർക്കാരിന് വീഴ്ചയെന്ന് പ്രതിപക്ഷം

പ്രധാനമന്ത്രി ദുരന്തമുഖത്ത്; രക്ഷാദൗത്യം പൂർത്തിയായെന്ന് റെയിൽവെ; സർക്കാരിന് വീഴ്ചയെന്ന് പ്രതിപക്ഷം

അപകടത്തില്‍ മരിച്ച ബംഗാള്‍ സ്വദേശികളുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു
Updated on
1 min read

ഒഡിഷയിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായതായി റെയില്‍വെ അറിയിച്ചു. 261 പേര്‍ മരിച്ചെന്നും 900 പേര്‍ക്ക് പരുക്കേറ്റെന്നും ഒഡിഷ സര്‍ക്കാര്‍ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി അപകടസ്ഥലത്തെത്തി.

പ്രധാനമന്ത്രി ദുരന്തമുഖത്ത്; രക്ഷാദൗത്യം പൂർത്തിയായെന്ന് റെയിൽവെ; സർക്കാരിന് വീഴ്ചയെന്ന് പ്രതിപക്ഷം
തകര്‍ന്ന ട്രാക്കുകള്‍, തെറിച്ചുപോയ ബോഗികള്‍; ഒഡിഷ അപകടത്തിന്റെ ഭീകരത വെളിവാക്കി ആകാശ ദൃശ്യങ്ങള്‍

പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും മൂന്ന് ദിവസത്തിനകം ട്രെയിന്‍ ഗതാഗതം സാധാരണ നിലയിലാകുമെന്നും റെയില്‍വെ അറിയിച്ചു. അപകടത്തില്‍ മരിച്ച ബംഗാള്‍ സ്വദേശികളുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. അപകടസ്ഥലം സന്ദര്‍ശിച്ച മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ് പ്രഖ്യാപനം നടത്തിയത്. 21ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തമെന്ന് മമതാ ബാനര്‍ജി പ്രതികരിച്ചു. തമിഴ്നാട് സർക്കാരും അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

ഉന്നതലയോഗത്തിന് ശേഷമാണ് പ്രധാനമന്ത്രി ഒഡിഷയിലേക്ക് തിരിച്ചത്. ദുരന്ത സ്ഥലത്ത് ഹെലികോപ്റ്ററിലെത്തിയ പ്രധാനമന്ത്രി അശുപത്രിയിലെത്തി ചികിത്സയിലുള്ളവരെയും സന്ദര്‍ശിക്കും. റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവിനെ കൂടാതെ കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാനും ഒഡിഷയിലുണ്ട്. തിരിച്ചറിഞ്ഞവരുടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറുകയോ അവര്‍ യാത്ര ചെയ്തിരുന്ന ഇടത്തേക്ക് അയക്കുകയോ ചെയ്‌തെന്ന് അധികൃതര്‍ അറിയിച്ചു.

അപകടം സര്‍ക്കാരിന്‌റെ വീഴ്ചയെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ വിമര്‍ശനം. ജാഗ്രത കാട്ടതിരുന്നതാണ് മരണസംഖ്യ ഉയരാന്‍ കാരണമായതെന്നും കേന്ദ്രം റെയില്‍വെയെ തകര്‍ത്തെന്നും മുന്‍ റെയില്‍വെ മന്ത്രിയും ആര്‍ജെഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവ് കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയോടും റെയില്‍വെമന്ത്രിയോടും നിരവധി ചോദ്യങ്ങള്‍ ചോദിക്കാനുണ്ടെന്നും ഇപ്പോള്‍ പ്രാധാന്യം നല്‍കേണ്ടത് രക്ഷാപ്രവര്‍ത്തനത്തിനായതിനാല്‍ അതിന് മുതിരുന്നില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. ഏകോപനമുണ്ടായില്ലെന്ന കുറ്റപ്പെടുത്തലാണ് മമത ബാനര്‍ജി ഉന്നയിച്ചത്.

ബാലസോര്‍ ജില്ലയിലെ ബഹനാഗ സ്‌റ്റേഷനില്‍ ഇന്നലെ വൈകീട്ടോടെയാണ് മൂന്ന് ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്. ബെഗളൂരു- ഹൗറ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസും ഷാലിമാര്‍- ചെന്നൈ സെന്‍ട്രല്‍ കോറമണ്ഡല്‍ എക്‌സ്പ്രസും ഒരു ചരക്ക് തീവണ്ടിയുമാണ് അപകടത്തില്‍ പെട്ടത്. എന്‍ഡിആര്‍എഫിന് പുറമെ, സൈന്യവും ഒഡിഷ ദുരന്ത നിവാരണ സേനയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. സിഗ്നല്‍ തകരാറാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ഇന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in