സെന്‍സര്‍ഷിപ്പിനെതിരെ ചോദ്യങ്ങൾ ; ബിബിസി ഡോക്യുമെന്ററി വിവാദത്തില്‍ പ്രതിപക്ഷ നേതാക്കളുടെ ട്വീറ്റ്
ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രതിക്കൂട്ടിലാക്കി ബിബിസി നിര്‍മിച്ച ഡോക്യുമെന്ററിയുടെ ലിങ്കുകള്‍ നീക്കം ചെയ്യുന്നതിൽ കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാക്കള്‍ രംഗത്ത്. ഡോക്യുമെന്ററിയുടെ ലിങ്കുകള്‍ ട്വിറ്ററില്‍ പങ്കുവെച്ചു കൊണ്ടായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ് എംപി മാരായ മഹുവ മൊയ്ത്രയും ഡെറക് ഒബ്രിയാനും പ്രതിഷേധിച്ചത്. ' ക്ഷമിക്കണം, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തില്‍ തിരഞ്ഞെടുക്കപ്പെട്ടത് സെന്‍ഷര്‍ഷിപ്പിനെ അംഗീകരിക്കാനല്ല. ഇന്ത്യയില്‍ ആരും ബിബിസിയുടെ ഡോക്യുമെന്ററി കാണാതിരിക്കാന്‍ സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുകയാണ്. രാജ്യത്തിന്റെ ചക്രവര്‍ത്തി അരക്ഷിതാവസ്ഥയില്‍ ആയതില്‍ ലജ്ജിക്കുന്നു' മെഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു.
താന്‍ പങ്കുവെച്ച ഡോക്യുമെന്ററി ലിങ്ക് ലക്ഷക്കണക്കിന് പേര്‍ കണ്ടതിന് ശേഷം പിന്‍വലിക്കപ്പെട്ടതായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറക് ഒബ്രിയാന്‍ ട്വീറ്റ് ചെയ്തു. ബിബിസിയുടെ ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി പ്രധാനമന്ത്രി ന്യൂനപക്ഷങ്ങളെ എങ്ങനെ വെറുക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണെന്നും ഡെറക് ഒബ്രിയാന്‍ ആരോപിച്ചു.
അതേസമയം ബിബിസിയുടെ ഡോക്യുമെന്ററിക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി നിയമമന്ത്രി കിരണ്‍ റിജിജു രംഗത്ത് എത്തി. രാജ്യത്തെ ചില ആളുകള്‍ ഇപ്പോഴും കൊളോണിയല്‍ ലഹരിയില്‍ നിന്ന് മുക്തരായിട്ടില്ല. അവര്‍ ബിബിസിയെ രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തിന് മുകളിലായി പരിഗണിക്കുകയാണെന്നും തങ്ങളുടെ യജമാനന്മാരെ പ്രീതിപ്പെടുത്താന്‍ രാജ്യത്തിന്റെ അന്തസ്സും പ്രതിച്ഛായയും താഴ്ത്തിക്കെട്ടുകയാണെന്നും ആരോപിച്ചു.
ഗുജറാത്ത് കലാപത്തെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിയുടെ ലിങ്കുകള്‍ കഴിഞ്ഞ ദിവസമാണ് യൂട്യൂബും ട്വിറ്ററും നീക്കം ചെയ്തത്. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിര്‍ദേശത്തെത്തുടര്‍ന്നായിരുന്നു നടപടി. രാജ്യത്തെ ലോകത്തിന് മുന്നില്‍ മോശമാക്കുന്നതാണ് ഡോക്യുമെന്ററിയെന്നാണ് വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിലപാട്. ഡോക്യുമെന്ററി വസ്തുനിഷ്ഠമല്ലെന്നും കോളോണിയല്‍ ചിന്താഗതിയെ പ്രതിഫലിപ്പിക്കുന്നതാണെന്നും കേന്ദ്രം ആരോപിക്കുന്നു