'ക്രമസമാധാനം പാലിക്കുന്നതിൽ യോഗി തികഞ്ഞ പരാജയം'; അതിഖ് അഹമ്മദിന്റെ കൊലപാതകത്തില്‍ ആഞ്ഞടിച്ച് പ്രതിപക്ഷം

'ക്രമസമാധാനം പാലിക്കുന്നതിൽ യോഗി തികഞ്ഞ പരാജയം'; അതിഖ് അഹമ്മദിന്റെ കൊലപാതകത്തില്‍ ആഞ്ഞടിച്ച് പ്രതിപക്ഷം

പോലീസ് സുരക്ഷയിലുണ്ടായിരുന്ന ഇരുവരെയും കൊലപ്പെടുത്തിയത് സംസ്ഥാനത്തെ കുറ്റകൃത്യങ്ങളുടെ തോത് ഏറ്റവും ഉയർന്ന നിലയിലാണെന്നാണ് തെളിയിക്കുന്നതെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്
Updated on
1 min read

സമാജ്‌വാദി പാർട്ടി മുൻ എംപിയും ഗുണ്ടാത്തലവനുമായ അതിഖ് അഹമ്മദും സഹോദരനും കൊല്ലപ്പെട്ട സംഭവത്തിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ കക്ഷികൾ. പോലീസ് സുരക്ഷയിലുണ്ടായിരുന്ന ഇരുവരെയും കൊലപ്പെടുത്തിയത് സംസ്ഥാനത്തെ കുറ്റകൃത്യങ്ങളുടെ തോത് ഏറ്റവും ഉയർന്ന നിലയിലാണെന്നാണ് തെളിയിക്കുന്നതെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു. അതിഖ് അഹ്മദിന്റെ മകനെയും കഴിഞ്ഞ ദിവസം ഉത്തർപ്രദേശ് പോലീസ് ഏറ്റുമുട്ടലിൽ വധിച്ചിരുന്നു. അതിന് പിന്നാലെയാണ് മാധ്യമങ്ങളോട് സംസാരിക്കവെ പൊതുമധ്യത്തിൽ അതിഖും കൊല്ലപ്പെടുന്നത്.

"യുപിയിൽ കുറ്റകൃത്യങ്ങൾ അതിന്റെ പാരമ്യത്തിലെത്തിയിരിക്കുകയാണ്. പോലീസിന്റെ സുരക്ഷാ വലയത്തിനിടയിൽ ഒരാളെ പരസ്യമായി വെടിവച്ച് കൊല്ലാൻ കഴിഞ്ഞെങ്കിൽ പൊതുജനങ്ങൾക്ക് എന്താണ് സുരക്ഷ? ചിലർ ബോധപൂർവം ജനങ്ങൾക്കിടയിൽ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയാണ്," കൊലപാതകം നടന്നതിന് പിന്നാലെ അഖിലേഷ് ട്വിറ്ററിൽ കുറിച്ചു.

എഐഎംഐഎം നേതാവും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഒവൈസിയും യോഗി ആദിത്യനാഥ് സർക്കാരിനെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയിരുന്നു. ക്രമസമാധാനം പാലിക്കുന്നതിൽ യോഗി തികഞ്ഞ പരാജയമാണെന്നതിന്റെ ഉദാഹരണമാണ് സംഭവമെന്ന് ഒവൈസിയും പ്രതികരിച്ചു. ഏറ്റുമുട്ടൽ രാജിനെ കൊണ്ടാടുന്നവരും ഈ കൊലപാതകത്തിന് തുല്യ ഉത്തരവാദികളാണെന്നും ഹൈദരാബാദ് എംപി അസദുദ്ദീൻ ഒവൈസി പറഞ്ഞു.

കൊലപാതകികൾക്ക് നായകപരിവേഷം നൽകുന്ന സമൂഹത്തിൽ കോടതിയും നീതിനിർവഹണ സംവിധാനങ്ങളും എന്തിനാണെന്ന് ഒവൈസി ചോദിച്ചു. "അതിഖും സഹോദരനും കൊല്ലപ്പെടുമ്പോൾ പോലീസ് കസ്റ്റഡിയിലായിരുന്നു. കൈവിലങ്ങുകളും അണിയിച്ചിരുന്നു. ജയ്‌ശ്രീറാം എന്ന മുദ്യാവാക്യവും ഉയർന്നു. ക്രമസമാധാന പാലനത്തിലെ പരാജയത്തിന്റെ ഉദാഹരമാണ് ഈ കൊലപാതകം," ഒവൈസി ട്വിറ്ററിൽ പ്രതികരിച്ചു.

അതിഖ് അഹമ്മദിനെയും സഹോദരൻ അഷ്‌റഫിനെയും കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേരെ ഇതുവരെ കസ്റ്റഡിയിലെടുത്തിരുന്നു. പ്രയാഗ്‌റാജിലെ മെഡിക്കൽ കോളേജിലേക്ക് വൈദ്യ പരിശോധനയ്ക്ക് എത്തിച്ച അതീഖും സഹോദരനും പോലീസ് ജീപ്പിൽ നിന്നിറങ്ങി നടന്നുപോകവേ മാധ്യമങ്ങളോട് സംസാരിക്കവെ ക്യാമറകൾക്ക് മുന്നിലായിരുന്നു കൊലപാതകം. മാധ്യമപ്രവർത്തകരെന്ന വ്യാജേനയെത്തിയവരാണ് ഇരുവർക്കും നേരെ വെടിയുതിർത്തത്. ആദ്യം അതിഖിന് നേരെയും തുടർന്ന് സഹോദരന് നേരെയും അക്രമികൾ വെടിയുതിർത്തു.

'ക്രമസമാധാനം പാലിക്കുന്നതിൽ യോഗി തികഞ്ഞ പരാജയം'; അതിഖ് അഹമ്മദിന്റെ കൊലപാതകത്തില്‍ ആഞ്ഞടിച്ച് പ്രതിപക്ഷം
അതിഖ് അഹമ്മദിന്റെ കൊലപാതകം: യുപിയിലുടനീളം നിരോധനാജ്ഞ

ലവ് ലേഷ് തിവാരി, സണ്ണി, അരുൺ മൗര്യ എന്നിവരാണ് പിടിയിലായത്. ഉമേഷ് പാൽ വധക്കേസിൽ പോലീസ് കസ്റ്റഡിയിൽ കഴിഞ്ഞിരുന്ന ഇരുവരുടെയും വൈദ്യ പരിശോധന ദിവസേന നടത്തണമെന്ന കോടതി നിർദേശത്തെ തുടർന്നായിരുന്നു ആശുപത്രിയിൽ എത്തിച്ചത്.

താനും ഏതുനിമിഷവും കൊ​ല്ല​പ്പെ​ടാമെന്ന് റി​മാ​ൻ​ഡി​ലു​ള്ള അതിഖ് നേ​ര​ത്തേ കോ​ട​തി​യി​ൽ വ​ച്ച് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞി​രു​ന്നു. ഉമേഷ് പാൽ വധക്കേസ് പ്രതിയായിരുന്ന അതിഖിന്റെ മകൻ അസദ് ഝാ​ൻ​സി​യി​ൽ പ്ര​ത്യേ​ക ദൗ​ത്യ സം​ഘ​വു​മാ​യു​ള്ള (എ​സ്.​ടി.​എ​ഫ്) ഏ​റ്റു​മു​ട്ട​ലി​ൽ കൊല്ലപ്പെട്ടതായി യു പി പൊലീസ് വ്യാഴാഴ്ച അറിയിച്ചിരുന്നു. എന്നാലിത് വ്യാജ ഏറ്റുമുട്ടലാണെന്ന് എസ്പിയും ബിഎസ്പിയും ആരോപിച്ചിരുന്നു.

logo
The Fourth
www.thefourthnews.in