2024 ൽ ജനങ്ങൾ അത്ഭുതപ്പെടും, പ്രതിപക്ഷം ഒറ്റക്കെട്ട്: രാഹുൽ ഗാന്ധി
വരാനിരിക്കുന്ന ലോക്‍സഭാ തിരഞ്ഞെടുപ്പ് ഫലം രാജ്യത്തെ അത്ഭുതപ്പെടുത്തുന്നതാകുമെന്ന് രാഹുൽ ഗാന്ധി. രണ്ട് വർഷത്തിനുള്ളിൽ കോൺഗ്രസ് മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നും പ്രതിപക്ഷം ഒറ്റക്കെട്ടാണെന്നും രാഹുൽ വ്യക്തമാക്കി. യുഎസ് പര്യടനത്തിനിടെ വാഷിങ്ടണിലെ നാഷണൽ പ്രസ് ക്ലബ്ബിൽ നടത്തിയ അഭിമുഖത്തിലാണ് പ്രതിപക്ഷ ഐക്യത്തെക്കുറിച്ച് അദ്ദേഹം പ്രതീക്ഷ പങ്കുവച്ചത്. മുസ്ലിം ലീഗ് പൂര്‍ണമായും മതേതര പാര്‍ട്ടിയാണെന്നും രാഹുൽ പറഞ്ഞു.
"കോൺഗ്രസ് അടുത്ത രണ്ട് വർഷത്തിനിടയിൽ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുമെന്നാണ് ഞാൻ കരുതുന്നത്. അതിന്റെ പ്രവർത്തനങ്ങൾ ആളുകളെ അത്ഭുതപ്പെടുത്തുന്നതാകും. അടുത്ത മൂന്നോ നാലോ സംസ്ഥാന തിരഞ്ഞെടുപ്പുകൾ കാത്തിരുന്ന് കാണുക. എന്താണ് സംഭവിക്കാൻ പോകുന്നതെന്നതിന്റെ മികച്ച സൂചനകളാവും അവ," കർണാടക തിരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടി രാഹുൽ പറഞ്ഞു.
പ്രതിപക്ഷം മികച്ച ഐക്യത്തിലാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. "പ്രതിപക്ഷം വളരെ നന്നായി ഐക്യപ്പെട്ടിരിക്കുന്നു. അത് കൂടുതൽ ഐക്യപ്പെടുന്നതായി ഞാൻ കരുതുന്നു. ഞങ്ങൾ എല്ലാ പ്രതിപക്ഷ പാർട്ടികളുമായും സംഭാഷണം നടത്തുകയാണ്. ഒരുപാട് നല്ല കാര്യങ്ങൾ നടക്കുന്നുണ്ട്. ഇതൊരു സങ്കീർണമായ ചർച്ചയാണ്. കാരണം ഞങ്ങളും മറ്റ് പ്രതിപക്ഷ പാർട്ടികളുമായി മത്സരിക്കുന്ന ഇടങ്ങളുണ്ട്. അതിനാൽ, ഇത് ആവശ്യാനുസരണം കുറച്ച് കൊടുക്കലുകളും വാങ്ങലുകളുമാണ്. പക്ഷേ ഐക്യം സംഭവിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്," രാഹുൽ കൂട്ടിച്ചേർത്തു.
മുസ്ലിം ലീഗ് പൂര്‍ണമായും മതേതര പാര്‍ട്ടിയാണെന്ന് രാഹുൽ ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ലീഗിൽ മതേതരമല്ലാത്ത ഒന്നുമില്ല. ഈ ചോദ്യം ഉന്നയിച്ചയാൾ ലീഗിനെക്കുറിച്ച് പഠിച്ചിട്ടില്ലെന്ന് തോന്നുന്നുവെന്നും രാഹുൽ പറഞ്ഞു. കേരളത്തില്‍ മുസ്ലിം ലീഗുമായുള്ള സഖ്യം ചൂണ്ടിക്കാട്ടിയായിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യം.
ഇന്ത്യയിലെ പത്ര, മതസ്വാതന്ത്ര്യം, ന്യൂനപക്ഷങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ, സമ്പദ്‌വ്യവസ്ഥ എന്നിവ ഉൾപ്പെടെയുള്ള ചോദ്യങ്ങൾക്കും രാഹുൽ ഗാന്ധി മറുപടി നൽകി. സർക്കാർ സംവിധാനങ്ങളെയും സ്ഥാപനങ്ങളെയും വരുതിയിലാക്കുന്ന കേന്ദ്ര സർക്കാർ നീക്കത്തെയും രാഹുൽ ഗാന്ധി രൂക്ഷമായി വിമർശിച്ചു.
10 ദിവസത്തെ സന്ദര്‍ശനത്തിനാണ് രാഹുല്‍ ഗാന്ധി അമേരിക്കയിലെത്തിയത്. കഴിഞ്ഞ ദിവസം സ്റ്റാൻഫഡ് യൂണിവേഴ്സിറ്റി ക്യാംപസിൽ നടത്തിയ പരിപാടിയിലും രാഹുൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ലോക്സഭയിൽ നിന്നും താൻ അയോഗ്യനാക്കപ്പെടുമെന്നു കരുതിയിരുന്നില്ലെന്നും എന്നാൽ അങ്ങനെ സംഭവിച്ചത് ജനങ്ങളെ സേവിക്കാനുള്ള വലിയ അവസരമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വിദേശപരിപാടികളിൽ രാഹുൽ രാജ്യത്തെ അപമാനിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്.