പ്രതിപക്ഷ പാര്‍ട്ടികളുടെ വിശാലയോഗം ഇന്ന് പട്നയിൽ; സീറ്റ് വിഭജന ഫോർമുല ചർച്ചയാകും, കെജ്രിവാളിനെ അനുനയിപ്പിക്കാൻ ശ്രമം
ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരായ ഐക്യമുന്നണി എന്ന ലക്ഷ്യത്തിനായി പ്രതിപക്ഷ പാര്‍ട്ടികളുടെ നിർണായക വിശാലയോഗം ഇന്ന് പട്നയിൽ. ഇരുപതിലേറെ പാര്‍ട്ടികളുടെ നേതാക്കളാകും യോഗത്തിന്റെ ഭാഗമാകുക. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പട്നയിലെ വസതിയിൽ 11 മണിയോടെ യോഗം ആരംഭിക്കും. ബിജെപിയെ പരാജയപ്പെടുത്താനാകുമെന്ന് പ്രതീക്ഷയുള്ള 450 സീറ്റുകളിലെങ്കിലും പൊതു സ്ഥാനാർഥിയെ ഉറപ്പാക്കുകയാണ് പ്രതിപക്ഷ നീക്കത്തിന്റെ ലക്ഷ്യം. ഇതിനായി സീറ്റ് വിഭജന ഫോർമുലകൾ പ്രധാന ചർച്ചയാകും.
പട്നയിലെത്തിയെങ്കിലും, ഡൽഹി സർക്കാരിനെതിരെ കേന്ദ്രം കൊണ്ടുവന്ന ഓർഡിനൻസിൽ കോൺഗ്രസ് നിലപാടെടുക്കുന്നില്ലെങ്കിൽ യോഗത്തിനെത്തില്ലെന്ന നിലപാടിലാണ് കെജ്രിവാൾ. ഇതിന്റെ അടിസ്ഥാനത്തിൽ കെജ്രിവാളിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ യോഗത്തിന് മുന്നോടിയായി നടക്കുന്നുണ്ട്.
രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവരാകും കോൺഗ്രസിൽ നിന്ന് യോഗത്തിൽ പങ്കെടുക്കുക. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി, തമിഴ്നാട് മുഖ്യമന്ത്രിയും ദ്രാവിഡ മുന്നേറ്റ കഴകം നേതാവുമായ എം കെ സ്റ്റാലിൻ, സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, എൻസിപി നേതാവ് ശരദ് പവാർ, പഞ്ചാബ് മുഖ്യമന്ത്രിയും എഎപി നേതാവുമായ ഭഗവന്ത് മാൻ, ജാർഖണ്ഡ് മുഖ്യമന്ത്രിയും ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) നേതാവുമായ ഹേമന്ത് സോറൻ തുടങ്ങി പ്രമുഖ നേതാക്കളെല്ലാം യോഗത്തിന്റെ ഭാഗമാകും.
ജമ്മു കശ്മീർ പിഡിപി നേതാവ് മെഹബൂബ മുഫ്തി, സിപിഐ (എംഎൽ) ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ തുടങ്ങിയവരെല്ലാം വ്യാഴാഴ്ച തന്നെ പട്നയിലെത്തി.
മായാവതിയുടെ ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) പ്രതിപക്ഷ യോഗത്തിൽ പങ്കെടുക്കില്ല. പ്രതിപക്ഷ ഐക്യത്തിൽ ചേരാൻ താത്പര്യം പ്രകടിപ്പിക്കാത്തതിനാലാണ് ബിഎസ്‌പിയെ ക്ഷണിക്കാത്തതെന്ന് നിതീഷ് കുമാർ അറിയിച്ചിരുന്നു. രാഷ്ട്രീയ ലോക്ദൾ ചെയർമാൻ ജയന്ത് ചൗധരി വ്യക്തിപരമായ കാരണങ്ങളാൽ യോഗത്തിൽനിന്ന് വിട്ടുനിൽക്കുമെന്ന് വ്യക്തമാക്കി. ബിജെഡി, വൈഎസ്ആർ കോൺഗ്രസ് എന്നിവർക്കും യോഗത്തിന് ക്ഷണമില്ല. തെലങ്കാനയിൽ കോൺഗ്രസും ബിജെപിയും ഒരേപോലെ എതിരാളികളെന്ന വസ്തുത ചൂണ്ടിക്കാട്ടിയാണ് ബിആർഎസ് നേതാവ് ചന്ദ്രശേഖർ റാവു യോഗത്തിൽ നിന്നും വിട്ടുനിൽക്കുന്നത്.