'മോദിയുടെ സുഹൃത്തിന് വേണ്ടി പാര്‍ലമെന്റിനെയും നിശബ്ദമാക്കുന്നു'; പ്രതിപക്ഷ ബഹളത്തില്‍ ഇരുസഭകൾ ഇന്നും പ്രക്ഷുബ്ധം
ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം പാദത്തിന്റെ അഞ്ചാം ദിവസവും പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം. ഭരണപ്രതിപക്ഷ ബഹളത്തില്‍ പാര്‍ലമെന്റ് നടപടികള്‍ ഇന്നും തടസപ്പെട്ടു. അദാനി വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം ആവശ്യപ്പെട്ടായിരുന്നു ഇന്നും പ്രതിപക്ഷ ബഹളം. പ്ലക്കാര്‍ഡുകളുയര്‍ത്തി പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയതോടെ രാജ്യസഭയും ലോക്‌സഭയും ഉച്ചയ്ക്ക് രണ്ട് മണി വരെ പിരിഞ്ഞു.
പ്രതിപക്ഷത്ത് നിന്ന് പതിനാല് എംപിമാരാണ് അദാനി വിഷയത്തില്‍ ചര്‍ച്ചയാവശ്യപ്പെട്ട് രാജ്യസഭയില്‍ നോട്ടീസ് നല്‍കിയത്. 'നരേന്ദ്ര മോദി നാണക്കേട്, പാര്‍ലമെന്ററി സമിതി അന്വേഷണം വേണം' എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്ലാക്കാര്‍ഡുകളുയര്‍ത്തിയായിരുന്നു പ്രതിഷേധം. കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത് ജനാധിപത്യത്തിനെതിരായ ആക്രമണമാണെന്ന് കോണ്‍ഗ്രസ് സഭയില്‍ ആരോപിച്ചു. 'നേരത്തെ സഭയില്‍ മൈക്ക് ഓഫ് ചെയ്തിരുന്നുവെങ്കില്‍ ഇപ്പോള്‍ സഭയെ തന്നെ നിശബ്ദമാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. കേന്ദ്രത്തിന്റെ ഈ നീക്കം മോദിയുടെ സുഹൃത്തിന് വേണ്ടിയാണ്'- കോണ്‍ഗ്രസ് ട്വിറ്ററില്‍ കുറിച്ചു. കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കെ സി വേണുഗോപാല്‍ അവകാശ ലംഘന പ്രമേയം അവതരിപ്പിച്ചു.
അതേസമയം ലണ്ടന്‍ പ്രസംഗത്തില്‍ രാജ്യത്തെ അപമാനിച്ച രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യണമെന്നും ഇതിനായി പ്രത്യേക സമിതി രൂപീകരിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. അതിനിടെ രാഹുല്‍ ഗാന്ധിക്ക് നാളെ പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അനുമതി തേടിയെന്ന് കോണ്ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു. 'അനുവാദം ലഭിക്കുകയാണെങ്കില്‍ രാഹുല്‍ ഗാന്ധി നാളെ പാര്‍ലമെന്റില്‍ സംസാരിക്കും'- ഖാര്‍ഗെ മാധ്യമങ്ങളോട് പറഞ്ഞു.