മണിപ്പൂര്‍ സംഘര്‍ഷം പ്രധാനമന്ത്രിയോട് മൗനം വെടിയാന്‍ ആവശ്യപ്പെട്ട് പ്രതിപക്ഷത്തിന്റെ കത്ത്

മണിപ്പൂര്‍ സംഘര്‍ഷം പ്രധാനമന്ത്രിയോട് മൗനം വെടിയാന്‍ ആവശ്യപ്പെട്ട് പ്രതിപക്ഷത്തിന്റെ കത്ത്

മണിപ്പൂരിലെ ജനങ്ങള്‍ക്കോ അവിടുത്തെ എംഎല്‍എമാർക്കോ വേണ്ടി സമയം കണ്ടെത്താന്‍ പ്രധാനമന്ത്രിക്ക് കഴിയുന്നില്ലെന്നായിരുന്നു എംപി ജയറാം രമേശിന്റെ വിമര്‍ശനം
Updated on
2 min read

ഒരു മാസത്തിലേറെയായി മണിപ്പൂരില്‍ തുടരുന്ന വംശീയ കലാപത്തെ പരാമര്‍ശിച്ചുകൊണ്ട് കോണ്‍ഗ്രസടക്കമുള്ള പത്ത് പ്രതിപക്ഷപാര്‍ട്ടികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തയച്ചു. മണിപ്പൂര്‍ വിഷയത്തില്‍ നരേന്ദ്ര മോദി തുടരുന്ന മൗനത്തെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് കത്തിന്റെ പൂര്‍ണരൂപം ട്വീറ്റ് ചെയ്തു. മണിപ്പൂരിലെ ജനങ്ങള്‍ക്കോ അവിടുത്തെ എം എല്‍എ മാര്‍ക്കോ വേണ്ടി സമയം കണ്ടെത്താന്‍ പ്രധാനമന്ത്രിക്ക് കഴിയുന്നില്ലെന്നായിരുന്നു ജയറാം രമേശിന്റെ വിമര്‍ശനം.കൂടാതെ മണിപ്പൂരില്‍ പ്രശ്നം തുടരുന്ന സാഹചര്യത്തിലും അമേരിക്കയിലേക്ക് പോകുന്ന പ്രധാന മന്ത്രിയുടെ തീരുമാനത്തെയും അദ്ദേഹം കുറ്റപ്പെടുത്തി.

മെയ്‌തേയ് കുക്കി സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ ഡല്‍ഹിയിലേക്ക് യാത്ര തിരിച്ചിരുന്നു. പ്രധാനമന്ത്രിയുടെ യുഎസ് സന്ദര്‍ശനത്തിന് മുന്‍പായി സംസ്ഥാനത്തെ വിഷയം ചര്‍ച്ച ചെയ്യാനാണ് എന്‍ ബിരേന്‍ സിങ് ലക്ഷ്യമിടുന്നത്. അതിനിടെ, മണിപ്പൂരിലെ മേയ്തി വിഭാഗക്കാരായ ബിജെപി എംഎഎല്‍മാര്‍ ഡല്‍ഹിയിലെത്തി ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രധാനമന്ത്രിയെ കാണാന്‍ അനുമതി ലഭിച്ചിരുന്നില്ല. ഒടുവില്‍ ഇന്നാണ് മേയ്തി വിഭാഗത്തില്‍നിന്നുള്ള 30 എംഎല്‍എ മാർ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ധനമന്ത്രി നിര്‍മല സീതാരാമന്‍ എന്നിവരുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയത്. മണിപ്പൂരിന്റെ പ്രാദേശിക സ്വഭാവത്തില്‍ എന്തെങ്കിലും മാറ്റം വരുത്തുന്നത് അംഗീകരിക്കില്ലെന്ന് എംഎല്‍എമാര്‍ കേന്ദ്ര മന്ത്രിമാരെ ധരിപ്പിച്ചു. കുക്കി-സോമി വിമത ഗ്രൂപ്പുകളുമായുള്ള ത്രികക്ഷി കരാറില്‍ നിന്ന് കേന്ദ്രം പിന്മാറണമെന്നായിരുന്നു അവരുടെ ആവശ്യം.

മണിപ്പൂര്‍ വിഷത്തില്‍ പ്രധാനമന്ത്രി മൗനം തുടരുന്നതിനെതിരെ പ്രതിപക്ഷവും മണിപ്പൂരില്‍നിന്നുള്ള ബിജെപി അംഗങ്ങളും പ്രതിഷേധത്തിലാണ്. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ട്രൈബല്‍ ലീഡേഴ്‌സ് ഫോറം രംഗത്തെത്തിയിരുന്നു . ഞായറാഴ്ച ഇംഫാല്‍ വെസ്റ്റില്‍ മന്‍ കി ബാത്ത് പ്രക്ഷേപണത്തിനിടെ പ്രതിഷേധവുമായെത്തിയവര്‍ റേഡിയോ ട്രാന്‍സ്മിറ്ററുള്‍പ്പെടെ തകര്‍ത്തു. 'മന്‍ കി ബാത്ത് അല്ല, മണിപ്പൂര്‍ കി ബാത്ത്' ആണ് സംസാരിക്കേണ്ടതെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.

മണിപ്പൂര്‍ സംഘര്‍ഷം പ്രധാനമന്ത്രിയോട് മൗനം വെടിയാന്‍ ആവശ്യപ്പെട്ട് പ്രതിപക്ഷത്തിന്റെ കത്ത്
'സൈന്യത്തെ വിന്യസിക്കാൻ കോടതി ഉത്തരവിടേണ്ടതില്ല'; കുക്കി വിഭാഗത്തിന്റെ ഹർജി അടിയന്തരമായി പരിഗണിക്കാതെ സുപ്രീംകോടതി

മണിപ്പൂരില്‍ അന്തരീക്ഷം കലാപകലുഷിതമായ സാഹചര്യത്തില്‍ ഇംഫാല്‍ താഴ്വരയെ ബഫര്‍ സോണുകളാക്കി തിരിച്ച് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് സുരക്ഷാസേന. സംസ്ഥാനത്ത് വംശീയ കലാപം പൊട്ടിപുറപ്പെട്ടതിന് പിന്നാലെ ഏറ്റവും കൂടുതല്‍ ആക്രമണങ്ങളും കൊലപാതകങ്ങളും കൊള്ളയടികളുമുണ്ടായ മേഖലയായതിനാലാണ് ഇംഫാല്‍ താഴ്വരയിലേക്ക് സൈന്യം കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത്. സമാധാനം പുനഃസ്ഥാപിക്കുന്നത് വരെ മേയ്തി, കുക്കി വിഭാഗങ്ങള്‍ വ്യത്യസ്ത മേഖലകളില്‍ തുടരുന്നുവെന്ന് ഉറപ്പാക്കാനാണ് സൈന്യത്തിന്റെ ഇടപെടല്‍.

മണിപ്പൂര്‍ സംഘര്‍ഷം പ്രധാനമന്ത്രിയോട് മൗനം വെടിയാന്‍ ആവശ്യപ്പെട്ട് പ്രതിപക്ഷത്തിന്റെ കത്ത്
മണിപ്പൂരിന്റെ പ്രാദേശിക സ്വഭാവം നിലനിർത്തണം; കേന്ദ്രമന്ത്രിമാരെ കണ്ട് മേയ്തി എംഎല്‍എമാർ

അതേ സമയം മണിപ്പൂര്‍ കലാപത്തില്‍പ്പെട്ടുപോയ കുക്കികളുടെ സംരക്ഷണത്തിനായി, സൈന്യത്തെ വിന്യസിക്കണമെന്ന ഹര്‍ജിയില്‍ അടിയന്തരമായി വാദം കേള്‍ക്കാന്‍ സുപ്രീംകോടതി തയ്യാറായില്ല. സംസ്ഥാനത്ത് നിലനില്‍ക്കുന്നത് തീര്‍ത്തും ക്രമസമാധാനപാലനവുമായി ബന്ധപ്പെട്ട പ്രശ്‌നമാണെന്നും, കോടതി ഇടപെടേണ്ടതില്ലെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി.

logo
The Fourth
www.thefourthnews.in