തൊഴിലാളികളുടെ കണക്കുകള്‍ വ്യക്തമല്ല; റിമോട്ട് വോട്ടിങ് സംവിധാനം പ്രായോഗികമല്ലെന്ന് പ്രതിപക്ഷ പാർട്ടികൾ
ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മിഷൻ വിളിച്ച സർവകക്ഷിയോഗത്തില്‍ റിമോട്ട് വോട്ടിങ് സംവിധാനത്തെ എതിർക്കുമെന്ന് പ്രതിപക്ഷ പാർട്ടികൾ. മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. കോൺഗ്രസ്, ആർജെഡി, ജെഡിയു, ശിവസേന (താക്കറെ), സിപിഎം, സിപിഐ, നാഷണൽ കോൺഫറൻസ്, ജെഎംഎം, ആർഎസ്പി, വിസികെ, മുസ്ലീം ലീഗ്, പിഡിപി എന്നീ 12 പാർട്ടികളുടെ നേതാക്കൾ ഞായറാഴ്ച ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. രാജ്യത്തിനകത്ത് തന്നെയുള്ള പല പ്രദേശങ്ങളിലേക്കും കുടിയേറിയ തൊഴിലാളികൾക്ക് നാട്ടിലേക്ക് തിരിച്ചു വരാതെ വോട്ട് ചെയ്യുന്നതാണ് റിമോട്ട് വോട്ടിങ് സംവിധാനം. എന്നാൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇത് സംബന്ധിച്ച് പുറത്തിറക്കിയ പ്രസ്താവനയിലെ വ്യക്തതക്കുറവ് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ പാർട്ടികള്‍ എതിർപ്പ് ഉന്നയിക്കുന്നത്. പുതിയ സംവിധാനം പരിചയപ്പെടുത്തുന്നതിന് കമ്മിഷൻ തിങ്കളാഴ്ച യോഗം ചേരുമെന്ന് നേരത്തെ അറിയിച്ചിരുന്നു.
തിരഞ്ഞെടുപ്പ് കമ്മിഷൻ റിമോട്ട് വോട്ടിങ് സംവിധാനത്തെ കുറിച്ച് മുൻപോട്ട് വെച്ച നിർദേശം വ്യക്തമല്ലെന്നും ദിഗ്‌വിജയ് സിങ് പറഞ്ഞു. അതിൽ ഒരുപാട് രാഷ്ട്രീയ പൊരുത്തക്കേടുകളും പ്രശ്നങ്ങളുമുണ്ട്. കുടിയേറ്റ തൊഴിലാളികൾ ആരെന്നോ അവരുടെ എണ്ണമോ കൃത്യമായി പറഞ്ഞിട്ടില്ല. അതുകൊണ്ടാണ് തങ്ങൾ ഈ നിർദേശത്തെ എതിർക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളെക്കുറിച്ചുള്ള സംശയങ്ങളും ദിഗ്‌വിജയ് സിങ് പരാമർശിച്ചു. കഴിഞ്ഞ വർഷം മേയിൽ സംശയം ചൂണ്ടിക്കാട്ടി സിവിൽ സൊസൈറ്റി സമർപ്പിച്ച മെമ്മോറാണ്ടത്തോട് കമ്മീഷൻ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു. പാർട്ടികളെയെല്ലാം വിശ്വാസത്തിൽ എടുക്കാതെ കമ്മീഷന് ഇതുമായി മുന്നോട്ട് പോകാൻ കഴിയില്ലെന്നും ഏകപക്ഷീയമായ തീരുമാനം സാധ്യമല്ലെന്നും സിപിഐ ജനറൽ സെക്രട്ടറി ഡി രാജയും പറഞ്ഞു. തിങ്കളാഴ്ചത്തെ യോഗത്തിൽ പുതിയ സംവിധാനത്തെ കുറിച്ചുള്ള നിർണായക ചോദ്യങ്ങൾ പ്രതിപക്ഷം ഉയർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ പങ്കെടുത്തില്ലെങ്കിലും തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശത്തെ സമാജ്‌വാദി പാർട്ടിയും എൻസിപിയും തങ്ങൾക്കൊപ്പമാണെന്ന് അറിയിച്ചതായി ദിഗ്‌വിജയ് സിങ് പറഞ്ഞു. കൂടാതെ തൃണമൂൽ കോൺഗ്രസ്, ഡിഎംകെ, കേരള കോൺഗ്രസ് (എം), ആർഎൽഡി, എംഡിഎംകെ, എഎപി തുടങ്ങിയ പാർട്ടികളും ഇസിഐ നിർദേശത്തെ എതിർത്തുമെന്നാണ് കരുതുന്നത്.
എതിർപ്പ് രേഖപ്പെടുത്താനുള്ള അവസാന തീയതി ജനുവരി 31നാണ് എന്നിരിക്കെ ജനുവരി 25ന് വീണ്ടും പ്രതിപക്ഷ പാർട്ടികൾ യോഗം ചേരും. രേഖാമൂലമുള്ള എതിർപ്പ് കമ്മിഷന് മുൻപാകെ അറിയിക്കുന്നതിനെ സംബന്ധിച്ച തീരുമാനങ്ങൾ ചർച്ച ചെയ്യാനാണ് യോഗം.
രാജ്യത്തെ ജനസംഖ്യയിൽ പ്രായപൂർത്തിയായ മൂന്നിലൊന്ന് പൗരൻമാരും അവരുടെ വോട്ടവകാശം വിനിയോഗിക്കുന്നില്ലെന്ന ആശങ്കയെത്തുടർന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പുതിയ സംവിധാനമെന്ന ആശയം മുന്നോട്ട് വെച്ചത്. 2019ലെ പൊതുതിരഞ്ഞെടുപ്പിൽ 67.4% പോളിങ്ങാണ് രേഖപ്പെടുത്തിയത്. 30 കോടിയിലധികം വോട്ടർമാർ തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ചില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തിയിരിക്കുന്നത്.