സത്യം പറയുന്നവരെ വേട്ടയാടുന്നു; ബിബിസി റെയ്ഡിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം
ഡൽഹിയിലെയും മുംബൈയിലെയും ബിബിസി ഓഫീസുകളിൽ ആദായനികുതി റെയ്ഡ് നടത്തിയതിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം. ഹിൻഡൻബർഗ് റിസർച്ച് അദാനി ഗ്രൂപ്പിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണം വേണമെന്ന ആവശ്യമുയർന്നിട്ടും കേന്ദ്ര സർക്കാർ ബിബിസിക്ക് പിന്നാലെ പോകുകയാണെന്ന് പ്രതിപക്ഷം വിമർശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള രണ്ട് ഭാഗങ്ങളുള്ള ഡോക്യുമെന്ററി ബിബിസി പുറത്തിറക്കി ആഴ്ചകൾക്ക് ശേഷമാണ് ആദായനികുതി റെയ്ഡുകൾ നടക്കുന്നത്.
രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നാണ് കോൺഗ്രസ് പ്രതികരിച്ചു. അദാനി വിഷയത്തിൽ പ്രതിപക്ഷം സംയുക്ത പാർലമെന്ററി അന്വേഷണം ആവശ്യപ്പെടുമ്പോൾ സർക്കാർ ബിബിസിയുടെ പുറകെയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് കുറ്റപ്പെടുത്തി.
അവരുടെ (ബിജെപി) അന്ത്യം അടുത്തതായി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പറഞ്ഞു. സർക്കാരും ഭരണകൂടവും ഭയത്തിന്റെയും അടിച്ചമർത്തലിന്റെയും പ്രതീകങ്ങളായി മാറുമ്പോൾ, അവരുടെ അന്ത്യം അടുത്തുവെന്ന് മനസിലാക്കണമെന്ന് അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തു.
"ശരിക്കും? അപ്രതീക്ഷിതം" എന്ന് പരിഹസിച്ച് കൊണ്ടായിരുന്നു തൃണമൂൽ കോൺഗ്രസ് എൻ പി മഹുവ മൊയ്ത്രയുടെ ട്വീറ്റ്. ബി ബിസിയുടെ ഓഫീസിൽ പരിശോധന നടക്കുമ്പോൾ സെബിയുടെ ചെയർമാനുമായി കൂടിക്കാഴ്ചയ്ക്ക് എത്തുന്ന അദാനിക്ക് പലഹാരം നൽകുമെന്നും മഹുവ മൊയ്ത്ര ട്വിറ്ററിൽ കുറിച്ചു. ഹിൻഡൻബർഗ് റിപ്പോർട്ട് വന്നതിന് പിന്നാലെ അദാനി ഗ്രൂപ്പിന്റെ മേൽ സെബിയുടെ അന്വേഷണം വേണമെന്ന് മൊയ്ത്ര ആവശ്യപെട്ടിരുന്നു.
വിമർശനങ്ങളെ മോദി സർക്കാരിന് പേടിയാണെന്നാണ് റെയ്‌ഡുകൾ തെളിയിക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പ്രതികരിച്ചു. ജനാധിപത്യവിരുദ്ധവും ഏകാധിപത്യപരവുമായ മനോഭാവം തുടരാനാകില്ലെന്നും ഭയപ്പെടുത്താനുള്ള നീക്കങ്ങളെ കടുത്ത ഭാഷയിൽ അപലപിക്കുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്തു.
'പ്രതീക്ഷിച്ചിരുന്നതല്ലേ' എന്നായിരുന്നു രാജ്യസഭാ എംപി ജോൺ ബ്രിട്ടാസിന്റെ ട്വീറ്റ്. ബ്രിട്ടൻ പ്രധാനമന്ത്രി ഋഷി സുനകിന്റെ പ്രതികരണം എന്താണെന്നും ട്വീറ്റിൽ അദ്ദേഹം ചോദിച്ചു,
'സത്യം പറയുന്നവരെ സർക്കാർ വേട്ടയാടുകയാണെന്ന്' ജമ്മു കശ്മീർ പിഡിപി നേതാവ് മെഹബൂബ മുഫ്തി പറഞ്ഞു.
"സത്യത്തെ ഇല്ലാതാക്കാൻ വേണ്ടി ഭീരുക്കളായ സർക്കാർ നടത്തിയ കൊലപാതകം" എന്നാണ് സിപിഐ രാജ്യസഭാ എംപി ബിനോയ് വിശ്വം ബിബിസി ഓഫീസിലെ റെയ്‌ഡിനെ വിശേഷിപ്പിച്ചത്. ലോകം മുഴവൻ ഇത് കാണുന്നുണ്ട്. ജി 20 ഉച്ചകോടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിക്കുമ്പോൾ ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യത്തെ പറ്റി മറ്റുള്ളവർ ചോദിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
2002-ലെ ഗുജറാത്ത് കലാപത്തെ പറ്റി സംസാരിക്കുകയും എഴുതുകയും അന്വേഷിക്കുകയും ചെയ്യുന്ന ഏതൊരാൾക്കും ഭരണകൂടത്തിന്റെ പ്രതികാര നടപടിയും ക്രോധവും നേരിടേണ്ടിവരുമെന്ന് മാധ്യമപ്രവർത്തക റാണ അയ്യൂബും ട്വീറ്റ് ചെയ്തു.
എന്നാൽ ലോകത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ സംഘടന എന്നാണ് ബിജെപി ബിബിസിയെ വിശേഷിപ്പിച്ചത്. ''ഇന്ത്യയിൽ ഏതെങ്കിലും കമ്പനിയോ സംഘടനയോ പ്രവർത്തിക്കുന്നുണ്ടെങ്കിൽ, അവർ ഇന്ത്യൻ നിയമങ്ങൾ പാലിക്കണം. നിങ്ങൾ നിയമം പാലിക്കുന്നുണ്ടെങ്കിൽ എന്തിനാണ് ഭയപ്പെടുന്നത്? ഐടി വകുപ്പിനെ അവരുടെ ജോലി ചെയ്യാൻ അനുവദിക്കണം. ലോകത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ സംഘടനയാണ് ബിബിസി. ബിബിസിയുടെ പ്രചാരണം കോൺഗ്രസ് അജണ്ടയുമായി പൊരുത്തപ്പെടുന്നതാണ്'' - ബിജെപി ദേശീയ വക്താവ് ഗൗരവ് ഭാട്ടിയ പറഞ്ഞു.