മണിപ്പൂർ: പാർലമെന്റിൽ മിണ്ടില്ലെന്നുറച്ച് മോദി; അവിശ്വാസ പ്രമേയത്തിലൂടെ 
പ്രതിരോധത്തിലാക്കാൻ പ്രതിപക്ഷം

മണിപ്പൂർ: പാർലമെന്റിൽ മിണ്ടില്ലെന്നുറച്ച് മോദി; അവിശ്വാസ പ്രമേയത്തിലൂടെ പ്രതിരോധത്തിലാക്കാൻ പ്രതിപക്ഷം

'ഈസ്റ്റ് ഇന്ത്യാ കമ്പനിക്കും ഇന്ത്യന്‍ മുജാഹിദീനുമെല്ലാം പേരിൽ ഇന്ത്യയുണ്ട്'. പ്രതിപക്ഷ സഖ്യത്തിന്റെ പേരിനെ വിമർശിച്ച് ബിജെപി യോഗത്തിൽ പ്രധാനമന്ത്രി
Updated on
1 min read

മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ പ്രധാനമന്ത്രി പ്രതികരിക്കണമെന്ന ആവശ്യം അംഗീകരിക്കാതായതോടെ അവിശ്വാസ പ്രമേയം അവതരിപ്പിച്ച് സർക്കാരിനെ പ്രതിരോധത്തിലാക്കാൻ പ്രതിപക്ഷം. ലോക്‌സഭയില്‍ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനും ചര്‍ച്ചയ്ക്കിടെ മണിപ്പൂര്‍ വിഷയം ഉന്നയിക്കാനുമാണ് പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ'യുടെ തീരുമാനം. 2003 ന് ശേഷമുള്ള പാര്‍ലമെന്‌റിലെ ആദ്യ അവിശ്വാസ പ്രമേയമാണ് ഇത്.

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ മണിപ്പൂര്‍ വിഷയം ചര്‍ച്ച ചെയ്യണമെന്നും പ്രധാനമന്ത്രി സഭയില്‍ നേരിട്ട് മറുപടി നല്‍കണമെന്നുമുള്ള പ്രതിപക്ഷത്തിന്‌റെ ആവശ്യം സര്‍ക്കാര്‍ ഇതുവരെ ചെവിക്കൊണ്ടിട്ടില്ല. തുടര്‍ച്ചയായ നാലാം ദിവസവും പ്രതിപക്ഷ പ്രതിഷേധത്തില്‍ പാര്‍ലമെന്‌റ് പ്രക്ഷുബ്ധമാണ്. ബഹളത്തെ തുടര്‍ന്ന് ലോക്‌സഭ രണ്ട് മണിവരെയും പിരിഞ്ഞു. ഇതോടെയാണ് പുതിയ തന്ത്രം പ്രതിപക്ഷ സഖ്യം ആലോചിച്ചത്.

രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ഓഫീസില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ണായക തീരുമാനം ഉണ്ടായിരിക്കുന്നത്. 'ഇന്ത്യ' സഖ്യത്തിലെ മുഴുവന്‍ പാര്‍ട്ടികളും അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കും. ലോക്‌സഭയില്‍ സര്‍ക്കാരിന് ഭീഷണിയില്ലെങ്കിലും ഇതോടെ മണിപ്പൂര്‍ വിഷയം ചര്‍ച്ചയാക്കാമെന്നതാണ് പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ തന്ത്രം.

പാര്‍ലമെന്റിന്റെ ഇരുസഭകളിലും മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി പ്രസ്താവന നടത്തണമെന്നാണ് പ്രതിക്ഷത്തിന്റെ ആവശ്യം. അതുവരെ ശക്തമായ സമരം തുടരാനും തീരുമാനമായി. ഇന്നലെ വിഷയത്തില്‍ അടിയന്തര പ്രമേയം ആവശ്യപ്പെട്ട് രാജ്യസഭയിലും ലോക്‌സഭയിലും നിരവധി എംപിമാര്‍ നോട്ടീസ് നല്‍കിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് തിങ്കളാഴ്ച രാത്രി എംപിമാര്‍ പാര്‍ലമെന്റെ മന്ദിരത്തിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണ ഇരുന്നു. പ്രതിപക്ഷം അവശ്വാസം പ്രമേയം കൊണ്ടുവരട്ടെയെന്നും അത് അടുത്ത തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ സീറ്റ് നേട്ടം 350 ന് മുകളിലെത്തിക്കുമെന്നും പാര്‍ലമെന്ററികാര്യ മന്ത്രി പ്രള്‍ഹാദ് ജോഷി പറഞ്ഞു.

'ഇന്ത്യ'യെ കടന്നാക്രമിച്ച് മോദി

അതേസമയം, പാര്‍ലമെന്റ് മന്ദിരത്തില്‍ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്നു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലായിരുന്നു യോഗം. പ്രതിപക്ഷ പ്രതിഷേധത്തെ എങ്ങനെ പ്രതിരോധിക്കണമെന്നായിരുന്നു പ്രധാന ആലോചന. പ്രതിപക്ഷ സഖ്യത്തിന് 'ഇന്ത്യ' എന്ന് പേര് നല്‍കിയതിനെ പ്രധാനമന്ത്രി യോഗത്തില്‍ വിമര്‍ശിച്ചു. ഈസ്റ്റ് ഇന്ത്യാ കമ്പനിക്കും ഭീകര സംഘടനയായ ഇന്ത്യന്‍ മുജാഹിദീനുമെല്ലാം ഇന്ത്യ എന്ന് പേരില്‍ ഉണ്ടെന്നാണ് മോദിയുടെ വാദം. എല്ലാവരും സര്‍ക്കാരില്‍ വിശ്വസമര്‍പ്പിക്കുന്നുവെന്നും സ്ഥിരം പ്രതിപക്ഷത്തിരിക്കാനാണ് കോണ്‍ഗ്രസിന്‌റെ ശ്രമമെന്നും മോദി പറഞ്ഞു.

logo
The Fourth
www.thefourthnews.in