ശരദ് പവാർ എത്തിയില്ല; വിശാല പ്രതിപക്ഷ യോഗത്തിൽ പങ്കെടുത്തത് അൻപതോളം നേതാക്കൾ

ശരദ് പവാർ എത്തിയില്ല; വിശാല പ്രതിപക്ഷ യോഗത്തിൽ പങ്കെടുത്തത് അൻപതോളം നേതാക്കൾ

സിദ്ധരാമയ്യ വക അത്താഴ വിരുന്നോടെ ഒന്നാം ദിനത്തിന് സമാപനം
Updated on
2 min read

ബെംഗളൂരുവിൽ നടക്കുന്ന വിശാല പ്രതിപക്ഷ യോഗത്തിന്റെ ഒന്നാം ദിന ചർച്ചകൾക്ക് അത്താഴ വിരുന്നോടെ പരിസാമാപ്‌തി. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഒരുക്കിയ അത്താഴ വിരുന്നിൽ 26 രാഷ്ട്രീയ പാർട്ടികളിൽ നിന്നായി അൻപതോളം നേതാക്കൾ പങ്കെടുത്തു. എൻസിപി അധ്യക്ഷൻ ശരത് പവാർ യോഗത്തിനെത്തിയില്ല.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ, തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, മെഹ്ബൂബ മുഫ്തി, അഖിലേഷ് യാദവ്, ലാലു പ്രസാദ് യാദവ്, ഉദ്ധവ് താക്കറെ, ഒമർ അബ്ദുല്ല, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, തുടങ്ങിയവരെല്ലാം അത്താഴ വിരുന്നിൽ സംബന്ധിച്ചു.

അത്താഴ വിരുന്നിന് മുന്നോടിയായി നടന്ന യോഗത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അധ്യക്ഷത വഹിച്ചു. ഭരണഘടന തത്വങ്ങളാൽ ഭരിക്കപ്പെടുന്ന ഒരു ഇന്ത്യക്ക് വേണ്ടിയാണ് ഈ പ്രതിപക്ഷ കൂട്ടായ്മയെന്ന് ഖാർഗെ പറഞ്ഞു. ഏറ്റവും ദുർബലനായ വ്യക്തിക്ക് പ്രതീക്ഷയും വിശ്വാസവും നൽകുന്ന ഒരു ഇന്ത്യ കെട്ടിപടുക്കുകയാണ് ഞങ്ങൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ സ്വീകരിക്കേണ്ട തന്ത്രങ്ങൾ, പൊതുമിനിമം പരിപാടികൾ, വിവിധ സംസ്ഥാനങ്ങളിൽ സ്വീകരിക്കേണ്ട തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ, സഖ്യ സാധ്യതകൾ തുടങ്ങിയവയാണ് രണ്ട് ദിവസത്തെ യോഗത്തിന്റെ അജണ്ട. യോഗ തീരുമാനങ്ങൾ വിശദീകരിച്ച്‌ നേതാക്കൾ നാളെ മാധ്യമങ്ങളെ കാണും.

logo
The Fourth
www.thefourthnews.in