പേര് മാറ്റിയതുകൊണ്ട് കാര്യമില്ല, പ്രവൃത്തി നന്നാവണം; 'ഇന്ത്യ'യെ വിമർശിച്ച് മോദി
പ്രതിപക്ഷ ഐക്യത്തിന്റെ പുതിയ പേരായ 'ഇന്ത്യ'യെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പേര് മാറ്റുന്നതിലൂടെ ഇന്ത്യ ഭരിക്കാമെന്നാണ് കരുതുന്നത്. എന്നാൽ പുതിയ പ്രതിപക്ഷ ഐക്യം ഇന്ത്യക്കാർക്കിടയിൽ മതിലുകൾ സ്ഥാപിച്ച് രാജ്യത്തെ വിഭജിക്കുകയാണെന്നാണ് മോദിയുടെ ആരോപണം. മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ' സര്‍ക്കാരിനെതിരേ കൊണ്ടുവന്ന അവിശ്വാസ ചര്‍ച്ചയിന്മേല്‍ മറുപടി പ്രസംഗം നടത്തുന്നതിനിടെയാണ് പ്രതിപക്ഷത്തെ വിമർശിച്ചുകൊണ്ടുള്ള മോദിയുടെ വാക്കുകൾ. 2028ലും പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്നാണ് രാജ്യം വിശ്വസിക്കുന്നത്. എന്നാൽ അപ്പോഴേക്കും സമ്പദ്ഘടനയിൽ രാജ്യം ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഇടം പിടിക്കുമെന്നും മോദി കൂട്ടിച്ചേർത്തു.
എൻഡിഎയിൽ ഐ (I) എന്ന അക്ഷരം രണ്ട് തവണ ചേർത്തതാണ് പ്രതിപക്ഷ ഐക്യത്തിന്റെ പുതിയ പേര്. 26 പാർട്ടികളുടെ അഹങ്കാരമാണ് അതിൽ ഒരു ഐ സൂചിപ്പിക്കുന്നത്. മറ്റൊന്ന് കോൺഗ്രസിന്റെ ധാർഷ്ട്യമാണെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. "ഇന്ത്യ എന്ന പേര് മാത്രമേ പാവപ്പെട്ട ജനങ്ങൾക്ക് കാണാൻ സാധിക്കൂ. അവരുടെ പ്രവൃത്തികൾ ജനങ്ങൾക്ക് ദൃശ്യമല്ല," ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റ് ഇൻക്ലൂസീവ് അലയൻസിനെ(INDIA) പരാമർശിച്ച് പ്രധാനമന്ത്രി മോദി പറഞ്ഞു. "അവർ സ്വന്തം പേരിൽ സ്കീമുകൾ നടത്തി, പിന്നീട് അതേ പേരിൽ തന്നെ അഴിമതിയും. ഐ ഡോട്ട് എൻ ഡോട്ട് ഡി ഡോട്ട്(I dot N dot D dot)എന്ന രീതിയില്‍ അവര്‍ ഇന്ത്യയെ വിഭജിക്കുകയാണ്. പേരു മാറ്റിയതു കൊണ്ടു കാര്യമില്ല പ്രവൃത്തിയാണ് മാറേണ്ടത്''- മോദി പറഞ്ഞു.
ബിജെപി-എൻഡിഎ സർക്കാരിന് അവിശ്വാസ പ്രമേയം എല്ലായ്‌പ്പോഴും ഭാഗ്യമാണെന്നും അടുത്ത തിരഞ്ഞെടുപ്പിൽ വലിയ ഭൂരിഭക്ഷത്തോടെ വിജയിക്കുമെന്ന് ഉറപ്പുനൽകുന്നുവെന്നുമാണ് അവിശ്വാസ പ്രമേയത്തിൽ മോദി മറുപടി പറഞ്ഞത്.
ജൂലൈ 26ന് മോദി സർക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം ലോക്‌സഭാ സ്പീക്കർ ഓം ബിർള അംഗീകരിക്കുകയായിരുന്നു. ഇത് രണ്ടാം തവണയാണ് മോദി അവിശ്വാസ പ്രമേയത്തെ നേരിടുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച കോൺഗ്രസ് എം പി ഗൗരവ് ഗൊഗോയാണ് പ്രമേയത്തിന്മേലുള്ള ചർച്ച ആരംഭിച്ചത്. ഇത് പിന്നീട് പ്രതിപക്ഷവും കേന്ദ്രവും തമ്മിലുള്ള രൂക്ഷമായ തർക്കത്തിലേക്ക് നയിക്കുകയായിരുന്നു.