'പ്രധാനമന്ത്രിയുടേത് ലജ്ജിപ്പിക്കുന്ന നിസ്സംഗത'; മണിപ്പൂരിൽ സമാധാനവും ഐക്യവും പുനഃസ്ഥാപിക്കണമെന്ന് ഗവർണറോട് 'ഇന്ത്യ'
മണിപ്പൂർ സന്ദർശനത്തിന്റെ രണ്ടാംദിവസം ഗവര്‍ണര്‍ അനുസൂയ ഉയ്കേയുമായി കൂടിക്കാഴ്ച നടത്തി പ്രതിപക്ഷസഖ്യം 'ഇന്ത്യ'യുടെ പ്രതിനിധികൾ. രാജ്ഭവനിൽ നടന്ന കൂടിക്കാഴ്ചയിൽ പ്രതിപക്ഷ എംപിമാർ ചേർന്ന് ഗവര്‍ണര്‍ക്ക് നിവേദനം കൈമാറി. വിവിധപ്രദേശങ്ങളും അഭയാർഥി ക്യാമ്പുകളും സന്ദർശിച്ചതിന്റെ വിശദാംശങ്ങൾ പ്രതിപക്ഷ എംപിമാർ ഗവർണറെ ധരിപ്പിച്ചു. സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാനുള്ള ഇടപെടലുകളുണ്ടാകണമെന്നും പ്രതിപക്ഷ പ്രതിനിധികൾ ഗവർണറോട് ആവശ്യപ്പെട്ടു.
മെയ് മൂന്നുമുതൽ സംസ്ഥാനത്ത് നിലനിൽക്കുന്ന ക്രമസമാധാന തകർച്ചയുടെ വിശദാംശങ്ങൾ കേന്ദ്രസർക്കാരിനെ ഗവർണർ അറിയിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെടുന്നു. വിഷത്തിൽ പ്രധാനമന്ത്രിയുടേത് ലജ്ജാകരവും ധിക്കാരപരവുമായ നിസ്സംഗതയാണെന്നും പ്രതിപക്ഷം നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു. 140ലേറെ മരണം, 500ലേറെ പേർക്ക് പരുക്ക്, 5000ത്തിലധികം വീടുകളുടെ നാശം, 60,000ത്തിലധികം ആളുകൾക്ക് ദുരിതാശ്വാസ ക്യാമ്പുകളെ ആശ്രയിക്കേണ്ടി വന്ന സാഹചര്യം എന്നിവയെല്ലാം കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ പരാജയമാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു.
ഭരണപക്ഷവും പ്രതിപക്ഷവും യോജിപ്പിലെത്തി ഒരു സർവകക്ഷി സംഘത്തെ സംസ്ഥാനം സന്ദർശിക്കാൻ അയയ്ക്കണമെന്ന നിർദേശം ഗവർണർ മുന്നോട്ടുവച്ചതായി കോൺഗ്രസ് ലോക്സഭാ കക്ഷിനേതാവ് അധിർ രഞ്ജൻ ചൗധരി പറഞ്ഞു. ''ഞങ്ങൾ ഗവർണറുമായി സംസാരിച്ചു. രണ്ട് ദിവസത്തെ മണിപ്പൂർ സന്ദർശനത്തിൽ കണ്ടതും അനുഭവിച്ചതുമായ കാര്യങ്ങളെ കുറിച്ച് ഞങ്ങൾ പറഞ്ഞതെല്ലാം അവർ അംഗീകരിച്ചു. മണിപ്പൂരിലെ സാഹചര്യങ്ങളിൽ വേദനയും സങ്കടവും ഗവർണറും പ്രകടിപ്പിച്ചു. പ്രതിപക്ഷവും ഭരണകക്ഷിയും ഒരുമിച്ച്, മണിപ്പൂരിലേക്ക് ഒരു സർവകക്ഷി പ്രതിനിധി സംഘത്തെ അയയ്‌ക്കണമെന്ന നിർദേശം അവർ മുന്നോട്ടുവച്ചു. എല്ലാ സമുദായങ്ങളുമായി സംസാരിച്ചാൽ മാത്രമെ ജനങ്ങൾക്കിടയിലെ അവിശ്വാസം പരിഹരിക്കാൻ സാധിക്കൂവെന്ന് ഗവർണർ പറഞ്ഞു'' - അധിർ രഞ്ജൻ ചൗധരി വ്യക്തമാക്കി.
പ്രതിപക്ഷം നൽകിയ അവിശ്വാസപ്രമേയത്തിന്മേൽ ലോക്സഭയിൽ എത്രയും വേഗം ചർച്ച നടത്താൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും അവർ ആവശ്യപ്പെട്ടു.
മണിപ്പൂരിലെ ജനങ്ങൾ ഉന്നയിച്ച പ്രശ്നങ്ങളും കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ പോരായ്മകളും ലോക്സഭയ്ക്ക് മുന്നിലെത്തിക്കുമെന്ന് 'ഇന്ത്യ' നേതാക്കൾ വ്യക്തമാക്കി. ഗവർണറുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ രണ്ട് ദിവസത്തെ സന്ദർശനം പൂർത്തിയാക്കി 'ഇന്ത്യ' സംഘം ഡൽഹിയിലേയ്ക്ക് തിരിച്ചു.
ശനിയാഴ്ച ചുരാചന്ദ്പൂരിലേക്ക് ഹെലികോപ്ടറില്‍ എത്തിയ സംഘം, കുകി നേതാക്കളെയും ദുരിതാശ്വാസ ക്യാമ്പുകളിലെ കലാപബാധിതരെയും സന്ദര്‍ശിച്ചിരുന്നു. ഞായറാഴ്ച ഇംഫാലിലെത്തി,ദുരിതാശ്വാശ ക്യാമ്പുകളിലെ മെയ്‌തേയ് സമുദായാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി.
മണിപ്പൂരില്‍ ആള്‍ക്കൂട്ടം നഗ്നരായി നടത്തിച്ച പെൺകുട്ടിയേയും അവരുടെ അമ്മയേയും സന്ദർശിച്ചതായി തൃണമൂൽ എംപി സുഷ്മിത ദേവ് പറഞ്ഞു. ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ തന്റെ ഭര്‍ത്താവിനറെയും മകന്റെയും മൃതദേഹം കാണാന്‍ എങ്ങനെയെങ്കിലും സഹായിക്കണമെന്ന് പെൺകുട്ടിയുടെ അമ്മ പ്രതിപക്ഷ സംഘത്തോട് ആവശ്യപ്പെട്ടിരുന്നു. ഈ വിഷയവും സംഘം ഗവർണറെ ധരിപ്പിച്ചു.