അഞ്ചിന വാഗ്ദാനങ്ങൾ ഇതുവരെ ഉത്തരവായില്ല; ബസിൽ  ടിക്കറ്റ് എടുക്കാതെയും വൈദ്യുതി നിരക്ക് അടയ്ക്കാതെയും ജനങ്ങൾ

അഞ്ചിന വാഗ്ദാനങ്ങൾ ഇതുവരെ ഉത്തരവായില്ല; ബസിൽ  ടിക്കറ്റ് എടുക്കാതെയും വൈദ്യുതി നിരക്ക് അടയ്ക്കാതെയും ജനങ്ങൾ

കോൺഗ്രസിനെ പരിഹസിച്ച്  ബിജെപിയും ജെഡിഎസും
Updated on
2 min read

കർണാടകയിൽ കോൺഗ്രസിന്റെ അഞ്ചിന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കാൻ വൈകുന്നതിൽ ആക്ഷേപവുമായി രാഷ്ട്രീയ എതിരാളികളും പൊതുജനങ്ങളും. ദാരിദ്ര്യരേഖയ്ക്ക് താഴെ ഉള്ളവർക്ക് 10 കിലോഗ്രാം അരി സൗജന്യം, 200 യൂണിറ്റ് വൈദ്യുതി സൗജന്യം, യുവാക്കൾക്കായി 4,500 രൂപയുടെ യുവനിധി, വീട്ടമ്മമാർക്കായി 2000 രൂപയുടെ ഗൃഹലക്ഷ്മി പദ്ധതി വനിതകൾക്ക് സർക്കാർ ബസിൽ സൗജന്യ യാത്ര എന്നിവയായിരുന്നു കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ.

കോൺഗ്രസ് അധികാരത്തിൽ വന്നാൽ ആദ്യ മന്ത്രിസഭാ യോഗത്തിൽ അഞ്ചിന വാഗ്ദാനങ്ങളും സർക്കാർ ഉത്തരവായി ഇറങ്ങുമെന്ന ഉറപ്പായിരുന്നു നേതാക്കൾ വോട്ടർമാർക്ക് നൽകിയത്. എന്നാൽ അധികാരമേറി ദിവസങ്ങൾ പിന്നിട്ടിട്ടും ഉറപ്പ്  ഉത്തരവായി നടപ്പിലാക്കപെടാത്തതിലുള്ള അമർഷത്തിലാണ് കന്നഡിഗർ.

ആദ്യ മന്ത്രിസഭാ യോഗത്തിൽ അഞ്ചിന വാഗ്ദാനങ്ങളും നടപ്പിലാക്കാൻ സിദ്ധരാമയ്യ സർക്കാർ തത്വത്തിൽ അംഗീകാരം നൽകിയിരുന്നു. എന്നാൽ ഇതിനായി വരുന്ന ഭീമമായ തുക കണ്ടെത്താൻ മാർഗനിർദേശം കാത്തിരിക്കുകയാണ് സർക്കാർ . നികുതി വർധന, സെസ് തുടങ്ങിയവ ഏർപ്പെടുത്തി വേണം സർക്കാരിന് ഇതിനായുള്ള പണം കണ്ടെത്താൻ. കൃത്യമായ മാർഗ നിർദേശവും വിദഗ്ധ ഉപദേശവും ലഭിച്ചാൽ ഉത്തരവിറക്കാമെന്നതാണ് സർക്കാർ കണക്കുകൂട്ടുന്നത്.

പ്രതിപക്ഷ നേതാവായിരുന്ന സിദ്ധരാമയ്യയും കെപിസിസി അധ്യക്ഷൻ ഡികെ ശിവകുമാറും ഒപ്പിട്ട 45,000 - 60,000  ഗ്യാരണ്ടി കാർഡുകളാണ് കോൺഗ്രസ് തിരഞ്ഞെടുപ്പ് കാലത്ത് ഓരോ നിയമസഭാ മണ്ഡലത്തിലും വിതരണം ചെയ്തത്. അഞ്ച് വാഗ്ദാനങ്ങളും  അധികാരമേറ്റ് രണ്ടു മണിക്കൂറിനുള്ളിൽ നടപ്പിലാക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും കന്നഡിഗർക്ക് ഉറപ്പു നൽകിയിരുന്നു.  കോൺഗ്രസിനെ ചരിത്രത്തിലില്ലാത്ത ഭൂരിപക്ഷം നേടാൻ സഹായിച്ചത് ഈ അഞ്ചിന വാഗ്ദാനങ്ങളാണ്.

വാഗ്ദാനം സർക്കാർ ഉത്തരവാകാൻ വൈകുന്നത്  സർക്കാർ ജീവനക്കാരും പൊതുജനങ്ങളും തമ്മിൽ തർക്കങ്ങൾക്ക് വഴി വയ്ക്കുകയാണ്. മിക്ക ജില്ലകളിലും കെ എസ് ആർ ടി സി ബസ് ജീവനക്കാരാണ്  തലവേദന നേരിടുന്നത്. കോൺഗ്രസ് അധികാരത്തിൽ വന്നു, ഇനി ടിക്കറ്റ് എടുക്കില്ലെന്ന നിലപാടിലാണ് സ്ത്രീകൾ. ബസ് ജീവനക്കാരും യാത്രക്കാരായ സ്ത്രീകളും തമ്മിലുളള തർക്കം പലയിടത്തും അതിരു കടക്കുകയാണ്. പ്രശ്നത്തിന് എത്രയും പെട്ടെന്ന് പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് കെ എസ് ആർ ടി സി തൊഴിലാളി യൂണിയൻ സർക്കാരിന് കത്തയച്ചിട്ടുണ്ട്.

കോൺഗ്രസിന്റെ ഗ്യാരണ്ടി കാർഡുകൾ സിദ്ധരാമയ്യയും ഡികെ ശിവകുമാറും ചാമുണ്ഡേശ്വരി ദേവിക്ക് സമർപ്പിച്ചപ്പോൾ
കോൺഗ്രസിന്റെ ഗ്യാരണ്ടി കാർഡുകൾ സിദ്ധരാമയ്യയും ഡികെ ശിവകുമാറും ചാമുണ്ഡേശ്വരി ദേവിക്ക് സമർപ്പിച്ചപ്പോൾ

സമാന രീതിയിലാണ് വീടുകളിൽ വൈദ്യുതി മീറ്റർ റീഡിങ് രേഖപ്പെടുത്താൻ എത്തുന്ന ജീവനക്കാരോട് ആളുകൾ പെരുമാറുന്നത്. മീറ്റർ പരിശോധിക്കേണ്ടതില്ലെന്നും 200 യൂണിറ്റിന് താഴെയാണ് വൈദ്യുതി ഉപയോഗമെന്നുമാണ് വീട്ടുടമകളുടെ പക്ഷം. മീറ്റർ ഊരികൊണ്ടു പോകാൻ ജീവനക്കാരോട് അഭ്യർഥിച്ചവരുമുണ്ട്.

അടുത്ത മന്ത്രിസഭായോഗത്തിൽ  അഞ്ചിന ഉറപ്പുകൾ ഉത്തരവായി ഇറക്കാനുള്ള ശ്രമം ഉണ്ടായില്ലെങ്കിൽ പ്രതിപക്ഷം കയ്യും കെട്ടി നോക്കിയിരിക്കില്ലെന്ന സൂചനയാണ് ബിജെപി നേതാക്കൾ നൽകുന്നത്. കന്നഡിഗരെ പറ്റിച്ചാണ് കോൺഗ്രസ് അധികാരം പിടിച്ചതെന്ന ആക്ഷേപവുമായി മുൻ മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മെ, മുൻമന്ത്രി ആർ അശോക് എന്നിവർ രംഗത്ത് വന്നുകഴിഞ്ഞു. ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമിയും കോൺഗ്രസിനെ വിമർശിച്ചു.

logo
The Fourth
www.thefourthnews.in