സുപ്രീംകോടതി
സുപ്രീംകോടതി

ഇസ്ലാമിക ഭരണം ലക്ഷ്യമിടുന്ന സംഘടനകളെ രാജ്യത്ത് അനുവദിക്കാനാകില്ല; സിമി നിരോധനം ശരിവെച്ച് കേന്ദ്രം

സിമിക്ക് ഏര്‍പ്പെടുത്തിയ നിരോധനം നീട്ടിയതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്
Updated on
2 min read

സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യയെ (സിമി) നിരോധിച്ചതിനെ ന്യായീകരിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇസ്ലാമിക ഭരണം സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്ന സംഘടനകളെ രാജ്യത്ത് അനുവദിക്കാനാകില്ല. ജനാധിപത്യ, പരമാധികാര വ്യവസ്ഥിതിക്കെതിരായ നേരിട്ടുള്ള ആക്രമണമാണത്. ഇന്ത്യയെപ്പോലൊരു മതേതര സമൂഹത്തില്‍ അത് അനുവദിക്കാനാകില്ലെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. യുഎപിഎ പ്രകാരം സിമിക്ക് ഏര്‍പ്പെടുത്തിയ നിരോധനം നീട്ടിയതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

ജിഹാദ്, ദേശീയതയെ ഇല്ലാതാക്കുക, ഇസ്ലാമിക ഭരണം ഉള്‍പ്പെടെ ലക്ഷ്യങ്ങളോടെ 1977 ഏപ്രില്‍ 25നാണ് സിമി നിലവില്‍ വരുന്നതെന്ന് കേന്ദ്രം സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു. ദേശരാഷ്ട്രത്തിലോ, ഇന്ത്യന്‍ ഭരണഘടനയിലോ അതിന്റെ മതേതരത്വ സ്വഭാവത്തിലോ സംഘടന വിശ്വസിക്കുന്നില്ല. വിഗ്രഹാരാധന പാപമാണെന്ന് വാദിക്കുന്നവര്‍ ഇത്തരം ആചാരങ്ങള്‍ ഇല്ലാതാക്കുന്നത് തങ്ങളുടെ കര്‍ത്തവ്യമാണെന്നും പ്രചരിപ്പിക്കുന്നു. ജമ്മു കശ്മീരില്‍ നിന്നുള്ള തീവ്രസംഘടനകള്‍ സിമിയെ പ്രയോജനപ്പെടുത്തുന്നുണ്ട്. ദേശവിരുദ്ധ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ ഹിജാബ് ഉള്‍ മുജാഹിദീന്‍, ലഷ്‌കര്‍ ഇ തൊയ്ബ പോലുള്ള തീവ്രവാദി സംഘടനകള്‍ സിമിയില്‍ കടന്നുകൂടിയിട്ടുണ്ടെന്നും സത്യവാങ്മൂലം പറയുന്നു.

2001 മുതല്‍ തുടര്‍ച്ചയായി നിരോധിക്കപ്പെട്ടിട്ടും സിമി പ്രവര്‍ത്തകര്‍ പലപേരുകളില്‍ ഒത്തുകൂടുകയും ഗൂഢാലോചന നടത്തുകയും ആയുധങ്ങളും വെടിക്കോപ്പുകളും സ്വരൂപിക്കുകയും വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നതായി തെളിവുകള്‍ വ്യക്തമാക്കുന്നതായി കേന്ദ്രം

രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും ഭീഷണിയുയര്‍ത്താന്‍ സംഘടനയ്ക്ക് കഴിയും. ഒരു ചെറിയ കാലയളവ് ഒഴികെ, 2001 സെപ്റ്റംബര്‍ 27 മുതല്‍ തുടര്‍ച്ചയായി നിരോധിക്കപ്പെട്ടിട്ടും സിമി പ്രവര്‍ത്തകര്‍ പലപേരുകളില്‍ ഒത്തുകൂടുകയും ഗൂഢാലോചന നടത്തുകയും ആയുധങ്ങളും വെടിക്കോപ്പുകളും സ്വരൂപിക്കുകയും വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നതായി തെളിവുകള്‍ വ്യക്തമാക്കുന്നു.

മറ്റ് രാജ്യങ്ങളിലുള്ള സഹകാരികളുമായും സംഘടനാ നേതാക്കളുമായും അവര്‍ നിരന്തരം ബന്ധം പുലര്‍ത്തുന്നു. അവരുടെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തെ സമാധാനവും സാമുദായിക സൗഹാര്‍ദവും തകര്‍ക്കാന്‍ പോന്നതാണ്. അവരുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ രാജ്യത്തെ നിയമങ്ങള്‍ക്ക് വിരുദ്ധമാണ്. ഇന്ത്യയില്‍ ഇസ്ലാമിക ഭരണം സ്ഥാപിക്കുക എന്ന അവരുടെ ലക്ഷ്യം ഒരു സാഹചര്യത്തിലും അനുവദിക്കാന്‍ സാധിക്കുന്നതല്ലെന്നും കേന്ദ്രം വ്യക്തമാക്കി. സിമിക്ക് ഏര്‍പ്പെടുത്തിയ നിരോധനം 2019ല്‍ യുഎപിഎ പ്രകാരം വീണ്ടും നീട്ടിയതിനെ ചോദ്യം ചെയ്തുകൊണ്ട് ഹമാം അഹ്‌മദ് സിദ്ദിഖി നല്‍കിയ സ്‌പെഷല്‍ ലീവ് പെറ്റീഷന് മറുപടിയായാണ് കേന്ദ്രം സത്യവാങ്മൂലം സമര്‍പ്പിച്ചത്. ജസ്റ്റിസ് എസ് കെ കൗള്‍ അധ്യക്ഷനായ ബെഞ്ചാണ് സിമി നിരോധനം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ കേള്‍ക്കുന്നത്.

സിമി പ്രവര്‍ത്തകരുടെ പങ്കാളിത്തം ആരോപിക്കുന്ന 58ഓളം കേസുകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പട്ടികപ്പെടുത്തിയിരുന്നു.

സെപ്റ്റംബര്‍ 11 ആക്രമണത്തെത്തുടര്‍ന്ന് 2001ലാണ് സിമിയെ ആദ്യമായി നിരോധിക്കുന്നത്. പിന്നീട് കാലാകാലങ്ങളില്‍ നിരോധനം നീട്ടി. ഏറ്റവുമൊടുവില്‍, 2019 ജനുവരി 31ന് അഞ്ച് വര്‍ഷത്തേക്ക് കൂടി നിരോധനം നീട്ടി. യുഎപിഎ പ്രകാരമായിരുന്നു നടപടി. സിമി പ്രവര്‍ത്തകരുടെ പങ്കാളിത്തം ആരോപിക്കുന്ന 58ഓളം കേസുകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പട്ടികപ്പെടുത്തിയിരുന്നു. 2014ലെ ഭോപ്പാലിലെ ജയില്‍ തകര്‍ക്കല്‍, 2014ല്‍ ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തിലും 2017ല്‍ ബോധ്ഗയയിലുമുണ്ടായ ആക്രമണങ്ങളും ഉള്‍പ്പെടുന്നതായിരുന്നു കേന്ദ്രത്തിന്റെ പട്ടിക. ഇതെല്ലാം കണക്കിലെടുത്തായിരുന്നു സിമിയെ അഞ്ച് വര്‍ഷത്തേക്ക് കൂടി നിരോധിച്ചത്. 2019 ഓഗസ്റ്റില്‍ ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മുക്ത ഗുപ്ത ഉള്‍പ്പെട്ട യുഎപിഎ ട്രിബ്യൂണല്‍ 2019 ജനുവരിയിലെ നിരോധനം ശരിവെക്കുകയും ചെയ്തു.

logo
The Fourth
www.thefourthnews.in