ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ
ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ

ക്രിസ്ത്യൻ പള്ളികൾ ആക്രമിക്കുന്നവർക്ക് ബിജെപി മൗനസമ്മതം നൽകുന്നുവെന്ന് ഓർത്തഡോക്സ് സഭാ അധ്യക്ഷൻ

"ഓർത്തോഡോക്സ് സഭയുടെ പള്ളികൾ നശിപ്പിക്കപ്പെട്ടിട്ടില്ലെങ്കിൽ പോലും ബിജെപിയുടെ സമീപനങ്ങളിൽ പ്രശ്നമുണ്ട്"
Updated on
1 min read

ക്രിസ്ത്യൻ പള്ളികൾ അക്രമിക്കുന്നവർക്ക് ബിജെപി മൗനസമ്മതം നൽകുന്നതായി ഓർത്തഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ. രാജ്യത്തെ ക്രൈസ്തവ വിഭാഗങ്ങൾക്ക് സംരക്ഷണമൊരുക്കാൻ ബിജെപി തയ്യാറാവുന്നില്ലെന്നും അദ്ദേഹം ഈസ്റ്റർ ദിനത്തിൽ പറഞ്ഞു.

ബിജെപിയുടെ നയങ്ങളും സമീപനങ്ങളും എന്താണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. ക്രിസ്ത്യൻ സഭകളുടെ പള്ളികൾ പലതും അക്രമിക്കപെടുന്നതായി റിപ്പോർട്ടുകളുണ്ട്. ഓർത്തോഡോക്സ് സഭയുടെ പള്ളികൾ നശിപ്പിക്കപ്പെട്ടിട്ടില്ലെങ്കിൽ പോലും ബിജെപിയുടെ സമീപനങ്ങളിൽ പ്രശ്നമുണ്ട്. തീവ്ര സ്വഭാവമുള്ള സംഘടനകളാണ് അക്രമങ്ങൾ നടത്തുന്നത്. എന്നാൽ അതിനെ അപലപിക്കാൻ ബിജെപി ഇതുവരെയും തയ്യാറായിട്ടില്ല അതുകൊണ്ട് തന്നെ ബിജെപിയുടെ മൗനസമ്മതം ഈ സംഘടനകൾക്ക് ലഭിക്കുന്നുണ്ടോയെന്ന് സംശയിക്കാവുന്നതാണ്. ഇത്തരത്തിലുള്ള ബിജെപിയുടെ പ്രീണന നയത്തെ സംശയിക്കുന്നതിൽ ക്രിസ്‌ത്യാനികളെ തെറ്റ് പറയാൻ കഴിയില്ല. കേരളത്തിൽ മതസൗഹാർദ്ദം ഉയർത്തിപ്പിടിക്കാൻ പ്രവർത്തിക്കുമെന്നും ഓർത്തഡോക്സ് സഭാധ്യക്ഷൻ പറഞ്ഞു.

അതേസമയം, സിറോ മലബാർ സഭ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരിയുടേത് ഭിന്ന നിലപാടാണ്. ബിജെപിയുടെ ഭരണത്തിലുള്ള ഇന്ത്യയിൽ ക്രിസ്ത്യാനികൾക്ക് അരക്ഷിതാവസ്ഥയില്ലെന്നാണ്. ബിജെപിയോട് ഇന്ത്യയിലെ ക്രൈസ്തവ വിഭാഗത്തിന് ഒരു തരത്തിലുമുള്ള എതിർപ്പുകളുമില്ലെന്ന് സിറോ മലബാർ സഭാ മേധാവി പറഞ്ഞു. 'ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു ആലഞ്ചേരിയുടെ പ്രതികരണം.

ക്രിസ്ത്യൻ സമുദായത്തിന് മാത്രമല്ല എൻഎസ്എസ് ഉൾപ്പെടെയുള്ള സംഘടനകൾക്കും കോൺഗ്രസിനോട് മുൻപ് ആഭിമുഖ്യമുണ്ടായിരുന്നു. എന്നാൽ അതെല്ലാം കുത്തനെ ഇടിഞ്ഞു. കോൺഗ്രസുമായുള്ള ക്രൈസ്തവരുടെ ബന്ധം വഷളായത് അവർ സ്വീകരിച്ച തെറ്റായ നയങ്ങൾ കൊണ്ടാണ്. ഇടതുപക്ഷത്തേക്ക് ഒരു വിഭാഗം പിന്നീട് പോയി. മറ്റൊരു മാർഗ്ഗമില്ലാത്ത കൊണ്ടാണ് അങ്ങനെയുണ്ടായത്. എന്നാൽ അവർക്കും പല സാഹചര്യങ്ങളിലും ആളുകളുടെ ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കാതെ പോയി. അതുകൊണ്ടാണ് അവർ ബിജെപിയെ മറ്റൊരു സാധ്യതയായി കാണുന്നത്. അത് തികച്ചും സ്വാഭാവികമാണ്. ഒരു പാർട്ടി നമ്മളെ നിരാശപെടുത്തുമ്പോൾ മറ്റൊന്നിലോക്ക് പോകുക തന്നെ ചെയ്യും. കേരളത്തിൽ എൽഡിഎഫിനും യുഡിഎഫിനും ബിജെപിക്കും സാധ്യതയുണ്ട്. ജനങ്ങളുടെ പിന്തുണ നേടിയെടുക്കുന്നതിൽ ബിജെപി വിജയിച്ചിട്ടുമുണ്ട്. ബിജെപിയുടെയും ആർഎസ്എസിന്റെയും നേതാക്കൾ തന്നെ കാണാൻ വരാറുണ്ട്. ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകണമെന്ന് അവർ പറയാറുണ്ടെന്നും ജോർജ് ആലഞ്ചേരി പറഞ്ഞു.

logo
The Fourth
www.thefourthnews.in