'ഇവിഎമ്മിന് ഒടിപി ആവശ്യമില്ല, ആശയവിനിമയ സവിശേഷതകളുമില്ല'; ഹാക്കിങ് ആരോപണം തള്ളി റിട്ടേണിങ് ഓഫീസർ

'ഇവിഎമ്മിന് ഒടിപി ആവശ്യമില്ല, ആശയവിനിമയ സവിശേഷതകളുമില്ല'; ഹാക്കിങ് ആരോപണം തള്ളി റിട്ടേണിങ് ഓഫീസർ

മുംബൈ നോർത്ത് വെസ്റ്റ് ലോക്‌സഭ സീറ്റിൽ വോട്ടിങ് യന്ത്രം ഹാക്ക് ചെയ്യപ്പെട്ടെന്നായിരുന്നു ആരോപണം
Updated on
1 min read

മുംബൈ നോർത്ത് വെസ്റ്റ് ലോക്‌സഭ സീറ്റിൽ വോട്ടിങ് യന്ത്രം (ഇവിഎം) ഹാക്ക് ചെയ്തുവെന്ന ആരോപണങ്ങള്‍ തള്ളി റിട്ടേണിങ് ഓഫീസർ വന്ദന സൂര്യവംശി. ഇവിഎമ്മിന് പ്രവർത്തിക്കാൻ ഒടിപി ആവശ്യമില്ലെന്നും ആശയവിനിമയം നടത്താനാകില്ലെന്നും ഉദ്യോഗസ്ഥ മുംബൈയിൽ നടത്തിയ വാർത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

വോട്ടെണ്ണല്‍ കേന്ദ്രത്തിനുള്ളില്‍ മൊബൈല്‍ ഉപയോഗിച്ചുവെന്ന് ആരോപിച്ച് ശിവസേന (ഏക്‌നാഥ് ഷിൻഡെ) എംപി രവീന്ദ്ര വൈക്കറിന്റെ ബന്ധുവിനെതിരെ കേസ് രജിസ്റ്റർ ചെയ്ത പശ്ചാത്തലത്തിലാണ് വന്ദനയുടെ വിശദീകരണം. ഇവിഎം അണ്‍ലോക്ക് ചെയ്യുന്നതിനായാണ് ഫോണ്‍ ഉപയോഗിച്ചതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

ഇവിഎമ്മിന് ഒടിപി ആവശ്യമില്ല. ഒരു ബട്ടണ്‍ അമർത്തിയാണ് ഫലങ്ങള്‍ ലഭ്യമാക്കുന്നത്. ഹാക്ക് ചെയ്യപ്പെട്ടുവെന്ന വാർത്ത വ്യാജമാണെന്നും സ്ഥിരീകരിക്കാത്തതാണെന്നും ഉദ്യോഗസ്ഥ കൂട്ടിച്ചേർത്തു. ഇത് ഒരു പത്രം മാത്രം പ്രസിദ്ധീകരിക്കുന്ന നുണയാണെന്നും ചില രാഷ്ട്രീയ നേതാക്കളുടെ വ്യാഖ്യാനം പ്രചരിപ്പിക്കാനുള്ള ശ്രമമാണെന്നും ഉദ്യോഗസ്ഥ ആരോപിച്ചു.

അപകീർത്തി പരമാർശത്തിനും വ്യാജപ്രചാരണത്തിനും ഐപിസി വകുപ്പുകള്‍ പ്രകാരം മുംബൈ ആസ്ഥാനമായിട്ടുള്ള പത്രത്തിന് തിരഞ്ഞെടുപ്പ് കമ്മിഷൻ നോട്ടീസ് അയച്ചിട്ടുണ്ടെന്നും വന്ദന വ്യക്തമാക്കി.

'ഇവിഎമ്മിന് ഒടിപി ആവശ്യമില്ല, ആശയവിനിമയ സവിശേഷതകളുമില്ല'; ഹാക്കിങ് ആരോപണം തള്ളി റിട്ടേണിങ് ഓഫീസർ
വൈ എസ് ആറിനു പകരം എന്‍ ടി ആര്‍! പദ്ധതികളെല്ലാം ഭാര്യാപിതാവിന്റെ പേരിലെഴുതി ചന്ദ്രബാബു നായിഡു

മുംബൈ നോർത്ത് വെസ്റ്റ് ലോക്‌സഭ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ചിരിക്കുന്ന എല്ലാ പ്രോട്ടോക്കോളുകളും പാലിച്ചാണ് വോട്ടെണ്ണൽ നടന്നിട്ടുള്ളതെന്നും വന്ദന വ്യക്തമാക്കി.

"കൃത്രിമം നടത്താനുള്ള സാധ്യതകള്‍ ഒഴിവാക്കാൻ സാങ്കേതിക സവിശേഷതകളും സുരക്ഷ സംവിധാനങ്ങളും ഉപയോഗിച്ചിട്ടുണ്ട്. സ്ഥാനാർഥികളുടേയും അല്ലെങ്കിൽ അവരുടെ ഏജന്റുമാരുടേയും സാന്നിധ്യത്തിലാണ് എല്ലാം ക്രമീകരിച്ചിട്ടുള്ളത്," വന്ദന പറഞ്ഞു.

പോളിങ് ഉദ്യോഗസ്ഥന്റെ ഫോണ്‍ എംപിയുടെ ബന്ധു ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥ അറിയിച്ചു. 48 വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തിലായിരുന്നു രവീന്ദ്ര മണ്ഡലത്തിൽ വിജയിച്ചത്. ശിവസേന ഉദ്ധവ് പക്ഷം സ്ഥാനാർഥി അമോല്‍ സജനൻ കിർത്തിക്കറിനെയാണ് പരാജയപ്പെടുത്തിയത്.

logo
The Fourth
www.thefourthnews.in