മൂന്ന് വര്‍ഷം, 3.9 ലക്ഷം; ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധന

മൂന്ന് വര്‍ഷം, 3.9 ലക്ഷം; ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധന

2021ൽ മാത്രം 1.63 ലക്ഷത്തിലധികം ഇന്ത്യക്കാരാണ് പൗരത്വം ഉപേക്ഷിച്ചത്
Updated on
1 min read

വിദേശത്ത് സ്ഥിരതാമസമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 3.9 ലക്ഷത്തിലധികം ആളുകൾ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചതായി കണക്കുകള്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2021ൽ മാത്രം 1.63 ലക്ഷത്തിലധികം ഇന്ത്യക്കാരാണ് പൗരത്വം ഉപേക്ഷിച്ചത്.

പാർലമെന്റിൽ ബിഎസ്പി എംപി ഹാസി ഫസ്ലുർ റഹ്മാന്റെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചവരുടെ വിവരപ്പട്ടിക പുറത്തുവിട്ടത്. അതേസമയം ഇത്രയധികംപേർ പൗരത്വം ഉപേക്ഷിച്ചത് വ്യക്തിപരമായ കാരണങ്ങളാലാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു.

78,000-ത്തിലധികം പേർ കുടിയേറിരിക്കുന്നത് യുഎസിലേക്ക്

2019-ൽ 1.44 ലക്ഷം ഇന്ത്യക്കാർ പൗരത്വം ഉപേക്ഷിച്ചുവെങ്കിലും 2020-ൽ രാജ്യം വിട്ടവരുടെ എണ്ണം കുറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ കഴിഞ്ഞ വർഷത്തെ കണക്കുകൾ കൂടി പരിശോധിക്കുമ്പോൾ ഇതുവരെ 3.9 ലക്ഷത്തിലധികം ഇന്ത്യക്കാർ മറ്റ് രാജ്യങ്ങളിലേക്ക് ചേക്കേറിയതായും റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യക്കാർ കുടിയേറിയ 103 രാജ്യങ്ങളുടെ കണക്കെടുത്താൽ ഏറ്റവും കൂടുതൽ പേർ അമേരിക്കയിലാണ് സ്ഥിരതാമസമാക്കിയിരിക്കുന്നത്. 78,000-ത്തിലധികം പേരാണ് യുഎസിലേക്ക് കുടിയേറിരിക്കുന്നത്

സിംഗപ്പൂർ (7,046), സ്വീഡൻ (3,754), ബഹ്‌റൈൻ (170), അംഗോള (2), ഇറാൻ (21), ഇറാഖ് (1) എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ കണക്കുകള്‍. 2021-ൽ ഒരാൾ ബുർക്കിന ഫാസോയിലും സ്ഥിരതാമസമാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം അയൽരാജ്യങ്ങളിലേക്ക് കുടിയേറിവരുടെ എണ്ണവും വിരളമല്ല.1,400-ലധികം ആളുകൾ ചൈനയിലേക്ക് കുടിയേറിയപ്പോള്‍ 392 പേര്‍ ചൈനീസ് പൗരത്വം സ്വന്തമാക്കി. 48 പേർ പാകിസ്താനിലും സ്ഥിരതാമസമാക്കിയിട്ടുണ്ട്.

അമേരിക്ക, യുകെ പോലുള്ള വികസിതരാജ്യങ്ങളിലേക്ക് ഇന്ത്യന്‍ പൗരന്‍മാര്‍ കുടിയേറിപാര്‍ക്കാന്‍ താല്‍പര്യം കാണിക്കുമ്പോള്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് തൊഴിലിനായുള്ള കുടിയേറ്റം കുറയുന്നതായും റിപ്പോര്‍ട്ടുകള്‍ ചുണ്ടിക്കാട്ടുന്നു. വിദേശകാര്യ മന്ത്രാലയത്തിലെ എമിഗ്രേഷന്‍ ക്ലിയറന്‍സിന്റെ കണക്കുകളിലാണ് ഒരു കാലത്ത് വലിയ കുടിയേറ്റം നടന്നിരുന്ന ജിസിസി രാജ്യങ്ങളോടുള്ള താല്‍പര്യം കുറഞ്ഞത്. 2015 ല്‍ ഗള്‍ഫ് രാജ്യത്തേക്ക് പോയവര്‍ 7.6 ലക്ഷം ആയിരുന്നു എങ്കില്‍ 2020-ല്‍ 90,000 ആയി ചുരുങ്ങിയെന്നാണ് കണക്കുകള്‍.

logo
The Fourth
www.thefourthnews.in