കോവിഡ് പ്രതിസന്ധി: 2020ൽ ലോകത്ത് ഏഴ് കോടി പേർ അതിദരിദ്രരായി; 79 ശതമാനവും ഇന്ത്യയിൽ

കോവിഡ് പ്രതിസന്ധി: 2020ൽ ലോകത്ത് ഏഴ് കോടി പേർ അതിദരിദ്രരായി; 79 ശതമാനവും ഇന്ത്യയിൽ

2011 മുതല്‍ രാജ്യത്തെ ദാരിദ്ര്യ സൂചികയെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല
Updated on
2 min read

കോവിഡ് മഹാമാരി ലോകത്താകമാനം അതിദരിദ്രരുടെ എണ്ണത്തിൽ വർധനവുണ്ടാക്കിയെന്ന് ലോകബാങ്കിന്റെ റിപ്പോർട്ട്. അതിദാരിദ്ര്യ നിരക്കിൽ 2019 നെ അപേക്ഷച്ച് 2020ൽ 0.9ശതമാനം വർധനവ് ഉണ്ടായെന്ന് 'പോവെർട്ടി ആൻഡ് ഷെയേർഡ് പ്രോസ്പെരിറ്റി 2022' എന്ന പേരിൽ പുറത്തിറക്കിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. കോവിഡ് മഹാമാരി ആഗോളതലത്തിൽ കടുത്ത പ്രതിസന്ധിയുണ്ടാക്കിയെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട്, ഇന്ത്യയെയാണ് ഏറ്റവും രൂക്ഷമായി ബാധിച്ചതെന്നും ചൂണ്ടിക്കാട്ടുന്നു. കോവിഡ് മഹാമാരിയെ ഏറ്റവും ശക്തമായി നേരിട്ടത് ഇന്ത്യയെന്നും സാമ്പത്തിക പാക്കേജുകളും നയങ്ങളും ജനങ്ങൾക്ക് സഹായകമായെന്നും കേന്ദ്രസർക്കാർ അവകാശപ്പെടുമ്പോഴാണ് 2020ൽ ലോകത്ത് അതിദരിദ്രരായി മാറിയവരിൽ 79 ശതമാനവും ഇന്ത്യയിലെന്ന റിപ്പോർട്ട് പുറത്തുവരുന്നത്.

Attachment
PDF
report.pdf
Preview

2020 ൽ ഏഴ് കോടി പേർ അതിദരിദ്രരായി; 79 ശതമാനവും ഇന്ത്യയിൽ

2020 ല്‍ കോവിഡ് മഹാമാരി മൂലം ലോകത്ത് 7.1 കോടി ജനങ്ങളാണ് കടുത്ത ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തിയത്. 2019 ല്‍ 8.4 ശതമാനം ആയിരുന്ന ആഗോള അതിദാരിദ്ര്യ നിരക്ക് 2020 ല്‍ 9.3 ശതമാനമായി ഉയര്‍ന്നു. 2020 ൽ ലോകത്ത് 7.1 കോടിപേർ കൂടി അതിദരിദ്രരായപ്പോള്‍ ആഗോളതലത്തില്‍ ദരിദ്രരുടെ എണ്ണം 70കോടിയായി ഉയര്‍ന്നു.

ലോകബാങ്കിന്റെ കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യങ്ങളിലാണ് ദാരിദ്രരുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ടായിട്ടുളളത്. 7.1 കോടി അതിദരിദ്രരിൽ 79 ശതമാനവും ഇന്ത്യയിലെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. അതായത് 5.6 കോടി ജനങ്ങൾ കോവിഡ് കാലത്ത് ഇന്ത്യയിൽ അതിദരിദ്രരായി.

ജനസംഖ്യ കൂടുതലുള്ള ചൈനയിൽ ദരിദ്രരുടെ വർദ്ധനവ് ഉണ്ടായിട്ടില്ല

എന്നാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ജനങ്ങളുള്ള ചൈനയില്‍ ദരിദ്രരുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് ഉണ്ടായിട്ടില്ലെന്നും രാജ്യം മിതമായ സാമ്പത്തിക ആഘാതം മാത്രമാണ് നേരിടേണ്ടി വന്നത് എന്നും കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. അതേസമയം ഇന്ത്യയില്‍ കനത്ത സാമ്പത്തിക ആഘാതം കോവിഡ് കാലയളവില്‍ ഉണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമി എന്ന സ്വകാര്യ കമ്പനി നടത്തിയ സര്‍വേയിലെ വിവരങ്ങളാണ് ലോകബാങ്കിന്റെ റിപ്പോര്‍ട്ടിന് ആധാരം.

സ്ഥിതി കൂടൂതൽ മോശമാകുമെന്ന് റിപ്പോർട്ടുകൾ

2011 മുതല്‍ രാജ്യത്തെ ദാരിദ്ര്യ സൂചികയെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്ത് വിടാത്തതിനാലാണ് സര്‍വേ കണക്കുകള്‍ റിപ്പോർട്ടിനാധാരമാക്കിയത്. റഷ്യയുടെ യുക്രെയ്ൻ അധിനിവേശം അടക്കം തുടരുന്ന പശ്ചാത്തലത്തില്‍ സാമ്പത്തിക പ്രതിസന്ധിയും ദാരിദ്ര്യാവസ്ഥയും വര്‍ധിക്കാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

കോവിഡ് മഹാമാരി ലോകരാജ്യങ്ങളെ വരിഞ്ഞു മുറുക്കിയപ്പോള്‍ തകിടം മറിഞ്ഞത് നിരവധി ജീവിതങ്ങളാണ്. ജനജീവിതങ്ങളെയും വ്യവസായങ്ങളെയും അപ്പാടെ അത് നിശ്ചലമാക്കി. ഇത് ലോകരാജ്യങ്ങളെ ഒന്നടങ്കം ദാരിദ്ര്യത്തിലേക്ക് തള്ളി വിട്ടുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മഹാമാരി ജനങ്ങളെ ബാധിച്ചതിന്റെ വ്യാപ്തി തെളിയിക്കുന്ന ഞെട്ടിക്കുന്ന കണക്കുകളാണ് ലോകബാങ്ക് പുറത്തുവിട്ട റിപ്പോര്‍ട്ടിൽ ഉള്ളത്.

logo
The Fourth
www.thefourthnews.in