ഇന്ത്യയില്‍ പ്രതിവര്‍ഷം പാമ്പു കടിയേറ്റ് മരിക്കുന്നത് 64,000 ത്തിലധികം പേര്‍

ഇന്ത്യയില്‍ പ്രതിവര്‍ഷം പാമ്പു കടിയേറ്റ് മരിക്കുന്നത് 64,000 ത്തിലധികം പേര്‍

ഏറ്റവും കൂടുതല്‍ മരണം ഉത്തര്‍പ്രദേശില്‍
Updated on
1 min read

ലോകത്ത് പാമ്പു കടിയേറ്റ് മരിക്കുന്നവരില്‍ ഭൂരിഭാഗവും ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്. ആഗോള തലത്തില്‍ 78,600 പേരാണ് ഒരു വര്‍ഷം പാമ്പ് കടിയേറ്റ് മരിക്കുന്നത്. ഇതില്‍ 64,100 മരണവും സംഭവിക്കുന്നത് ഇന്ത്യയിലാണെന്നതാണ് ഞെട്ടിക്കുന്ന കണക്കുകള്‍.

ഒരു അന്താരാഷ്ട്ര പഠനത്തെ ഉദ്ധരിച്ച് നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ് ജേണലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ജോര്‍ജ്ജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗ്ലോബല്‍ ഹെല്‍ത്തിലെ അന്താരാഷ്ട്ര പബ്ലിക് ഹെല്‍ത്ത് സ്പെഷലിസ്റ്റായ സൗമ്യദീപ് ഭൗമികിന്റെ നേതൃത്വത്തിലുള്ള സംഘവും മറ്റ് 21 രാജ്യങ്ങളില്‍ നിന്നുള്ള ഗവേഷകരും ചേര്‍ന്ന് സംയുക്തമായാണ് പഠനം നടത്തിയത്.

ഉത്തര്‍പ്രദേശിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പാമ്പുകടിയേറ്റ് മരിക്കുന്നത്. ഏകദേശം 16,100 പേരാണ് ഒരു വര്‍ഷം മരിക്കുന്നത്. മധ്യപ്രദേശില്‍ 5,790 പേരും രാജസ്ഥാനില്‍ 5,230 പേരും പാമ്പ് കടിയേറ്റ് മരിക്കുന്നു. ഓരോ വര്‍ഷവും രാജ്യത്ത് ഇത്രയധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും ഇതിന് ശാശ്വത പരിഹാരം കാണാന്‍ ദേശീയ തലത്തില്‍ യാതൊരു സംവിധാനവുമില്ലെന്ന് സൗമ്യദീപ് ഭൗമിക് വ്യക്തമാക്കി.

ഇന്ത്യയിലെ പല ഗ്രാമപ്രദേശങ്ങളും ചില രാജ്യങ്ങളും കാലാകാലങ്ങളായി നേരിടുന്ന പ്രശ്‌നമാണിത്. എന്നാല്‍ ഇതുവരെ പാമ്പു കടി മൂലമുള്ള ആഗോളമരണ നിരക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ലെന്നും ഭൗമിക് കൂട്ടിച്ചേര്‍ത്തു.

logo
The Fourth
www.thefourthnews.in