പ്രവാചക വിരുദ്ധ പരാമര്‍ശം; ബിജെപി എംഎൽഎ രാജാ സിങ് വീണ്ടും അറസ്റ്റില്‍
പ്രവാചക വിരുദ്ധ പരാമര്‍ശത്തില്‍ തെലുങ്കാനയിലെ ബിജെപി എംഎല്‍എ ടി രാജാ സിങ്ങിനെ ഹൈദരാബാദ് പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു. ഇതേ കേസില്‍ അറസ്റ്റിലായ രാജാ സിങ്ങിന് ചൊവ്വാഴ്ചയാണ് ജാമ്യം കിട്ടിയത്. എംഎല്‍എയ്ക്കെതിരെ ഹൈദരാബാദിൽ വൻ പ്രതിഷേധം തുടരുന്നതിനിടെയാണ് അറസ്റ്റ്. രാജാ സിങ്ങിനെ ഹൈദരാബാദ് ചെറിയപ്പള്ളി സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. പ്രവാചക വിരുദ്ധ പരാമര്‍ശത്തില്‍ എംഎല്‍എയ്ക്കെതിരെ 101 ക്രിമിനല്‍ കേസുകളാണ് നിലവിലുള്ളത്. ഇതില്‍ 18 എണ്ണം വര്‍ഗീയ ചേരിതിരിവ് സൃഷ്ടിച്ചെന്ന വകുപ്പുകള്‍ ചുമത്തിയുള്ളതാണ്.
ഇന്നലെ രാത്രി ഹൈദരാബാദിലെ പഴയ നഗര പ്രദേശമായ ചാർമിനാർ ഉൾപ്പെടെയുള്ള മേഖലകളില്‍ രാജാ സിങ്ങിനെതിരെ വ്യാപക പ്രതിഷേധമുണ്ടായത്. ചൊവ്വാഴ്ച രാത്രിയിലുണ്ടായ ആക്രമണങ്ങളെ തുടർന്ന് പോലീസ് പ്രദേശത്ത് ശക്തമായ സുരക്ഷയാണ് ഏർപ്പെടുത്തിയത്. മതപരമായ മുദ്രാവാക്യങ്ങൾ ഉയർത്തുകയും കോലം കത്തിക്കുകയും കല്ലെറിയുകയും ചെയ്ത പ്രതിഷേധക്കാരെ തടയാൻ പോലീസ് ലാത്തിച്ചാർജ് നടത്തി.
മതവികാരം വ്രണപ്പെടുത്തിയതിനും മതത്തിന്റെ പേരിൽ ശത്രുത വളർത്തിയതിനും കേസെടുത്തതിന് പിന്നാലെ ചൊവ്വാഴ്ചയാണ് രാജാ സിങ്ങിനെ അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിൽ വേണമെന്ന പൊലീസ് അപേക്ഷ കോടതി തള്ളിയതിനാൽ മണിക്കൂറുകൾക്ക് ശേഷം ജാമ്യം ലഭിച്ചു. അറസ്റ്റിന് പിന്നാലെ ബിജെപി സസ്‌പെൻഡ് ചെയ്യുകയും കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തു.വിവിധ വിഷയങ്ങളിൽ പാർട്ടിക്ക് വിരുദ്ധമായ നിലപാടാണ് രാജ സ്വീകരിച്ചത് എന്ന് പാർട്ടി വ്യക്തമാക്കി.
മുൻപ് പ്രവാചകനായ മുഹമ്മദ് നബിയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ സംസാരിക്കുന്ന രാജയുടെ10 മിനുട്ടുള്ള വീഡിയോ പുറത്ത് വന്നിരുന്നു. വീഡിയോ പങ്കുവെച്ച സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം പിന്നീട് വീഡിയോ നീക്കം ചെയ്തു. ഹാസ്യ നടൻ മുനവ്വർ ഫാറൂഖിയുടെ ഹിന്ദു ദൈവങ്ങളെക്കുറിച്ചുള്ള വീഡിയോകൾ പോലെ ഇതൊരു "കോമഡി" വീഡിയോയാണെന്ന് അദ്ദേഹം പിന്നീട് പറഞ്ഞിരുന്നു. അടുത്തിടെ ഫാറൂഖിയുടെ ഷോ രാജ സിങ് തടസ്സപ്പെടുത്താൻ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. രാമനെയും സീതയെയും അപമാനിക്കുമ്പോള്‍ മാത്രം ഹാസ്യവും, മറ്റ് സമുദായങ്ങൾ ആദരിക്കുന്ന വ്യക്തികളാകുമ്പോള്‍ ഗൌരവമുള്ളതും ആകുന്നതെങ്ങനെ എന്ന് അദ്ദേഹം ചോദിച്ചു
ബിജെപി വക്താവ് നുപൂർ ശർമ്മ പ്രവാചകനിന്ദ പരാമർശം നടത്തി മാസങ്ങൾക്ക് മാത്രം ശേഷമാണ് രാജ സിങ്ങിന്റെ വിവാദപരാമർശം. നുപൂർ ശർമ്മയുടെ പരാമർശം വലിയ പ്രതിഷേധങ്ങള്‍ക്കും നയതന്ത്ര തിരിച്ചടികൾക്കും കാരണമായിരുന്നു. ബിജെപി നുപൂർ ശർമ്മയെ സസ്‌പെൻഡ് ചെയ്യുകയും രാജ്യത്തുടനീളം അവർക്കെതിരെ 10 കേസുകൾ ഫയൽ ചെയ്യപ്പെടുകയും ചെയ്തു.
എന്നാൽ ഡൽഹി എക്‌സൈസ് പോളിസി കേസിൽ മകൾ ഉൾപ്പെട്ടെന്ന ആരോപണത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ തെലങ്കാന രാഷ്ട്ര സമിതി നഗരത്തിൽ വർഗീയ കലാപമുണ്ടാക്കാൻ ശ്രമിക്കുന്നതെന്ന് തെലങ്കാന ബിജെപി അധ്യക്ഷൻ ബന്ദി സഞ്ജയ് കുമാർ ആരോപിച്ചു. മദ്യമാഫിയയ്ക്കും ആം ആദ്മി പാർട്ടി (എഎപി) സർക്കാരിനുമിടയിലെ ഇടനിലക്കാരിയായി ചന്ദ്രശേഖർ റാവുവിന്റെ മകള്‍ കെ കവിത പ്രവർത്തിച്ചുവെന്ന് ചില ബിജെപി നേതാക്കൾ നേരത്തെ ആരോപിച്ചിരുന്നു.