'പാകിസ്താന്‍ പിന്തുടരുന്നത് ഇന്ത്യൻ മോഡൽ': ഇമ്രാൻ ഖാൻ്റെ അറസ്റ്റിൽ പ്രതികരിച്ച് കാര്‍ത്തി ചിദംബരം

'പാകിസ്താന്‍ പിന്തുടരുന്നത് ഇന്ത്യൻ മോഡൽ': ഇമ്രാൻ ഖാൻ്റെ അറസ്റ്റിൽ പ്രതികരിച്ച് കാര്‍ത്തി ചിദംബരം

രാഹുല്‍ ഗാന്ധിയുടെ ലോക്സഭാ അംഗത്വം നഷ്ടപ്പെടാന്‍ ഇടയാക്കിയ അപകീര്‍ത്തി കേസുമായി ഉപമിച്ചു കൊണ്ടുള്ളതായിരുന്നു പ്രതികരണം
Updated on
1 min read

പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രിയും പാകിസ്താന്‍ തെഹരിക്-ഇ-ഇന്‍സാഫ് പാര്‍ട്ടി (പിടിഐ) ചെയര്‍മാനുമായ ഇമ്രാന്‍ ഖാന്റെ അറസ്റ്റിനെ ഇന്ത്യന്‍ മോഡലെന്ന് വിശേഷിപ്പിച്ച് കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരം. 'പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് തടയാനുള്ള ഇന്ത്യന്‍ മോഡലാണ് പാകിസ്താന്‍ പിന്തുടരുന്നത്' എന്നായിരുന്നു ചിദംബരത്തിന്റെ ട്വീറ്റ്.

ഇമ്രാനെ ലാഹോറിലെ വസതിയില്‍ നിന്നു അറസ്റ്റ് ചെയ്ത വാര്‍ത്ത വന്നതിന് തൊട്ട് പിന്നാലെയായിരുന്നു എംപി കാര്‍ത്തി ചിദംബരത്തിന്റെ ട്വീറ്റ്. തോഷഖാന കേസില്‍ ഇസ്ലാമാബാദ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്. അദ്ദേഹത്തിന് മൂന്ന് വര്‍ഷം തടവും ഒരു ലക്ഷം പാകിസ്താനി രൂപ പിഴയും അഞ്ചുവര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള വിലക്കുമാണ് കോടതി വിധിച്ചിരിക്കുന്നത്. പിഴയടച്ചില്ലെങ്കില്‍ ആറുമാസം കൂടി ജയിലില്‍ കിടക്കേണ്ടി വരും.

'പാകിസ്താന്‍ പിന്തുടരുന്നത് ഇന്ത്യൻ മോഡൽ': ഇമ്രാൻ ഖാൻ്റെ അറസ്റ്റിൽ പ്രതികരിച്ച് കാര്‍ത്തി ചിദംബരം
ഉത്തരവാദിത്തത്തിൽനിന്ന് പിന്മാറില്ലെന്ന് രാഹുൽ; സൂര്യനെയും ചന്ദ്രനെയും സത്യത്തെയും അധികനാൾ മറയ്ക്കാനാവില്ലെന്ന് പ്രിയങ്ക

വിധി വന്നതിന് പിന്നാലെ ഇമ്രാന്‍ ഖാന്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച വിലപിടിപ്പുള്ള സമ്മാനങ്ങള്‍ വിറ്റെന്നതാണ് കേസ്. 2018 മുതല്‍ 2022 വരെയുള്ള കാലഘട്ടത്തില്‍ വിദേശ സന്ദര്‍ശനത്തിനിടെ ലഭിച്ചതും 140 മില്യണിലധികം (635,000 ഡോളര്‍) വിലമതിക്കുന്നതുമായ സമ്മാനങ്ങള്‍ വിറ്റെന്നാണ് ആരോപണം. രാഷ്ട്രത്തലവന്‍മാരില്‍ നിന്നും വിദേശത്ത് നിന്നും ലഭിച്ച സര്‍ക്കാര്‍ സമ്മാനങ്ങള്‍ നിയമവിരുദ്ധമായി വിറ്റതിന് പുറമെ സ്വത്തു വിവരങ്ങള്‍ മറച്ചുവയ്ക്കുകയും ചെയ്‌തെന്നുമാണ് കുറ്റം.

രാഹുല്‍ ഗാന്ധിയുടെ ലോക്സഭാ അംഗത്വം നഷ്ടപ്പെടാന്‍ ഇടയാക്കിയ 'മോദി പരാമര്‍ശ'വുമായി ബന്ധപ്പെട്ട അപകീര്‍ത്തി കേസുമായി ഉപമിച്ചു കൊണ്ടുള്ളതായിരുന്നു ചിദംബരത്തിന്റെ ട്വീറ്റ്. എന്നാല്‍ ട്വീറ്റില്‍ ആരുടെയും പേര് എടുത്ത് പറഞ്ഞില്ല.

'പാകിസ്താന്‍ പിന്തുടരുന്നത് ഇന്ത്യൻ മോഡൽ': ഇമ്രാൻ ഖാൻ്റെ അറസ്റ്റിൽ പ്രതികരിച്ച് കാര്‍ത്തി ചിദംബരം
തോഷഖാന കേസ്: ഇമ്രാൻ ഖാൻ അറസ്റ്റിൽ, മൂന്ന് വർഷം തടവ്

2019-ല്‍ കര്‍ണാടകയിലെ കോലാറില്‍, ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ 'എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന പേര് വന്നതെന്തുകൊണ്ടാണെന്ന' രാഹുലിന്റെ പരാമര്‍ശമാണ് കേസിനാസ്പദമായ സംഭവം. തുടര്‍ന്ന് പൂര്‍ണേഷ് ഈശ്വര്‍ മോദി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മാര്‍ച്ച് 23ന് സൂറത്ത് കോടതി ക്രിമിനല്‍ മനനഷ്ടക്കേസില്‍ രാഹുലിനെ രണ്ട് വര്‍ഷത്തേക്ക് ശിക്ഷിച്ചത്.

logo
The Fourth
www.thefourthnews.in