അതിര്‍ത്തിയില്‍ വെടിവെപ്പ്, പാകിസ്താന്‍ സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി ബിഎസ്എഫ്
ഇന്ത്യ - പാക് അതിര്‍ത്തിയില്‍ പാകിസ്താന്‍ സൈനികര്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി റിപ്പോര്‍ട്ട്. അന്താരാഷ്ട്ര നിയന്ത്രണ രേഖയ്ക്ക് സമീപം മഖ്വാലില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ഔട്ട് പോസ്റ്റിന് നേരെയാണ് ആക്രമണം ഉണ്ടായതെന്ന് ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്) അറിയിച്ചു.
ബുധനാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് വെടിവെപ്പ് ഉണ്ടായത്. പ്രകോപനമൊന്നുമില്ലാതെ പാകിസ്താൻ സൈനികര്‍ വെടിയുതിര്‍ക്കുകയായിരുന്നു എന്ന് ബിഎസ്എഫ് പറയുന്നു. സംഭവത്തില്‍ ആളപായമുള്‍പ്പെടെ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ആർമി ഔട്ട് പോസ്റ്റിൽ വൈകുന്നേരം 5.50 ആരംഭിച്ച വെടിവയ്പ്പ് 20 മിനുട്ട് തുടരുന്നതായും ബിഎസ്എഫ് തിരിച്ച് വെടിവച്ചതായും സേന ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു. പുൽവാമ ഭീകാരാക്രമണത്തിന്റെ ഓർമ്മ ദിവസമായ ഫെബ്രുവരി 14നാണ് വീണ്ടും കാശ്മീരിൽ നിന്നും വെടിവയ്പ്പിന്റെ വാർത്തകൾ പുറത്ത് വരുന്നത്.
കഴിഞ്ഞ വര്‍ഷം നവംബറിൽ പാകിസ്താൻ സൈനികരുടെ വെടിയേറ്റ് ഒരു ബിഎസ്എഫ് സൈനികൻ മരിച്ചിരുന്നു. സാമ്പ ജില്ലയിലെ രാംഗർഹ് ഭാഗത്താണ് അന്ന് വെടിവയ്പ്പ് നടന്നത്. അതിനു മുമ്പ് 2023 ഒക്ടോബർ മാസത്തിൽ അർനിയ സെക്ടറിൽ നടന്ന വെടിവയ്പ്പിൽ രണ്ട ബിഎസ്എഫ് ജവാന്മാർക്കും സിവിലിയനായ ഒരു സ്ത്രീക്കും പരുക്കേറ്റിരുന്നു. 2021 ഫെബ്രുവരി 5ന് ഇന്ത്യയും പാകിസ്ഥാനും പരസ്പരം നിലനിന്നിരുന്ന വെടിനിർത്തൽ കരാർ പുതുക്കാൻ തീരുമാനിച്ചത്.