'കോൺഗ്രസ് എംപി വിളിച്ചത് പാക് അനുകൂല മുദ്രാവാക്യം തന്നെയെന്ന് ബിജെപി', തെളിവായികാട്ടുന്നത് സ്വകാര്യലാബിലെ പരിശോധനാഫലം
കർണാടകയിലെ കോൺഗ്രസ് എം പി നസീർ ഹുസൈന്റെ ആഹ്ളാദ പ്രകടനത്തിൽ മുഴങ്ങിയത് പാക് അനുകൂല മുദ്രാവാക്യമെന്ന് അവകാശപ്പെട്ട് സ്വകാര്യ ലാബിലെ പരിശോധനാഫലവുമായി ബിജെപി. ബെംഗളൂരുവിലെ സ്വകാര്യ ലാബിൽ നടത്തിയ ശബ്ദ സാമ്പിളിന്റെ പരിശോധനാഫലമാണ് കർണാടക ബിജെപി പുറത്തു വിട്ടിരിക്കുന്നത്. ഹൈദരാബാദിലെ സർക്കാർ ഫോറൻസിക് ലാബിൽ നിന്നുള്ള പരിശോധനാഫലം സിദ്ധരാമയ്യ സർക്കാർ മൂടി വെക്കുന്നുവെന്ന് ചൂണ്ടികാട്ടിയായിരുന്നു ബിജെപി സ്വകാര്യ ലാബിനെ സമീപിച്ചത്.
സ്വകാര്യ ലാബിലെ പരിശോധ ഫലം അംഗീകരിച്ച് കോൺഗ്രസ് കന്നഡിഗരോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയാണ് ബിജെപി
ബെംഗളൂരുവിലെ ഡിക്കൻസൺ റോഡിലുള്ള ക്ലൂ ഫോർ എവിഡൻസ് ഫോറൻസിക് ഇൻവെസ്റ്റിഗേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് മുദ്രാവാക്യത്തിന്റെ ശബ്ദ സാമ്പിൾ പരിശോധിച്ചത്. ബിജെപിക്കു വേണ്ടി സംവാദ ഫൗണ്ടേഷനാണ് മുദ്രാവാക്യം പരിശോധനയ്ക്ക് നൽകിയത്. ശബ്ദ സാമ്പിളിന്റെ ആധികാരികതയും മുദ്രാവാക്യം വിളിയിലെ വാക്കുകളും അക്ഷരങ്ങളുമാണ് ലാബിൽ പരിശോധിച്ചത്. വാട്സാപ്പിൽ ലഭിച്ച 8.49 മെഗാബൈറ്റ് വലുപ്പമുള്ള വീഡിയോ ക്ലിപ്പാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.
പരിശോധനാഫലമനുസരിച്ച് കോൺഗ്രസ് എം പി നസീർ ഹുസൈനിന്റെ അനുയായികൾ ആഹ്ളാദ പ്രകടനത്തിനിടെ വിളിച്ചത് പാക് അനുകൂല മുദ്രാവാക്യമാണെന്നാണ് കണ്ടെത്തൽ. കഴിഞ്ഞ ഫെബ്രുവരി 27 ന് രാജ്യസഭാ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തെത്തുടർന്നായിരുന്നു കോൺഗ്രസ് എംപിക്കെതിരെ 'പാക് അനുകൂല മുദ്രാവാക്യ' ആരോപണം ഉയർന്നത്. തിരഞ്ഞെടുപ്പിൽ വിജയിച്ച എംപിയെ തോളിലേറ്റി നിയമസഭയുടെ ഇടനാഴിയിലൂടെ ആഹ്ളാദ പ്രകടനം നടത്തിയവരിൽ ഒരാൾ പാകിസ്താന്‍ സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിച്ചെന്നു ചൂണ്ടിക്കാട്ടി ബിജെപി രംഗത്തെത്തുകയായിരുന്നു. കന്നഡ മാധ്യമങ്ങളുടെ തത്സമയ സംപ്രേഷണത്തിനിടെ പാക് അനുകൂല മുദ്രാവാക്യം കേട്ടെന്ന് എക്‌സിൽ പോസ്റ്റ് ഇട്ട് ആദ്യം രംഗത്തുവന്നത് ബിജെപി ഐ ടി സെൽ തലവൻ അമിത് മാളവ്യ ആയിരുന്നു. 'നസീർ സാബ് സിന്ദാബാദ് , നസീർ ഹുസൈൻ സിന്ദാബാദ് , കോൺഗ്രസ് പാർട്ടി സിന്ദാബാദ് ' എന്നീ മുദ്രാവാക്യങ്ങൾ മാത്രമാണ് ആഹ്ളാദ പ്രകടനത്തിൽ മുഴങ്ങിയതെന്ന് എംപി നസീർ ഹുസൈൻ വിശദീകരിച്ചെങ്കിലും ബിജെപി അംഗീകരിക്കാൻ കൂട്ടാക്കിയില്ല.
ബിജെപിയുടെ പരാതിയെ തുടർന്ന് കേസെടുത്ത പോലീസ് എംപി യുടെ അനുയായികളിൽ ഒരാളെ ഹാവേരിയിൽ നിന്ന് കസ്റ്റഡിയിൽ എടുക്കുകയും ശബ്ദ സാമ്പിൾ പരിശോധിക്കുകയും ചെയ്തു. ഇതും മുദ്രാവാക്യം വിളിയുടെ സാമ്പിളും ഹൈദരാബാദിലെ ലാബിൽ പരിശോധക്കയച്ചിരിക്കുകയാണ്. ഫലം അനുകൂലമല്ലാത്തതിനാൽ പുറത്തു വിടുന്നില്ലെന്നാണ് ബിജെപിയുടെ ആരോപണം. എന്നാൽ ആരോപണം കർണാട ആഭ്യന്തര മന്ത്രി ജി പരമേശ്വര നിഷേധിച്ചു. റിപ്പോർട്ട് ഇതുവരെ ആഭ്യന്തര വകുപ്പിന് ലഭിച്ചിട്ടില്ലെന്നും ലഭിച്ചാലുടൻ പൊതുജനങ്ങളെ അറിയിക്കുമെന്നും കുറ്റക്കാർക്കെതിരെ നടപടി എടുക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു .
വാട്സാപ്പിൽ ലഭിച്ച 8.49 മെഗാബൈറ്റ് വലുപ്പമുള്ള വീഡിയോ ക്ലിപ്പാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്
അതേസമയം സ്വകാര്യ ലാബിലെ പരിശോധാഫലം അംഗീകരിച്ച് കോൺഗ്രസ് കന്നഡിഗരോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയാണ് ബിജെപി. മുസ്ലീം വിഭാഗത്തെ പ്രീണിപ്പിച്ചും ഹിന്ദു വിരുദ്ധമായി പെരുമാറിയുമാണ് കർണാടകയിലെ കോൺഗ്രസ് ഭരണമെന്ന പ്രചാരണത്തിലാണ് ബിജെപി. ലോക്സഭാ തിരഞ്ഞെടുപ്പിൽ കർണാടകയിൽ വർഗീയ ധ്രുവീകരണത്തിനായി മൂർച്ച കൂട്ടിവെച്ച അനേകം രാഷ്ട്രീയ ആയുധങ്ങളിൽ ഒന്നാണ് പാക് അനുകൂല മുദ്രാവാക്യം.