പബ്ജി പരിചയവും പാക് വനിതയുടെ ഇന്ത്യയിലേക്കുള്ള വരവും; കുടുക്കിയത് അഭിഭാഷകന് തോന്നിയ സംശയം

പബ്ജി പരിചയവും പാക് വനിതയുടെ ഇന്ത്യയിലേക്കുള്ള വരവും; കുടുക്കിയത് അഭിഭാഷകന് തോന്നിയ സംശയം

ഇന്ത്യയില്‍ സ്ഥിരതമാസമാക്കുന്നതിനും യുവാവിനെ വിവാഹം കഴിക്കുന്നതിനുമായുള്ള നിയമ സാധുതകള്‍ സംസാരിക്കാനാണ് സീമയും സച്ചിനും അഭിഭാഷകനെ സമീപിച്ചത്
Updated on
1 min read

പബ്ജി കളിയിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം ജീവിക്കാനായി നാല് കുട്ടികളുമായി അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയ പാക് വനിതയെ പിടികൂടിയ സംഭവം വാർത്തകളിലിടം പിടിച്ചിരുന്നു. ഇരു രാജ്യങ്ങളുമറിയാതെ അതിര്‍ത്തി കടന്ന് എങ്ങനെ ഇവര്‍ ഇന്ത്യയിലെത്തിയെന്നായിരുന്നു പലരും ചിന്തിച്ചത്. ഒരു അഭിഭാഷകന് തോന്നിയ സംശയമാണ് അനധികൃതമായി ഇന്ത്യയിലെത്തിയ യുവതിയെ പിടികൂടുന്നതിനും കാര്യങ്ങള്‍ പുറം ലോകമറിയുന്നതിനും കാരണമായത്.

നോയിഡ സ്വദേശിയായ യുവാവിനെ തേടി നേപ്പാള്‍ വഴിയാണ് യുവതി ഇന്ത്യയിലേക്ക് എത്തിയത്. ഇന്ത്യയില്‍ സ്ഥിരതമാസമാക്കുന്നതിനും യുവാവിനെ വിവാഹം കഴിക്കുന്നതിനുമായുള്ള നിയമ സാധുതകളെ കുറിച്ചു സംസാരിക്കാനാണ് സീമയും സച്ചിനും അഭിഭാഷകനെ സമീപിച്ചത്. യുവതിയുടെ സംസാരത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് അഭിഭാഷകനാണ് പോലീസിനെ അറിയിക്കുന്നത്.

പബ്ജി പരിചയവും പാക് വനിതയുടെ ഇന്ത്യയിലേക്കുള്ള വരവും; കുടുക്കിയത് അഭിഭാഷകന് തോന്നിയ സംശയം
പബ്ജി കളിച്ച് പരിചയപ്പെട്ടു; യുവാവിനെ തേടി നാല് കുട്ടികളുമായി പാകിസ്താനി യുവതി ഇന്ത്യയില്‍

കഴിഞ്ഞ വെളളിയാഴ്ചയാണ് സീമയും സച്ചിനും അഭിഭാഷകനെ കാണാന്‍ എത്തിയത്. ഇന്ത്യന്‍ വിസയെ കുറിച്ചുള്ള അഭിഭാഷകന്റെ ചോദ്യത്തിന് മറുപടി പറയാതെ സീമ ഒഴിഞ്ഞു മാറി. യുവതിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അഭിഭാഷകന്‍ സച്ചിനേയും സീമയേയും പിന്തുടർന്ന് ഇരുവരുടേയും വീട് കണ്ടെത്തി. തുടർന്നാണ് ഇക്കാര്യം പോലീസിനെ അറിയിക്കുന്നത്.

താന്‍ നിരന്തരം ഗാര്‍ഹിക പീഡനത്തിനിരയായിരുന്നെന്ന് സീമ അഭിഭാഷകനോട് തുറന്നു പറഞ്ഞിരുന്നു. സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന പാകിസ്താന്‍ പൗരനാണ് സീമയുടെ ഭര്‍ത്താവ്. നിസാര കാര്യങ്ങള്‍ക്ക് ഭർത്താവ്‍ സീമയെ മര്‍ദ്ദിച്ചിരുന്നുവെന്നാണ് തന്നോട് പറഞ്ഞതെന്നും അഭിഭാഷകന്‍ പോലീസിനോട് വ്യക്തമാക്കി. കൂടാതെ സീമയുടെ സഹോദരന്‍ പാക് സൈനികനാണെന്നും അഭിഭാഷകന്‍ പോലീസിനെ അറിയിച്ചു.

ഗെയിമിങ്ങ് പ്ലാറ്റ് ഫോമായ പബ്ജിയിലൂടെയാണ് പാക് പൗരയായ 27 കാരി സീമ ഗുലാം 22 കാരനായ സച്ചിനെ പരിചയപ്പെടുന്നത്. ഇരുവരും പ്രണയത്തിലാകുകയും തുടര്‍ന്ന് സച്ചിനൊപ്പം ജീവിക്കാനായി സീമ നാല് കുട്ടികളുമായി ഇന്ത്യയിലേക്ക് തിരിക്കുകയും ചെയ്തു. ഈ വര്‍ഷം മേയിലാണ് നേപ്പാള്‍ വഴി അനധികൃതമായി ഇന്ത്യയില്‍ പ്രവേശിച്ചത്. കാഠ്മണ്ഡുവില്‍ നിന്ന് പൊഖ്‌റയിലെത്തി. അവിടെ നിന്നാണ് രാജ്യാതിര്‍ത്തി മറികടന്ന് ഡല്‍ഹിയിലെത്തി സച്ചിനെ നേരിട്ടു കണ്ടത്.

തുടർന്ന്, ഗ്രേറ്റര്‍ നോയിഡയിലെ റബുപുര മേഖലയില്‍ താമസിക്കുന്ന യുവാവിന്റെ വാടക വീട്ടിലാണ് യുവതിയും മക്കളും താമസിച്ചിരുന്നത്. ഇവിടുത്തെ ഒരു പലചരക്ക് കടയിലെ തൊഴിലാളിയാണ് സച്ചിന്‍. ഇന്ത്യയിലെത്തുന്നതിനും മുന്‍പ് ജനുവരിയില്‍ ഇരുവരും നേപ്പാളില്‍ വച്ച് കണ്ടു മുട്ടിയിട്ടുണ്ടെന്നും ഒരുമിച്ച് ജീവിക്കാന്‍ അന്നാണ് തീരുമാനിച്ചതെന്നുമാണ് അഡീഷണല്‍ സി പി സുരേരോ അരവിന്ദ് കുല്‍ക്കര്‍ണി മാധ്യമങ്ങളോട് പറഞ്ഞത്.

'പാകിസ്താൻ യുവതിയും യുവാവും നാല് കുട്ടികളും പോലീസ് കസ്റ്റഡിയിലുണ്ട്. ഇരുവരേയും ചോദ്യം ചെയ്ത് വരികയാണ്. ചോദ്യം ചെയ്യല്‍ കഴിഞ്ഞാല്‍ കൂടുതല്‍ വിശദാംശങ്ങളും വസ്തുതകളും പങ്കിടും.' ഗ്രേറ്റര്‍ നോയിഡ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ സാദ് മിയ ഖാന്‍ പറഞ്ഞു.

logo
The Fourth
www.thefourthnews.in