ആധാറും പാനും ബന്ധിപ്പിക്കാനുള്ള
അവസാന തീയതിമാർച്ച് 31 ; എസ്എംഎസ് , ഓൺലൈൻ ലിങ്കിങ് എങ്ങനെ

ആധാറും പാനും ബന്ധിപ്പിക്കാനുള്ള അവസാന തീയതിമാർച്ച് 31 ; എസ്എംഎസ് , ഓൺലൈൻ ലിങ്കിങ് എങ്ങനെ

ബന്ധിപ്പിക്കാത്തവർക്ക് ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനും പാൻ-അനുബന്ധ സേവനങ്ങൾക്കും നിയന്ത്രണം വരും
Updated on
2 min read

2023 മാർച്ച് 31 ന് മുൻപ് എല്ലാവരും ആധാർ കാർഡ് പാൻ കാർഡുമായി നിർബന്ധമായി ബന്ധിപ്പിച്ചിരിക്കണമെന്ന് ആദായനികുതി വകുപ്പ് . ഇല്ലെങ്കിൽ ഏപ്രിൽ 1 മുതൽ ബന്ധിപ്പിക്കാത്ത പാൻകാർഡുകൾ പ്രവർത്തനരഹിതമാകുമെന്നും വകുപ്പ് പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു. ആധാറും പാൻ കാർഡും ലിങ്ക് ചെയ്യാത്തവർക്ക് ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനും പാൻ-അനുബന്ധ സേവനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തും.

“ ഐടി നിയമം അനുസരിച്ച്, ഒഴിവാക്കപ്പെട്ട വിഭാഗത്തിൽപ്പെടാത്ത എല്ലാ പാൻ ഉടമകളും 2023 മാർച്ച് 31-ന് മുമ്പ് അവരുടെ സ്ഥിരം അക്കൗണ്ട് നമ്പറുകൾ (പാൻ) ആധാറുമായി ബന്ധിപ്പിക്കേണ്ടത് നിർബന്ധമാണ്. 2023 ഏപ്രിൽ 1 മുതൽ, ബന്ധിപ്പിക്കാത്ത പാൻ പ്രവർത്തനരഹിതമാകുന്നതാണ്. വൈകരുത്, ഇന്നുതന്നെ ഇത് ലിങ്ക് ചെയ്യുക!," പ്രസ്‍താവനയിൽ പറയുന്നു.

പാൻ ആധാറും തമ്മിൽ ബന്ധിപ്പിക്കാൻ നിരവധി മാർഗങ്ങൾ ഉണ്ട്. അവയിൽ ഏറ്റവും എളുപ്പം ഉള്ളത് എസ്എംഎസ് വഴി ലിങ്ക് ചെയ്യലാണ്.

ഇതിന്റെ ഘട്ടങ്ങൾ താഴെ പറയുന്നവയാണ്

1. ആദ്യം, UIDPAN ഫോർമാറ്റിൽ ഒരു സന്ദേശം ടൈപ്പ് ചെയ്യുക, അതായത്, UIDPAN (സ്പെയ്സ്) 12 അക്ക ആധാർ നമ്പർ (സ്പെയ്സ്) പത്തക്ക പാൻ നമ്പർ.

2. നിങ്ങളുടെ രജിസ്റ്റർ ചെയ്ത നമ്പറിൽ നിന്ന് 567678 അല്ലെങ്കിൽ 56161 എന്ന നമ്പറിലേക്ക് മാത്രം SMS അയക്കുക.

3. ആധാറും പാൻ കാർഡും സംബന്ധിച്ച് നിങ്ങൾക്ക് ഒരു കൺഫർമേഷൻ സന്ദേശം ലഭിക്കും.

ഓൺലൈൻ വഴി ബന്ധിപ്പിക്കുക എന്നതാണ് മറ്റൊരു മാർഗം

1. ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റ് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റുകൾ, eportal.incometax.gov.in അല്ലെങ്കിൽ incometaxindiaefiling.gov.in എന്നിവ എടുക്കുക.

2. മുൻപ് രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ ചെയ്യുക

3. നിങ്ങളുടെ പാൻ കാർഡ് നമ്പർ അല്ലെങ്കിൽ ആധാർ നമ്പർ നിങ്ങളുടെ ഉപയോക്തൃ ഐഡിയായി ഉപയോഗിക്കാം.

4. ശേഷം , പോർട്ടലിൽ ലോഗിൻ ചെയ്യാൻ നിങ്ങളുടെ യൂസർ ഐഡി, പാസ്‌വേഡ്, ജനനത്തീയതി എന്നിവ ഉപയോഗിക്കുക.

5. പാൻ ആധാറുമായി ബന്ധിപ്പിക്കുന്നത് പരാമർശിക്കുന്ന ഒരു പോപ്പ്-അപ്പ് അറിയിപ്പ് നിങ്ങളുടെ സ്ക്രീനിൽ ഉണ്ടാകും.

6. അറിയിപ്പ് ദൃശ്യമാകുന്നില്ലെങ്കിൽ, ഹോംപേജിന്റെ ഇടതുവശത്തുള്ള 'ക്വിക്ക് ലിങ്കുകൾ' തുറക്കുക.

7. ഹോംപേജിലെ 'ലിങ്ക് ആധാർ' ഓപ്ഷൻ തിരഞ്ഞെടുക്കുക.

8. നിങ്ങളുടെ പാൻ നമ്പർ, ആധാർ നമ്പർ, ആധാർ കാർഡിൽ സൂചിപ്പിച്ചിരിക്കുന്ന നിങ്ങളുടെ പേര് എന്നിവ ടൈപ്പ് ചെയ്യുക.

9. ആവശ്യമെങ്കിൽ "ആധാർ കാർഡിൽ ജനിച്ച വർഷം മാത്രമേയുള്ളൂ" എന്ന ബോക്സ് ഉപയോഗപ്പെടുത്താം

10.സ്ഥിരീകരിക്കാൻ നിങ്ങളുടെ സ്ക്രീനിൽ പ്രദർശിപ്പിച്ചിരിക്കുന്ന ക്യാപ്ച കോഡ് ടൈപ്പ് ചെയ്യുക.

11. നിങ്ങൾ പൂരിപ്പിച്ച എല്ലാ വിശദാംശങ്ങളും നിങ്ങളുടെ പാൻ, ആധാർ രേഖകളുമായി പൊരുത്തപ്പെട്ടുകഴിഞ്ഞാൽ, ആധാറും പാൻ കാർഡും ലിങ്ക് ചെയ്തതായി നിങ്ങൾക്ക് ഒരു സ്ഥിരീകരണ അറിയിപ്പ് ലഭിക്കും.

മുകളിൽ സൂചിപ്പിച്ച ലിങ്ക് തുറക്കുന്നില്ലെങ്കിൽ utiitsl.com, egov-nsdl.co.in എന്നിവയും സന്ദർശിക്കാവുന്നതാണ്. ആധാർ കാർഡിലെയും പാൻ കാർഡിലെയും വിവരങ്ങൾ തമ്മിൽ വ്യത്യാസം ഉണ്ടെങ്കിൽ ആധാർ കാർഡിലെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. ഇവ തമ്മിൽ ബന്ധിപ്പിക്കാൻ വൈകിയതിനാൽ 1000 രൂപ പിഴ കൊടുക്കണം.

logo
The Fourth
www.thefourthnews.in