പനീര്‍ സെല്‍വം, പളനി സ്വാമി
പനീര്‍ സെല്‍വം, പളനി സ്വാമി

ധെെര്യമുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കണം; പളനിസ്വാമിയെ വെല്ലുവിളിച്ച് പനീര്‍സെല്‍വം

നേരത്തെ, എഐഎഡിഎംകെയിൽ എന്നെപ്പോലുള്ള ഒരു സാധാരണ പ്രവർത്തകന് മുഖ്യമന്ത്രിയാകാൻ ഇടമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അത് മാറി
Updated on
1 min read

എഐഎഡിഎംകെ ഇടക്കാല ജനറല്‍ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമിയെ വെല്ലുവിളിച്ച് മുന്‍ എഐഎഡിഎംകെ നേതാവ് ഒ പനീര്‍സെല്‍വം. എം ജി ആര്‍ കെട്ടിപ്പെടുത്തതും ജെ ജയലളിത വളര്‍ത്തിയെടുത്തതുമായ പാര്‍ട്ടിയെ പണമുപയോഗിച്ച് തട്ടിയെടുക്കുന്നതിന് പകരം സ്വന്തമായൊരു പാര്‍ട്ടി രൂപീകരിച്ച് പ്രവർത്തിപ്പിച്ചു കാണിക്കാനാണ് പനീർസെൽവത്തിന്റെ വെല്ലുവിളി.

ചെന്നൈയില്‍ പാര്‍ട്ടി ഭാരവാഹികളെ അഭിസംബോധന ചെയ്യവെയാണ് ഒപിഎസിന്റെ പരാമര്‍ശം. മുതിർന്ന നേതാവ് പണ്രുട്ടി എസ് രാമചന്ദ്രൻ, മുൻ മന്ത്രി ആർ വൈത്തിലിംഗം തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തിരുന്നു. പാർട്ടി നേതൃത്വത്തിനായുള്ള പോരാട്ടത്തിൽ അന്തിമ വിജയം തന്റെ പാളയത്തിനായിരിക്കുമെന്നും പനീര്‍സെല്‍വം പറഞ്ഞു.

വലിയ പൈതൃകമുണ്ടായിട്ടും എഐഎഡിഎംകെയെ ദുർബലപ്പെടുത്താൻ കാരണമായത് ആത്മാഭിമാനമില്ലാത്ത പളനിസ്വാമിയുടെ മനോഭാവമാണ്. എംജിആർ സ്ഥാപിച്ചതും ജയലളിത വളർത്തിയതുമായ പാർട്ടിക്ക് അപമാനം വരുത്താൻ നിങ്ങൾ ആരാണെന്നും പനീർസെൽവം ചോദിച്ചു.

2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ പരാജയത്തിന് കാരണമായത് ഇപിഎസിന്റെ സ്വേച്ഛാധിപത്യ മനോഭാവമാണെന്നും ഒപിഎസ് പറഞ്ഞു. ''അമ്മയുടെ (ജെ ജയലളിത) മരണശേഷം അവർക്ക് 'സ്ഥിരം ജനറൽ സെക്രട്ടറി' എന്ന ബഹുമതി ലഭിച്ചു. അവരുടെ ത്യാഗത്തിനും പാർട്ടിക്ക് നൽകിയ സംഭാവനകൾക്കുമുള്ള അംഗീകാരമായാണ് ഇത് നൽകിയത്. എന്നാൽ ഇപ്പോഴുള്ള നേതൃത്വം അവരെയും വഞ്ചിക്കുകയാണ്. അവരോട് ആരെങ്കിലും ക്ഷമിക്കുമോ?"- ഒപിഎസ് ചോദിച്ചു.

നേരത്തെ, എഐഎഡിഎംകെയിൽ എന്നെപ്പോലുള്ള ഒരു സാധാരണ പ്രവർത്തകന് മുഖ്യമന്ത്രിയാകാൻ ഇടമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അത് മാറി. പണം പ്രധാന ഘടകമായി മാറിയിരിക്കുന്നു. പണത്തിന്റെ ശക്തി ഇപിഎസിനെ ശക്തനാക്കിയെന്നും പനീർസെൽവം പറഞ്ഞു

എഐഎഡിഎംകെയുടെ ഭൂരിപക്ഷം എംഎല്‍എമാരുടെയും നിയന്ത്രണം വി കെ ശശികല കയ്യടക്കിയിരിക്കുകയാണെന്നും, അതാണ് ആഭ്യന്തര പ്രതിസന്ധിയുടെ പ്രധാന കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പണത്തിന്റെ സ്വാധീനമാണ് ശശികലയുടെ വിശ്വസ്തനായിരുന്ന ഇപിഎസിനെ മുഖ്യമന്ത്രിയാക്കാന്‍ സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ശശികലയുടെ തിരിച്ചുവരവിനെ ഇപിഎസ് അടക്കമുള്ള നേതാക്കള്‍ പോലും അനുകൂലിക്കുന്നില്ലെന്നും പനീർസെൽവം ചൂണ്ടിക്കാട്ടി. ഔദ്യോഗിക കണക്കുകള്‍ പ്രകാരം എഐഎഡിഎംകെയുടെ ബാങ്ക് അകൗണ്ടില്‍ 256 കോടി രൂപയോളമുണ്ട്. അതിന്റെ പലിശ ഉപയോഗിച്ചാണ് പാര്‍ട്ടി ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. എന്നാല്‍ ആ പണം ഈ നേതൃത്വം ദുരുപയോഗം ചെയ്താൽ നിയമനടപടി നേരിടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

logo
The Fourth
www.thefourthnews.in