മണിപ്പൂർ വിഷയം രാജ്യസഭയിൽ ചർച്ച ചെയ്യാമെന്ന് കേന്ദ്രം; ചട്ടം 267 പ്രകാരംതന്നെ ചർച്ച വേണമെന്ന് പ്രതിപക്ഷം

മണിപ്പൂർ വിഷയം രാജ്യസഭയിൽ ചർച്ച ചെയ്യാമെന്ന് കേന്ദ്രം; ചട്ടം 267 പ്രകാരംതന്നെ ചർച്ച വേണമെന്ന് പ്രതിപക്ഷം

പാർലമെന്റിന്റെ ഇരുസഭകളിലും ഇന്നും പ്രതിപക്ഷ പ്രതിഷേധം
Updated on
1 min read

മണിപ്പൂർ വിഷയത്തെ ചൊല്ലി പാർലമെന്റിന്റെ ഇരുസഭകളിലും ഇന്നും നടപടികൾ തടസ്സപ്പെട്ടു. മണിപ്പൂർ ചർച്ച ചെയ്യുമെന്ന വാഗ്ദാനം കഴിഞ്ഞ ഒൻപത് ദിവസവും സർക്കാർ പാലിച്ചിരുന്നെന്നും, പ്രതിപക്ഷം സർക്കാരിന്റെ ഭാഗം കേൾക്കാൻ തയ്യാറായില്ലെന്നും കേന്ദ്ര മന്ത്രി പീയുഷ് ഗോയൽ രാജ്യസഭയിൽ പറഞ്ഞു. പ്രതിപക്ഷം തയ്യാറെങ്കിൽ, രണ്ട് മണിക്ക് വിഷയത്തെ ചർച്ച ചെയ്യാമെന്നും പീയുഷ് ഗോയൽ വ്യക്തമാക്കി.

വിഷയം രാജ്യസഭയിൽ ചർച്ച ചെയ്യുകയാണെങ്കിൽ ചട്ടം 267ന് കീഴിൽ തന്നെ വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ലിസ്റ്റ് ചെയ്ത മറ്റ് വിഷയങ്ങളെല്ലാം മാറ്റിവച്ച് രാജ്യം അഭിമുഖീകരിക്കുന്ന നിർണായക പ്രശ്നം ചർച്ച ചെയ്യാൻ അനുവദിക്കുന്നതാണ് ചട്ടം 267. ചട്ടപ്രകാരം ഒരു ചർച്ചയും രാജ്യസഭയിൽ നടന്നിട്ടില്ലെന്നതാണ് ശ്രദ്ധേയം.

വിഷയം ചർച്ച ചെയ്യാൻ ഭരണകക്ഷി ഒരുക്കമാണെന്നും, എന്നാൽ പ്രതിപക്ഷം ഒളിച്ചോടുകയാണെന്നും കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ ആരോപിച്ചു. ''പാർലമെന്റ് സമ്മേളനം ആരംഭിച്ചത് മുതൽ ചർച്ചയ്ക്ക് ഒരുക്കമാണെന്ന നിലപാടിലാണ് ഞങ്ങൾ. പ്രതിപക്ഷം രാഷ്ട്രീയം കളിക്കുകയാണ്. മണിപ്പൂർ സന്ദർശിച്ച എംപിമാർ അവരുടെ കണ്ടെത്തലുകൾ പങ്കുവയ്ക്കട്ടെ'' - അനുരാഗ് ഠാക്കൂർ പറഞ്ഞു.

മണിപ്പൂർ വിഷയം രാജ്യസഭയിൽ ചർച്ച ചെയ്യാമെന്ന് കേന്ദ്രം; ചട്ടം 267 പ്രകാരംതന്നെ ചർച്ച വേണമെന്ന് പ്രതിപക്ഷം
മണിപ്പൂർ വിഷയത്തിലെ പ്രതിപക്ഷ പ്രതിഷേധം അവസരമാക്കി കേന്ദ്രം; കാര്യമായ ചർച്ചകളില്ലാതെ പാർലമെന്റ് കടത്തിയത് 5 ബില്ലുകള്‍

മണിപ്പൂർ വംശീയ കലാപത്തിൽ നരേന്ദ്ര മോദി സർക്കാർ മൗനം പാലിക്കുന്നുവെന്നും മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയുമാണ് പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ' അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചിരുന്നെങ്കിലും, പ്രധാനമന്ത്രി തന്നെ മറുപടി പറയണമെന്നാണ് പ്രതിപക്ഷ ആവശ്യം.

ഡൽഹി ബില്ലിനെതിരെയും പ്രതിപക്ഷ പ്രതിഷേധം ശക്തമാണ്. ഇന്ത്യയുടെ പാർലമെന്ററി ജനാധിപത്യത്തിന്റെ ചരിത്രത്തിൽ ബിജെപി നടത്തുന്ന ഏറ്റവും ജനാധിപത്യവിരുദ്ധവും നിയമവിരുദ്ധവുമായ നിയമനിർമ്മാണ പ്രക്രിയയാണ് ബില്ലെന്ന് എഎപി കുറ്റപ്പെടുത്തി.

logo
The Fourth
www.thefourthnews.in