ലോക്സഭയിലെ പ്രതിപക്ഷ പ്രതിഷേധം ശബ്ദമില്ലാതെ സംപ്രേഷണം ചെയ്തു; രാഹുലിനെ സംസാരിക്കാന്‍ അനുവദിച്ചില്ല

ലോക്സഭയിലെ പ്രതിപക്ഷ പ്രതിഷേധം ശബ്ദമില്ലാതെ സംപ്രേഷണം ചെയ്തു; രാഹുലിനെ സംസാരിക്കാന്‍ അനുവദിച്ചില്ല

രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കുമെതിരായ പ്രധാനമന്ത്രിയുടെ പ്രസ്താവനകള്‍ക്കെതിരെ കെ സി വേണുഗോപാല്‍ എംപി അവകാശലംഘന നോട്ടീസ് നല്‍കി
Updated on
1 min read

ഭരണ - പ്രതിപക്ഷ ബഹളത്തില്‍ തുടര്‍ച്ചയായ അഞ്ചാംദിവസവും സ്തംഭിച്ച് പാര്‍ലമെന്റ്. യുകെ പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന ആവശ്യത്തില്‍ ഭരണപക്ഷവും അദാനി വിഷയത്തില്‍ ജെപിസി അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷവും ഉറച്ചുനിന്നതോടെ സഭാ നടപടികള്‍ ഇന്നത്തേക്ക് പിരിഞ്ഞു. രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം പാര്‍ലമെന്‌റ് തിങ്കളാഴ്ച ചേരുമ്പോഴും ഇതേ നിലപാടില്‍ തുടരാനാണ് ഭരണ - പ്രതിപക്ഷ കക്ഷികളുടെ തീരുമാനം. ബഹളത്തെ തുടര്‍ന്ന് സഭ പിരിഞ്ഞതോടെ പാര്‍ലമെന്‌റിന് മുന്നിലെ ഗാന്ധി പ്രതിമയ്ക്ക് സമീപത്തേക്ക് പ്രതിപക്ഷം പ്രതിഷേധം മാറ്റി.

അദാനി വിഷയമുയര്‍ത്തി ലോക്‌സഭയില്‍ പ്രതിപക്ഷം പ്രതിഷേധിച്ചപ്പോള്‍ 'സന്‍സദ്' ടിവി ശബ്ദം ഒഴിവാക്കി സംപ്രേഷണം ചെയ്തതിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. 'ജനാധിപത്യത്തിന് നേരെയുണ്ടായ ആക്രമണ'മെന്നാണ് കോണ്‍ഗ്രസ് നടപടിയെ വിശേഷിപ്പിച്ചത്. വീഡിയോ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ഷെയര്‍ ചെയ്ത കോണ്‍ഗ്രസ് കുറിച്ചത് ഇങ്ങനെ - ''നേരത്തെ മൈക്ക് ആയിരുന്നു ഓഫ് ചെയ്തുകൊണ്ടിരുന്നത്. ഇന്നിപ്പോള്‍ സഭാ നടപടികള്‍ തന്നെ നിശബ്ദമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുഹൃത്തിന് വേണ്ടിയാണ് ലോക്‌സഭ ശബ്ദമില്ലാതെ സംപ്രേഷണം ചെയ്തത് ''.

ലോക്‌സഭയിലെത്തിയ രാഹുല്‍ ഗാന്ധിയെ ഇന്നും സംസാരിക്കാന്‍ ഭരണപക്ഷം അനുമതി നല്‍കിയില്ല. യുകെ പരാമര്‍ശത്തില്‍ രാഹുല്‍ മാപ്പു പറയാതെ സംസാരിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് ബിജെപി. ഇന്ത്യയില്‍ ജനാധിപത്യം ശക്തമാണെങ്കില്‍ സംസാരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി സ്പീക്കറെ കണ്ട് കത്ത് നല്‍കിയിരുന്നു. ലോക്‌സഭയിലും രാജ്യസഭയിലും രാഹുല്‍ മാപ്പ് പറയണമെന്ന ആവശ്യത്തില്‍ ബിജെപി ഉറച്ചുനിന്നു.

രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കുമെതിരായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനകള്‍ക്കെതിരെ കെ സി വേണുഗോപാല്‍ എംപി അവകാശലംഘന നോട്ടീസ് നല്‍കി. രാഹുലും സോണിയയും ഉള്‍പ്പെടെയുള്ള നെഹ്‌റുവിന്‌റെ പിന്മുറക്കാര്‍ എന്തുകൊണ്ട് നെഹ്‌റുവിന്‌റെ പേര് ഒപ്പം ചേര്‍ക്കുന്നില്ലെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിനെതിരെയാണ് അവകാശലംഘന നോട്ടീസ്.

അതിനിടെ, രാഹുല്‍ ഇന്ത്യാ വിരുദ്ധ ടൂള്‍ക്കിറ്റിന്‌റെ ഭാഗാണെന്ന് കുറ്റപ്പെടുത്തി ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ രംഗത്തെത്തി. ''കോണ്‍ഗ്രസ് രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടമെന്നാണ് രാഹുല്‍ വിദേശരാജ്യങ്ങളോട് ആവശ്യപ്പെടുന്നത്. അത് രാജ്യത്തിന്‌റെ പരമാധികാരത്തിനെതിരായ ആക്രമണമാണ്''- നദ്ദ കുറ്റപ്പെടുത്തി.

നദ്ദയുടെ ആക്ഷേപങ്ങള്‍ക്കെതിരെ മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ രംഗത്തെത്തി. സ്വാതന്ത്ര്യ സമരത്തില്‍ ഒരു പങ്കുമില്ലാത്തെ ബിജെപിയാണ് രാജ്യ വിരുദ്ധ പാര്‍ട്ടിയെന്ന് ഖാര്‍ഗെ തിരിച്ചടിച്ചു. ജനാധിപത്യത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നത് എങ്ങനെ രാജ്യദ്രോഹമാകുമെന്നും ഖാര്‍ഗെ ചോദിച്ചു.

logo
The Fourth
www.thefourthnews.in