രാജ്യസഭാ നടപടികൾ തടസപ്പെടുത്തി; ജെബി മേത്തർ ഉൾപ്പടെ 13 പ്രതിപക്ഷ എംപിമാരിൽ നിന്ന് വിശദീകരണം തേടും

രാജ്യസഭാ നടപടികൾ തടസപ്പെടുത്തി; ജെബി മേത്തർ ഉൾപ്പടെ 13 പ്രതിപക്ഷ എംപിമാരിൽ നിന്ന് വിശദീകരണം തേടും

കോൺഗ്രസിന്റെ രജനി പാട്ടീലിനെ ഫെബ്രുവരി 10 ന് പാർലമെന്റ് നടപടികൾ മൊബൈൽ ഫോണിൽ പകർത്തിയെന്നാരോപിച്ച് സസ്പെൻഡ് ചെയ്തിരുന്നു
Updated on
1 min read

പാർലമെൻററി ബഡ്‌ജറ്റ്‌ സെക്ഷന്റെ ആദ്യ പകുതിയിൽ നടപടികൾ തടസപ്പെടുത്തിയതിന് 13 പ്രതിപക്ഷ എംപി മാരിൽ നിന്ന് വിശദീകരണം തേടാൻ തീരുമാനം. രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവൻഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേകാവകാശ സമിതിയുടേതാണ് തീരുമാനം. ഇതിൽ 12 എംപിമാർക്കെതിരെയുള്ള പ്രത്യേകാവകാശ നോട്ടീസ് രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻഖർ സമിതിക്ക് കൈമാറി.

കേരളത്തിൽ നിന്നുള്ള ജെബി മേത്തർ ഉൾപ്പടെ കോൺഗ്രസിന്റെ ഒമ്പതും എഎപിയിലെ മൂന്ന് എംപിമാരും ഉൾപ്പെടെ 13 പേരിൽ നിന്ന് വിശദീകരണം തേടാൻ ഡെപ്യൂട്ടി ചെയർമാൻ ഹരിവംശ് അധ്യക്ഷനായ രാജ്യസഭയുടെ പ്രത്യേകാവകാശ സമിതി തിങ്കളാഴ്ച ഏകകണ്ഠമായി തീരുമാനിക്കുകയായിരുന്നു. ഇതിൽ കോൺഗ്രസിന്റെ രജനി പാട്ടീലിനെ ഫെബ്രുവരി 10 ന് പാർലമെന്റ് നടപടികൾ മൊബൈൽ ഫോണിൽ പകർത്തിയെന്നാരോപിച്ച് സസ്പെൻഡ് ചെയ്തിരുന്നു. ശക്തിസിൻഹ് ഗോഹിൽ, നരൻഭായ് ജെ റാത്വ, സയ്യിദ് നാസിർ ഹുസൈൻ, കുമാർ കേത്കർ, ഇമ്രാൻ പ്രതാപ്ഗർഹി, എൽ ഹനുമന്തയ്യ, ഫൂലോ ദേവി നേതം, ജെബി മാതർ ഹിഷാം, രഞ്ജീത് രഞ്ജൻ എന്നിവരാണ് കോൺഗ്രസിലെ മറ്റുള്ളവർ. സഞ്ജയ് സിംഗ്, സുശീൽ കുമാർ ഗുപ്ത, സന്ദീപ് കുമാർ പതക് എന്നിവരാണ് എഎപി അംഗങ്ങൾ.

രാജ്യസഭയുടെ നിമയങ്ങളും മര്യാദകളും ലംഘിച്ച് ആവർത്തിച്ച് മുദ്രാവാക്യം വിളിക്കുകയും കൗൺസിലിൽ പ്രവേശിച്ച് സഭാനടപടികൾ തടസപ്പെടുത്തുകയും ചെയ്തതിന് 12 എംപിമാർ പ്രത്യേകാവകാശ ലംഘനം നടത്തിയെന്നാരോപിച്ച് അന്വേഷിക്കാൻ പ്രിവിലേജ് കമ്മിറ്റിയോട് ധന്ഖർ ആവശ്യപ്പെട്ടതായി ഫെബ്രുവരി 18ലെ രാജ്യസഭാ ബുള്ളറ്റിനിൽ പറയുന്നു.

ഈ മാസം ആദ്യം അവസാനിച്ച ബജറ്റ് സമ്മേളനത്തിന്റെ ആദ്യ പാദത്തിൽ വിവിധ വിഷയങ്ങളിൽ പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധത്തെത്തുടർന്ന് രാജ്യസഭ പലതവണ തടസപ്പെട്ടിരുന്നു. അദാനി ഓഹരി വിഷയം അന്വേഷിക്കാൻ സംയുക്ത പാർലമെന്ററി കമ്മിറ്റി ( JPC ) വേണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടാണ് പാർലമെൻററി സെഷന്റെ ആദ്യ പകുതിയിൽ ബഹളത്തിന് കാരണമായത്. പിന്നീട് രാഷ്ട്രപതി പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിനുള്ള മറുപടിക്കുള്ള പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെയാണ് ബഹളവും മുദ്രാവാക്യവും ഉയർന്നത്.

logo
The Fourth
www.thefourthnews.in