'ന്നാ താൻ കേസ് കൊടു'ത്തിട്ടും കാര്യമില്ല; സുപ്രീംകോടതിയിൽ തീർപ്പാകാത്ത കേസുകളുടെ എണ്ണം റെക്കോർഡ് കടന്നു
വൈകി എത്തുന്ന നീതി, നീതി നിഷേധത്തിന് തുല്യമാണെന്നല്ലേ. അങ്ങനെയെങ്കിൽ ഇന്ത്യയിൽ നടക്കുന്നത് നീതി നിഷേധമാണോ എന്ന് സംശയിക്കേണ്ടിവരും. ലക്ഷകണക്കിന് കേസുകളാണ് ഇന്ത്യയിലെ കോടതികളിൽ കെട്ടിക്കിടക്കുന്നത്. സുപ്രീംകോടതിയിൽ മാത്രം തീർപ്പാകാതെയുള്ള കേസുകളുടെ എണ്ണം 83,000 കടന്നുവെന്നാണ് പുതിയ കണക്കുകൾ. കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണത്തിൽ ഇത് റെക്കോർഡ് വർധനയാണ്. ഇതിന് പുറമെയാണ് ഹൈക്കോടതികളിലും കീഴ്ക്കോടതികളിലും കെട്ടിക്കിടക്കുന്ന കേസുകൾ.
കഴിഞ്ഞ 10 വർഷത്തിനിടെ രണ്ട് തവണ മാത്രമാണ് കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയിട്ടുള്ളത്
2016ൽ ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് ടി എസ് താക്കൂർ സുപ്രീം കോടതി ജഡ്ജിമാരുടെ ജോലി ഭാരവും കേസുകളുടെ വർധനയും ചൂണ്ടിക്കാട്ടി വികാരാധീനനായിരുന്നു. ജഡ്ജിമാരുടെ എണ്ണം ഉയർത്തിയെങ്കിലും കേസുകൾ തീർപ്പാക്കുന്നതിൽ അത് ഗുണം ചെയ്തില്ലെന്നാണ് ഇപ്പോഴത്തെ കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ 10 വർഷത്തിനിടെ രണ്ട് തവണ മാത്രമാണ് കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണത്തിൽ എന്തെങ്കിലും കുറവ് രേഖപ്പെടുത്തിയിട്ടുള്ളത്.
2009ൽ സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം 26ൽ നിന്ന് 31 ആക്കി ഉയർത്തിയിരുന്നു. എന്നിട്ടും 2013 ആയപ്പോഴേക്കും തീർപ്പാക്കാനാവാത്ത കേസുകളുടെ എണ്ണം 50,000ത്തിൽ നിന്ന് 66,000 ആയി ഉയർന്നു. 2014 ആണ് കേസുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയ വർഷം. 63,000ത്തിലേക്ക് താഴ്ന്നു. 2015ലും സമാനമായ സ്ഥിതി തുടരാനായി. കേസുകൾ 59,000 ആയി കുറഞ്ഞു. എന്നാൽ 2016 ആയപ്പോഴേക്കും കാര്യങ്ങൾ വീണ്ടും പഴയപടിയിലേക്കായി. കേസുകളുടെ എണ്ണം വീണ്ടും 63,000ത്തിലെത്തി.
2017ൽ ജസ്റ്റിസ് ജെ എസ് കെഹാർ ചീഫ് ജസ്റ്റിസായിരിക്കുമ്പോഴാണ് 'കടലാസ് രഹിത കോടതി' എന്ന ആശയം പ്രാവർത്തികമാക്കുന്നത്. ഇത് 2018ൽ തീർപ്പാകാത്ത കേസുകളുടെ എണ്ണം 56,000ത്തിലേക്ക് താഴ്ത്തുന്നതിന് സഹായിച്ചു. പക്ഷെ , 2019ൽ വീണ്ടും പതിവ് ആവർത്തിച്ചു. 57,000 ആയി ഉയർന്നു.
ചീഫ് ജസ്റ്റിസായിരുന്ന രഞ്ജൻ ഗോഗോയിയുടെ ആവശ്യപ്രകാരം 2019ൽ ജഡ്ജിമാരുടെ എണ്ണം 31ൽ നിന്ന് 34 ആക്കി കേന്ദ്ര സർക്കാർ ഉയർത്തി. പക്ഷെ കേസുകൾ തീർപ്പാകാതെ കിടക്കുന്നതിന് അന്ത്യം കുറിക്കാനായില്ല. ആ വർഷം എണ്ണം 60,000 പിന്നിട്ടു . പിന്നീടായിരുന്നു കോവിഡിന്റെ വരവ്. കോടതി നടപടികൾ തടസപ്പെട്ടതോടെ സ്വാഭാവികമായും കേസുകളുടെ എണ്ണവും കുത്തനെ ഉയർന്നു. 2021-22ൽ 70,000 പിന്നിട്ടു തീർപ്പാകാതെ കിടക്കുന്ന കേസുകൾ. 2022 ആയപ്പോഴേക്കും 79,000ത്തിലേക്കെത്തി.
കഴിഞ്ഞ രണ്ട് വർഷത്തിനിടെയാണ് ഇത് 83,000ത്തിലേക്ക് ഉയർന്നത്. തീർപ്പാകാതെ കിടക്കുന്ന കേസുകളിൽ 33 ശതമാനം മാത്രമാണ് ഒരു വർഷം മാത്രം പഴക്കമുള്ളവ. കഴിഞ്ഞ വർഷം 38,995 പുതിയ കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ തീർപ്പാക്കിയത് 37,158 കേസുകളാണ്.
2014ൽ വിവിധ ഹൈക്കോടതികളിലായി കെട്ടിക്കിടക്കുന്നത് 41 ലക്ഷം കേസുകളായിരുന്നു. 2023ൽ അത് 61 ലക്ഷത്തിലെത്തി നിന്നു. നിലവിൽ 59 ലക്ഷമാണ് ഹൈക്കോടതികളിൽ തീർപ്പാകാതെ കടക്കുന്ന കേസുകൾ. വിചാരണക്കോടതികളിൽ ഇത് 4.5 കോടി കേസുകളാണ്.
വ്യവഹാരങ്ങൾ നീണ്ടുപോകുന്നതിൽ ജഡ്ജിമാരുടെ കുറവാണ് ഒരു പ്രധാന കാരണം. സുപ്രീംകോടതിയിലും ഹൈക്കോടതിയിലും കീഴ്ക്കോടതികളിലും ജഡ്ജിമാരുടെ ഒഴിവുകൾ സമയബന്ധിതമായി നികത്തപ്പെടുന്നില്ല. കേസുകൾ വ്യക്തമായ കാരണങ്ങളില്ലാതെ മാറ്റിവെയ്ക്കുന്നതാണ് മറ്റൊന്ന്. ആവശ്യത്തിനും അനാവശ്യത്തിനും അഭിഭാഷകർ അഡ്ജേൺമെന്റ് ആവശ്യപ്പെടുന്നു. ഇതിനെതിരെ സുപ്രീംകോടതിയും ഹൈക്കോടതികളുമെല്ലാം രംഗത്തെത്തിയിട്ടും കാര്യമായ ഫലമുണ്ടായില്ല.