'ചെക്ക് കേസ് നീട്ടിവയ്ക്കണം'; കേന്ദ്ര മന്ത്രിമാരുടെ പേരില്‍ ജഡ്ജിക്ക് ഫോണ്‍ കോള്‍, സ്വാധീനിക്കാന്‍ ശ്രമം

'ചെക്ക് കേസ് നീട്ടിവയ്ക്കണം'; കേന്ദ്ര മന്ത്രിമാരുടെ പേരില്‍ ജഡ്ജിക്ക് ഫോണ്‍ കോള്‍, സ്വാധീനിക്കാന്‍ ശ്രമം

ഭാവിയിൽ ഇത്തരം സമ്മർദ്ദ തന്ത്രങ്ങൾ അവലംബിക്കരുതെന്ന് ശാസിക്കുകയും ഇത്തരത്തിലുളള നീക്കങ്ങൾ നടത്തുന്നവർതക്കെതിരെ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും ജഡ്ജി ആഷു കുമാർ ജെയിൻ മുന്നറിയിപ്പ് നൽകി.
Updated on
2 min read

കേന്ദ്രമന്ത്രിമാരുടെ സ്റ്റാഫ് എന്ന് അവകാശവാദവുമായി കോടതിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് വെളിപ്പെടുത്തലുമായി ഹരിയാനയിലെ സെഷൻസ് കോടതി ജഡ‍്ജി. ഹരിയാനയിലെ കുരുക്ഷേത്ര അഡീഷണൽ സെഷൻസ് കോടതി ജഡ‍്ജി ആഷു കുമാർ ജെയിൻ കുരുക്ഷേത്ര ജില്ലാ ആൻഡ് സെഷൻസ് ജഡ്ജിക്ക് അയച്ച കത്തിലാണ് ആക്ഷേപം ഉയര്‍ത്തുന്നത്. ഹരിയാന അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ലിമിറ്റഡും എം/എസ് ശ്യാം ഓവർസീസ് & ഓർസും തമ്മിലുളള കേസിന്റെ പേരിലാണ് തന്റെ മേല്‍ സമ്മര്‍ദ ശ്രമങ്ങളുണ്ടായതെന്നാണ് വെളിപ്പെടുത്തല്‍.

ഹരിയാന അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ലിമിറ്റഡും എം/എസ് ശ്യാം ഓവർസീസ് & ഓർസും തമ്മിലുളള കേസിന്റെ പേരിലാണ് തന്റെ മേല്‍ സമ്മര്‍ദ ശ്രമങ്ങളുണ്ടായതെന്നാണ് വെളിപ്പെടുത്തല്‍

2018 ലെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് സെക്ഷൻ 138 പ്രകാരം ഒരു ക്രിമിനൽ പരാതിയിൽ ശിക്ഷിക്കപ്പെട്ടതിന് എതിരെയാണ് മൂന്ന് പേർ സെഷൻസ് കോടതിയിൽ അപ്പീല്‍ സമീപിച്ചത്. ശ്യാം ലാൽ, ബീന ദേവി, മോഹിത് ഗാർഗ് എന്നിവരാണ് കോടതിയിൽ അപ്പീലിനായി പോയത്. ഇവർ നിലവിൽ ജാമ്യത്തിലാണ്. ഈ വർഷം ജൂൺ ഒന്നിന്, ആർബിട്രേഷൻ നടപടികൾ പൂർത്തിയാകുന്നതുവരെ അപ്പീലിലെ തുടർനടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് അവർ കോടതിയെ സമീപിച്ചത്. പിന്നാലെയായിരുന്നു സ്വാധീന ശ്രമങ്ങളുണ്ടായത്.

കോളുകൾക്ക് മറുപടി നൽകാതെയായപ്പോൾ എസ്എംഎസുകള്‍

കേസ് ​ദീർഘനാളത്തേക്ക് നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജൂൺ 28നാണ് കേന്ദ്ര ഭക്ഷ്യ സംസ്‌കരണ മന്ത്രിയുടെ പേഴ്‌സണൽ സെക്രട്ടറിയെന്ന് സ്വയം പരിചയപ്പെടുത്തി ജഡ്ജിക്ക് ഫോൺ കോളുകൾ വന്നത്. എന്നാൽ, കോടതികളിൽ കാര്യങ്ങൾ തീരുമാനിക്കുന്നത് ശുപാർശകളുടെ അടിസ്ഥാനത്തിലല്ലെന്നും മെറിറ്റിന്റെ അടിസ്ഥാനത്തിലാണെന്നും മറുപടി നല്‍കിയതായി ജഡ്ജി വ്യക്തമാക്കി.

ജൂലൈ ഒന്നിന് മറ്റൊരു മൊബൈൽ നമ്പറിൽ നിന്നും വീണ്ടും കോൾ വരികയുണ്ടായി. ഇത്തവണ കേന്ദ്ര നിയമ മന്ത്രിയുടെ പേഴ്‌സണൽ സെക്രട്ടറിയാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് കേസ് ദീർഘകാലത്തേക്ക് മാറ്റിവ്യക്കാൻ ആവശ്യപ്പെട്ടത്. വിളിച്ചയാളെ ശാസിക്കുകയും വീണ്ടും വിളിച്ചാൽ ക്രിമിനൽ നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയതായും ജഡ്ജി പറഞ്ഞു.

നിയമനടപടികളില്‍ ഇടപെടാറില്ലെന്ന് മന്ത്രിമാരുടെ ഓഫീസ്

കോളുകൾക്ക് മറുപടി നൽകാതെയായപ്പോൾ എസ്എംഎസുകളും വന്നുവെന്നും അദ്ദേഹം ഉത്തരവിൽ പറയുന്നു. "ഗുഡ് മോർണിംഗ് സർ, ഞാൻ നിയമമന്ത്രി അർജുൻ റാം മേഘ്‌വാളിന്റെ പേഴ്‌സണൽ സെക്രട്ടറി സച്ചിനാണ്. അഗ്രോ കേസുമായി ബന്ധപ്പെട്ട് ഞാൻ ജൂലൈ 1 ന് നിങ്ങളോട് സംസാരിച്ചിരുന്നു. ഇന്ന് കേസിന്റെ ഹിയറിംഗ് അവിടെയാണ്. കേസുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നതിനാൽ 5-6 മാസത്തെ തീയതി നൽകണമെന്നതാണ് ഞങ്ങളുടെ ആവശ്യം". കേസിന്റെ നമ്പറും ലിസിറ്റിങ് നമ്പറും സഹിതമാണ് മൊബൈൽ സന്ദേശത്തിൽ ഉണ്ടായിരുന്നത്.

അതിനിടെ, ഇതേകേസില്‍ പ്രതികള്‍ സമര്‍പ്പിച്ച കോടതി തള്ളുകയും ചെയ്തു. കോടതിയെ സ്വാധീനിക്കാൻ ശ്രമിച്ച കാര്യം വിശദീകരിച്ചുകൊണ്ടായിരുന്നു ഉത്തരവ്. ജഡ്ജിയെ വിളിച്ച മൊബൈൽ ഫോൺ നമ്പറുകളും ഉത്തരവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭാവിയിൽ ഇത്തരം സമ്മർദ്ദ തന്ത്രങ്ങൾ അവലംബിക്കരുതെന്ന് ശാസിക്കുകയും ഇത്തരത്തിലുളള നീക്കങ്ങൾ നടത്തുന്നവർതക്കെതിരെ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും ജഡ്ജി ആഷു കുമാർ ജെയിൻ മുന്നറിയിപ്പ് നൽകി.

അതേസമയം, നിയമനടപടികളില്‍ ഇടപെടാറില്ലെന്ന് വിവിധ മന്ത്രാലയങ്ങള്‍ വാര്‍ത്തയോട് പ്രതികരിച്ചു. ഒരു കേസിനെ കുറിച്ചു തങ്ങളുടെ ഓഫീസിൽ ചർച്ച ചെയ്തിട്ടില്ല, ജഡ്ജിമാരെ വിളിക്കുന്നത് തങ്ങളുടെ ശീലമല്ലെന്നും സംഭവത്തിന് പിന്നാലെ കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ പ്രതികരിച്ചു. വിളിച്ചയാളുടെ പേരിലുളള ഒരു ഉദ്യോ​ഗസ്ഥനും തങ്ങളുടെ ഓഫീസിൽ ഇല്ലെന്നും മന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കി. കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രി പശുപതി കുമാർ പരാസിന്റെ സ്റ്റാഫിൽ ഒരു സ്ത്രീ പോലുമില്ലെന്ന് മന്ത്രിയുടെ ഓഫീസും വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in