'നഗര കേന്ദ്രീകൃത വരേണ്യ വർഗത്തിന്റെ കാഴ്ചപ്പാട്'; സ്വവർഗ വിവാഹത്തിനെതിരെ സുപ്രീംകോടതിയിൽ വീണ്ടും കേന്ദ്രം
സ്വവർഗ വിവാഹത്തെ വീണ്ടും എതിർത്ത് സുപ്രീംകോടതിയിൽ കേന്ദ്ര സര്‍ക്കാര്‍. സ്വവർഗ വിവാഹങ്ങൾ ഇന്ത്യയിലെ നഗര കേന്ദ്രീകൃത വരേണ്യവർഗത്തിന്റെ മാത്രം കാഴ്ചപ്പാടാണെന്നും അംഗീകരിക്കാനാവില്ലെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.
ഇന്ത്യയിൽ സ്വവർഗ വിവാഹങ്ങൾ അംഗീകരിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികളിൽ നാളെ കോടതി വാദം കേൾക്കാനിരിക്കെയാണ് കേന്ദ്ര സർക്കാർ വീണ്ടും നിലപാട് വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച ഹർജികൾ നിലനിൽക്കുമോ എന്ന് കോടതി ആദ്യം പരിശോധിക്കണമെന്നും കേന്ദ്രം വ്യക്തമാക്കി.
രാജ്യത്ത് നിലവിലുള്ള വിവാഹ സങ്കല്പങ്ങൾക്ക് തുല്യമായി സ്വവര്‍ഗ വിവാഹത്തെ പരിഗണിക്കുന്നത് പൗരന്മാരുടെ താല്പര്യങ്ങളെ ഗുരുതരമായി ബാധിക്കും. ഗ്രാമീണ, നഗര കേന്ദ്രീകൃത ജനങ്ങളുടെ കാഴ്ചപ്പാടുകളും വ്യക്തിഗത നിയമങ്ങളും മതവിഭാഗങ്ങളുടെ കാഴ്ചപ്പാടുകളും പാർലമെന്റിന് ഇക്കാര്യത്തിൽ കണക്കിലെടുക്കേണ്ടതുണ്ടെന്ന് കേന്ദ്രം പറയുന്നു. കൂടുതൽ അവകാശങ്ങൾ നൽകുക, ബന്ധങ്ങൾ അംഗീകരിക്കുക, അത്തരം ബന്ധങ്ങൾക്ക് നിയമപരമായ അംഗീകാരം നൽകുക എന്നിവ പാര്‍ലമെന്റിന്റെ അധികാരപരിധിയിലാണെന്നും വ്യക്തമാക്കുന്നു.
"ഭരണഘടനയുടെ ഷെഡ്യൂൾ VII-ലെ പട്ടിക III-ലെ എൻട്രി 5-ന് കീഴിലുള്ള നിയമനിർമ്മാണ നയത്തിന്റെ കാര്യമാണ് ഇത്. നിയമ നിർമാണസഭയാണ് ഇത് സംബന്ധിച്ച് തീരുമാനം കൈക്കൊള്ളേണ്ടത് "- കേന്ദ്രം വ്യക്തമാക്കി. നിയമ നിർമാണ സഭയുടെ ഉത്തരവാദിത്വം പൗരന്മാരോടാണ്. അത് ജനഹിതത്തിന് അനുസൃതമായി പ്രവർത്തിക്കേണ്ടതാണ്. നിയമസഭ വിശാല വീക്ഷണങ്ങൾ പരിഗണിക്കേണ്ടതുണ്ടെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.
എന്നാൽ ഡൽഹി ബാലാവകാശ സംരക്ഷണ കമ്മീഷൻ (ഡിസിപിസിആർ) സ്വവർഗ വിവാഹത്തെ പിന്തുണച്ചിട്ടുണ്ട്. ദത്തെടുക്കലും പിന്തുടർച്ചാവകാശവും സ്വവർഗ ദമ്പതികൾക്കും അവകാശപ്പെട്ടതാണെന്നാണ് കമ്മീഷന്‍ നിലപാട്.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, പി എസ് നർസിംഹ, ഹിമ കോഹ്‌ലി, എസ് നരസിംഹ എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ചൊവ്വാഴ്ച സ്വവർഗ വിവാഹം സംബന്ധിച്ച 15 ഹർജികൾ പരിഗണിക്കുക.
ഹർജികളെ എതിർത്ത് കേന്ദ്ര സർക്കാർ നേരത്തെയും സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. സ്വവര്‍ഗ പങ്കാളികളായി ജീവിക്കുന്നതും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതും , പുരുഷനും സ്ത്രീയും ഉൾപ്പെടുന്ന ഇന്ത്യൻ കുടുംബ സങ്കൽപ്പവുമായി താരതമ്യപ്പെടുത്താനാവില്ലെന്ന് കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു. ചില ന്യൂനപക്ഷങ്ങളും സമാന വീക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നു.