ബില്ലുകൾ പരിഗണിക്കുന്നില്ല;  തമിഴ്നാട്, കേരള ഗവർണർമാർക്കെതിരായ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ബില്ലുകൾ പരിഗണിക്കുന്നില്ല; തമിഴ്നാട്, കേരള ഗവർണർമാർക്കെതിരായ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. എട്ട് ബില്ലുകൾ പരിഗണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആരിഫ് മുഹമ്മദ് ഖാനെതിരെ കേരളം സുപ്രീം കോടതിയെ സമീപിച്ചത്
Updated on
1 min read

ഗവർണർമാർക്കെതിരായ കേരളത്തിന്റെയും തമിഴ്‌നാടിന്റെയും ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. എട്ട് ബില്ലുകൾ പരിഗണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരളം സുപ്രീം കോടതിയെ സമീപിച്ചത്. ചീഫ് സെക്രട്ടറി ഡോ വേണു, ടി പി രാമകൃഷ്ണൻ എംഎൽഎ എന്നിവരാണ് ഹർജിക്കാർ.

പൊതുജനാരോഗ്യം, ഉന്നതവിദ്യാഭ്യാസം, ലോകായുക്ത മുതലായ വിഷയങ്ങളിലെ എട്ട് ബില്ലുകളാണ് കേരളത്തിന്റേത്. സുപ്രീംകോടതിയിലെ ഹർജിക്ക് പിന്നാലെ രണ്ട് ബില്ലുകളിൽ ഗവർണർ ഒപ്പുവെച്ചിരുന്നു. തമിഴ്‌നാട് സമർപ്പിച്ച 10 ബില്ലുകളാണ് ഗവർണർ ആർ എൻ രവി തിരിച്ചയച്ചത്. ഈ ബില്ലുകൾ തമിഴ്‌നാട് നിയമസഭ വീണ്ടും പാസാക്കുകയും ഗവർണർക്ക് അയക്കുകയും ചെയ്തിരുന്നു. ഇക്കാര്യം തമിഴ്നാട് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചേക്കും.

ബില്ലുകൾ പരിഗണിക്കുന്നില്ല;  തമിഴ്നാട്, കേരള ഗവർണർമാർക്കെതിരായ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും
അധികാരം പിടിക്കാന്‍ ഗവര്‍ണര്‍ രാജ്; ബിജെപിയെ തിരിഞ്ഞുകൊത്തുമോ സമ്മര്‍ദ്ദതന്ത്രം?

കേരളത്തിനുവേണ്ടി മുതിർന്ന അഭിഭാഷകൻ കെ കെ വേണുഗോപാലും അഭിഭാഷകനായ സി കെ ശശിയും തമിഴ്‌നാടിനുവേണ്ടി മുതിർന്ന അഭിഭാഷകരായ എഎം സിംഗ്വി, പി വിൽസൺ, അഭിഭാഷകൻ ശബരീഷ് സുബ്രഹ്‌മണ്യൻ എന്നിവരും ഹാജരാകും.

നേരത്തെ തമിഴ്‌നാടും പഞ്ചാബും സമർപ്പിച്ച ഹർജിയിൽ, ബില്ലുകളിൽ ഗവർണർമാർ തീരുമാനമെടുക്കാൻ വൈകുന്നതിനെതിരെ സുപ്രീംകോടതി രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ടവരല്ല ഗവർണർമാർ എന്ന വസ്തുത അവർ അവഗണിക്കരുതെന്ന് ചീഫ് ജസ്റ്റിസ് ഓർമപ്പെടുത്തിയിരുന്നു.

ഗവർണർ ആർ എൻ രവി 'ഭരണഘടനാപരമായ സ്തംഭനാവസ്ഥ' സൃഷ്ടിച്ച് ഭരണഘടനാപരമായ രാഷ്ട്രതന്ത്രജ്ഞനേക്കാൾ ഉപരി 'രാഷ്ട്രീയ എതിരാളിയെ' പോലെയാണ് പ്രവർത്തിക്കുന്നതെന്ന് തമിഴ്നാട് ആരോപിച്ചിരുന്നു. തമിഴ്‌നാട് സർക്കാരിന്റെ ഹർജിയിൽ പ്രതികരിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുഖേന കോടതി ഔദ്യോഗികമായി നോട്ടീസ് അയച്ചിരുന്നു. ഇന്ത്യൻ അറ്റോർണി ജനറലിനോടോ അദ്ദേഹത്തിന്റെ അഭാവത്തിൽ ഇന്ത്യയുടെ സോളിസിറ്റർ ജനറലിനോടോ നവംബർ 20ന് കോടതിയിൽ ഹാജരാകാനും ആവശ്യപ്പെടുകയുണ്ടായി.

ഭരണഘടനയുടെ അനുച്ഛേദം 200, ഗവർണറോട് സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകൾ അംഗീകാര പ്രഖ്യാപനത്തിനായി അവതരിപ്പിക്കുമ്പോൾ എത്രയും വേഗം നടപടിയെടുക്കണമെന്ന് ഗവർണറെ ചുമതലപ്പെടുത്തുന്ന കാര്യവും കോടതി ചൂണ്ടിക്കാട്ടി.

ഗവർണറുടെ നടപടിക്കെതിരെ കേരളം രണ്ട് തവണ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. നേരത്തെ പഞ്ചാബ് സമർപ്പിച്ച സമാനമായ ഹർജിയുമായി ബന്ധപ്പെട്ട് വാദം കേൾക്കുന്നതിനിടെ, സംസ്ഥാന സർക്കാർ കോടതിയെ സമീപിച്ചശേഷം മാത്രം ഗവർണർമാർ ബില്ലുകളിൽ ഇടപെടുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് കോടതി വാക്കാൽ പറഞ്ഞിരുന്നു.

ബില്ലുകൾ പരിഗണിക്കുന്നില്ല;  തമിഴ്നാട്, കേരള ഗവർണർമാർക്കെതിരായ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും
'ജനങ്ങൾ തിരഞ്ഞെടുത്തവരല്ലെന്ന് ഓർമ വേണം, ബില്ലുകളിൽ തീരുമാനം വൈകിപ്പിക്കരുത്'; ഗവർണർമാരോട് സുപ്രീംകോടതി

കേരളം സുപ്രീംകോടതിയെ സമീപിച്ച നടപടി സ്വാഗതം ചെയ്യുന്നതായും സർക്കാരിന്റെ ഹർജിക്ക് സുപ്രീംകോടതിയിൽ മറുപടി നൽകുമെന്നുമായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചത്. ഭരണഘടനാപരമായി സംശയമുണ്ടെങ്കിൽ ആർക്കും സുപ്രീം കോടതിയെ സമീപിക്കാം. വിഷയത്തിൽ വ്യക്തതയ്ക്കുവേണ്ടിയാകും സർക്കാർ സുപ്രീം കോടതിയെ സമീപിച്ചതെന്നും ഗവർണർ പറഞ്ഞിരുന്നു.

ഹർജിയിൽ തീരുമാനമാകുന്നതോടെ ആശയക്കുഴപ്പം മാറുമല്ലോയെന്നും മുഖ്യമന്ത്രി നേരിട്ടുവന്ന് വിശദീകരിക്കുന്നത് വരെ ബില്ലുകളിൽ പുനർവിചിന്തനമില്ലെന്നും ഗവർണർ പറഞ്ഞിരുന്നു.

logo
The Fourth
www.thefourthnews.in