ഉദ്യാന നഗരത്തിലെ തബേബുയ വസന്തം

ഉദ്യാന നഗരത്തിലെ തബേബുയ വസന്തം

നഗരത്തിന് ഭംഗി കൂട്ടാൻ വിദേശ രാജ്യങ്ങളിൽ പാതയ്ക്കിരുവശങ്ങളിലും നട്ടു വളർത്തുന്ന കോളാമ്പി പൂക്കളുണ്ടാകുന്ന മരമാണ് തബേബുയ
Updated on
2 min read

സാമൂഹ്യ മാധ്യമങ്ങളിലെങ്ങും റീൽസായും സ്റ്റാറ്റസ് ആയും ബെംഗളൂരുകാർക്കു പറയാനുള്ളത് പിങ്ക് വസന്തം വിരുന്നു വന്ന കഥയാണ്. നോക്കിനിന്ന് പോകുന്നത്രയും ചന്തമുള്ള തബേബുയ വസന്തം. നഗരത്തിന് ഭംഗി കൂട്ടാൻ വിദേശ രാജ്യങ്ങളിൽ പാതക്കിരുവശങ്ങളിലും  നട്ടുവളർത്തുന്ന കോളാമ്പിപ്പൂക്കൾ തരുന്ന മരമാണ് തബേബുയ. കാതങ്ങൾക്കിപ്പുറം ഇന്ത്യയുടെ സ്വന്തം ഉദ്യാന നഗരത്തിൽ വിദേശ നഗരങ്ങളുടേതിന് സമാനമായി കണ്ണഞ്ചിപ്പിക്കുന്ന കാഴ്ച സമ്മാനിച്ച് ആകർഷിക്കുകയാണ് തബേബുയ ഏവരെയും.

Ajesh Madhavan

ബെംഗുളൂരുവിൽ ആദ്യമായല്ല തബേബുയ പൂക്കുന്നത്. പിങ്ക്, വയലറ്റ്, മഞ്ഞ നിറങ്ങളിൽ തബേബുയ വസന്തം എല്ലാ വർഷവും മെട്രോ നിവാസികൾക്ക് കാണാം. ഇലപൊഴിയുമ്പോൾ ഉടലാകെ പൂക്കുന്ന മരങ്ങൾ. ഫെബ്രുവരി അവസാനമാകുമ്പോഴേക്കും അവസാനത്തെ തബേബുയയും പിങ്ക് പൂവുകൾ പൊഴിച്ചിട്ടുണ്ടാകും.

deepsjphotography

പിന്നീടുള്ള മാസങ്ങളിൽ സാധാരണ മഞ്ഞ തബേബുയ പൂക്കളാണ് നഗരത്തിന് ചായം പൂശുന്നത്. എന്നാൽ ഇത്തവണ, പൂക്കാതിരുന്ന ഒരു കൂട്ടം മരങ്ങൾ മാർച്ചിൽ നഗരത്തെ പിങ്ക് അണിയിച്ചിരിക്കുകയാണ്. തന്നിസന്ദ്ര, ബ്രൂക് ഫീൽഡ് റോഡ്, നഗർഭാവി എന്നിവിടങ്ങളിലൊക്കെയാണ് തെരുവോര കാഴ്ചയായി തബേബുയ പൂത്തുനിൽക്കുന്നത്. പ്രഭാത സവാരിക്കായുള്ള നടപ്പാതകളിലും പാർക്കുകളിലുമൊക്കെ ധാരാളം പൂക്കൾ ഇത്തവണ കാണാം.

deepsjphotography

ബ്രിട്ടീഷ് ഭരണകാലത്തായിരുന്നു തബേബുയ മരങ്ങൾ ഉദ്യാന നഗരത്തിലെത്തിയത്. കബ്ബൺ പാർക്കിലും ലാൽ ബാഗിലുമൊക്കെ അവിടവിടെയായി മരങ്ങൾ പൂത്തു. എന്നാൽ കർണാടക ഹോർട്ടികൾച്ചർ വകുപ്പാണ് തബേബുയ തൈകൾ നഗരത്തിലെ പ്രധാന പാതകളുടെ ഇരുവശവും നട്ടുപിടിപ്പിച്ചത്. 35 വർഷം മുൻപായിരുന്നു അത്. കഴിഞ്ഞ 10 വർഷമായി ഉദ്യാന നഗരത്തെ കൂടുതൽ സുന്ദരമാക്കാൻ മുറതെറ്റാതെ  ഈ കോളാമ്പി പൂക്കൾ വസന്തം തീർക്കുന്നു. ജപ്പാനിലെ ചെറി ബ്ലോസത്തോട് ഉപമിക്കുകയാണ് ഈ പൂക്കാഴ്ചയെ ആളുകൾ.

Naveen Vijay

എന്നാൽ ചെറിപ്പൂക്കളുമായി ഇവയ്ക്കു ബന്ധമില്ല. ചെറി മരങ്ങളിലെ പൂക്കളുടെ ആകൃതിയിൽനിന്ന് ഇവ തീർത്തും വ്യത്യസ്തമാണ്. കോളാമ്പി പൂക്കളുടെ ( trumpet tree ) വർഗത്തിലാണ് തബേബുയ പൂക്കളെ സസ്യശാസ്ത്ര ലോകം പെടുത്തിയിരിക്കുന്നത്. പൂവുകൾ അധിക നാൾ നിൽക്കില്ല. വിടർന്ന് അഞ്ചു ദിവസത്തിനുള്ളിൽ പൊഴിഞ്ഞു തുടങ്ങും. കാറ്റിൽ ഇവ കൂട്ടത്തോടെ നിലം പതിക്കുന്നതും നിലത്ത് പിങ്ക് പരവതാനി ഒരുക്കുന്നതും കാഴ്ചക്കാരിൽ ആനന്ദം നിറയ്ക്കും.

JustAdithyaThings

നമുക്ക് കണ്ണിനു ഇമ്പമേകുന്ന കാഴ്ചയാണെങ്കിലും പക്ഷികൾക്കോ മറ്റു ജീവജാലങ്ങൾക്കോ വേണ്ടി പഴങ്ങളൊന്നും തബേബുയ മരങ്ങൾ കരുതിവയ്ക്കുന്നില്ല. തേനീച്ചകൾക്ക് ആവോളം തേനുണ്ട് ഓരോ കോളാമ്പി പൂവിലും. ഈ പൂവുകൾ ചില രാജ്യങ്ങളിൽ മരുന്ന് നിർമാണത്തിന് ഉപയോഗിക്കാറുണ്ട്. 

logo
The Fourth
www.thefourthnews.in