ശിക്ഷിക്കപ്പെട്ടാലുടൻ ജനപ്രതിനിധികളെ അയോഗ്യരാക്കുന്നത് ഒഴിവാക്കണം: സുപ്രീംകോടതിയിൽ ഹർജി
ജനപ്രതിനിധകളെ ക്രിമിനൽ കേസുകളിൽ ശിക്ഷച്ചാലുടൻ അയോഗ്യരാക്കുന്നതിന് എതിരെ സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹർജി. മാനനഷ്ട കേസുകളിൽ രണ്ട് വർഷത്തേക്ക് ശിക്ഷിക്കപ്പെട്ടാലുടൻ ജനപ്രതിനിധികളെ അയോഗ്യരാക്കുന്ന നടപടി ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണം എന്നാണ് ഹർജിയിലെ ആവശ്യം. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 8 (3) വ്യവസ്ഥ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തക ആഭാ മുരളീധരനാണ് ഹർജി നൽകിയത്.
ജനപ്രാതിനിധ്യ നിയമത്തിലെ 8(3) വകുപ്പ് രാഷ്ട്രീയ എതിരാളികൾക്കെതിരെ സർക്കാർ വ്യാപകമായി ഉപയോഗിക്കുകയാണെന്നും ഹർജിയിൽ ആരോപിക്കുന്നു
രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കിയ നടപടിക്കിടെയാണ് ഹർജി കോടതിയിലെത്തുന്നത്. ജനപ്രാതിനിധ്യ നിയമത്തിലെ 8(3) വകുപ്പ് രാഷ്ട്രീയ എതിരാളികൾക്കെതിരെ സർക്കാർ വ്യാപകമായി ഉപയോഗിക്കുകയാണെന്നും ഹർജിയിൽ ആരോപിക്കുന്നു. ഈ വകുപ്പനുസരിച്ച് എംപിമാരോ എംഎൽഎമാരോ ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ടാൽ സ്വഭാവികമായും അയോഗ്യരാക്കപ്പെടും. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ അഭിപ്രായ സ്വാതന്ത്ര്യം ഈ വകുപ്പിലൂടെ ഹനിക്കപ്പെടുകയാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. അതത് മണ്ഡലത്തിലെ വോട്ടർമാർ നല്‍കിയ ചുമതലകൾ നിർവഹിക്കുന്നതില്‍ നിന്ന് ഈ വകുപ്പ് ജനപ്രതിനിധികളെ തടയുന്നുവെന്നും 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 8 (1), 8 എ, 9, 9 എ, 10, 10 എ, 11 എന്നിവയ്ക്ക് വിരുദ്ധമാണ് വകുപ്പ് 8 (3) എന്നും ഹർജി ചൂണ്ടിക്കാട്ടുന്നുണ്ട്.
അയോഗ്യത പരിഗണിക്കുമ്പോൾ ശിക്ഷിക്കപ്പെട്ടു എന്നതിലുപരി കുറ്റകൃത്യത്തിന്റെ സ്വഭാവം, പ്രതികളുടെ പങ്ക്, ധാർമിക വ്യതിയാനം തുടങ്ങിയ ഘടകങ്ങളും പരിഗണിക്കമെന്ന് ഹർജിയില്‍ ആവശ്യപ്പെടുന്നുണ്ട്. ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്ത് ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ അയോഗ്യരാക്കുകയെന്നതായിരുന്നു നിയമത്തിന്റെ ഉദ്ദേശ്യമെന്നും ഹർജിയില്‍ ചൂണ്ടിക്കാട്ടി. ക്രിമിനല്‍ കേസുകളില്‍ കുറഞ്ഞത് രണ്ട് വര്‍ഷം തടവുശിക്ഷ ലഭിക്കുന്ന ജനപ്രതിനിധികള്‍ ഉടന്‍ അയോഗ്യരാകുമെന്ന് 2013-ലെ ലില്ലി തോമസ് കേസിലാണ് സുപ്രീംകോടതി വിധിച്ചത്. ശിക്ഷിക്കപ്പെട്ട ജനപ്രതിനിധികൾക്ക് ശിക്ഷാവിധിക്കെതിരെ അപ്പീൽ നൽകാൻ മൂന്ന് മാസത്തെ സമയം നൽകുന്നതാണ് സെക്ഷൻ 8(4). ഈ വിധി പുനഃപരിശോധിയ്ക്കണമെന്നാണ് ഹർജിക്കാരിയുടെ ആവശ്യം.
മാനനഷ്ടക്കേസില്‍ സൂറത്ത് കോടതി വയനാട് എംപി രാഹുല്‍ ഗാന്ധിക്ക് രണ്ട് വര്‍ഷത്തെ തടവുശിക്ഷ വിധിച്ചതിന് പിന്നാലെ രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം ലോക്‌സഭാ സെക്രട്ടേറിയറ്റ് റദ്ദാക്കിയിരുന്നു. ഹർജിയില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അയോഗ്യത സംബന്ധിച്ച ഉത്തരവിറക്കുന്നതിന് മുൻപ് ശിക്ഷ ലഭിച്ച കേസിന്റെ സ്വഭാവം കൂടി കണക്കിലെടുക്കണമെന്നും ഹർജിക്കാരി ആവശ്യപ്പെട്ടു.