പി എം കെയേഴ്‌സ് ഫണ്ട് പൊതുപണമല്ല; വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്

പി എം കെയേഴ്‌സ് ഫണ്ട് പൊതുപണമല്ല; വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നേരിട്ടോ പരോക്ഷമായോ ഇതില്‍ ഒരു നിയന്ത്രണവും ഇല്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി
Updated on
1 min read

പി എം കെയേഴ്‌സ് ഫണ്ട് സർക്കാരിന്റെ ഫണ്ടല്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്. പ്രധാനമന്ത്രി അധ്യക്ഷനായ പി എം കെയേഴ്സ് ഫണ്ടിന് സര്‍ക്കാരുമായി ഒരു ബന്ധവുമില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. ഭരണഘടനയുടെയും പാര്‍ലമെന്റോ നിയമസഭകളോ പാസാക്കിയ നിയമങ്ങളുടെയോ അടിസ്ഥാനത്തിലല്ല ഫണ്ട് പ്രവര്‍ത്തിക്കുന്നത്. പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന നിലയിലാണ് ഫണ്ട് രൂപീകരിച്ചത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നേരിട്ടോ പരോക്ഷമായോ ഇതില്‍ ഒരു നിയന്ത്രണവും ഇല്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ഭരണഘടനയുടെ ആർട്ടിക്കിൾ 12 പ്രകാരം പി എം കെയേഴ്സ് ഫണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കാനായി പൊതുസ്ഥാപനമായി പ്രഖ്യാപിക്കണമെന്നുള്ള ഹര്‍ജി പരിഗണിക്കവെയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യം വ്യക്തമാക്കിയത്.

പ്രധാനമന്ത്രിയുടെ ഓഫീസില്‍ പി എം കെയേഴ്സ് ഫണ്ടിന്റെ ചുമതല വഹിക്കുന്ന അണ്ടര്‍ സെക്രട്ടറിയാണ് ഇത് സംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിച്ചത്. ട്രസ്റ്റ് ഒരു പൊതു അതോറിറ്റിയല്ല. വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സ്വമേധയാ ഉള്ള സംഭാവനകളാണ് ട്രസ്റ്റ് സ്വീകരിക്കുന്നത്. പൊതുഖജനാവില്‍ നിന്ന് ഒരു രൂപ പോലും ഫണ്ടിലേക്ക് നല്‍കുന്നില്ല. അതുകൊണ്ട് തന്നെ പി എം കെയേഴ്സ് ഫണ്ട് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരില്ല. പി എം കെയേഴ്സ് സ്വരൂപിക്കുന്ന ഫണ്ട് പൂർണമായും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നത്. ഏതെങ്കിലും സർക്കാർ പദ്ധതികൾക്കായി ഉപയോഗിക്കുന്നില്ല. ഫണ്ടിലേക്ക് വരുന്ന സംഭാവനകള്‍ ഏത് വിധത്തില്‍ വിനിയോഗിക്കണമെന്ന് മാര്‍ഗരേഖ തയ്യാറാക്കാനാവില്ലെന്നും പിഎംഒ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. 

പാവപ്പെട്ടവരെ സഹായിക്കാനുള്ള ആശ്വാസ നിധിയെന്ന പേരിൽ പ്രധാനമന്ത്രിയുടെ മേൽനോട്ടത്തിൽ ആരംഭിച്ച പി എം കെയേഴ്‌സ് ഫണ്ടിലേക്ക് വ്യവസായികളടക്കം കോടിക്കണക്കിന് രൂപയാണ് സംഭാവന നൽകിയിരിക്കുന്നത്. ഈ തുകകൾ എന്തൊക്കെ കാര്യങ്ങൾക്ക് ചെലവഴിച്ചു എന്നടക്കം ചോദിച്ചുള്ള വിവരാവകാശ അപേക്ഷയ്ക്ക് പി എം കെയേഴ്‌സ് ഫണ്ട് ഓഫീസിൽ നിന്ന് ഉത്തരം നിരസിക്കുകയായിരുന്നു. സർക്കാർ പദ്ധതിയല്ലെന്നും ഒരു ട്രസ്റ്റിന്റെ കീഴിലാണെന്നും മറുപടിയിൽ പറഞ്ഞിരുന്നു. പ്രധാനമന്ത്രിയും മറ്റ് മന്ത്രിമാരുമൊക്കെ അംഗങ്ങളാണെങ്കിലും അതൊരു ട്രസ്റ്റാണെന്നും അതിനാൽ വിവരാവകാശ ചോദ്യത്തിന് മറുപടി നൽകാനാവില്ലെന്നുമായിരുന്നു മറുപടി. ഇത് ശരിവച്ചാണ് കേന്ദ്ര സർക്കാർ ഡൽഹി ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരിക്കുന്നത്.

പി എം കെയേഴ്സിന്റെ ഭരണം ട്രസ്റ്റികളിൽ നിക്ഷിപ്തമാണെന്ന കാര്യം ട്രസ്റ്റിന്റെ പൊതുസ്വഭാവം ഇല്ലാതാക്കില്ലെന്ന സുപ്രീംകോടതിയുടെ 2020 ലെ വിധിയെക്കുറിച്ചും സത്യവാങ്മൂലത്തിൽ പരാമർശിക്കുന്നുണ്ട്. പി എം കെയേഴ്സ് ഫണ്ടിന്റെ ട്രസ്റ്റ് ഡീഡും ഫണ്ടിൽ നിന്ന് അനുവദിച്ച ഗ്രാന്റുകളും ഓഡിറ്റ് ചെയ്ത റിപ്പോർട്ടുകൾക്കൊപ്പം pmcares.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

logo
The Fourth
www.thefourthnews.in