സനാതന ധർമം: മറുപടി കൃത്യമായിരിക്കണം; മന്ത്രിമാരോട് മോദി
സനാതന ധർമത്തിനെതിരായ തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ പരാമർശത്തില്‍ കൃത്യമായ മറുപടി നല്‍കണമെന്ന് മന്ത്രിമാർക്ക് നിർദേശം നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്ര മന്ത്രിസഭയുടെ വിശാലയോഗത്തിനിടെ മന്ത്രിമാരുമായുള്ള അനൗദ്യോഗിക സംഭാഷണത്തില്‍ നിർദേശം നല്‍കിയെന്നാണ് റിപ്പോർട്ട്.
പ്രതിപക്ഷ നേതാക്കള്‍ ഉയർത്തുന്ന ഇന്ത്യ-ഭാരതം വിഷയം സനാതന ധർമ വിവാദത്തെ മൂടിക്കളയാതെ വിഷയം പഠിച്ച് അവതരിപ്പിക്കണമെന്നാണ് മന്ത്രിമാർക്ക് നല്‍കിയിരിക്കുന്ന നിർദേശം. ഇന്ത്യയും ഭാരതവും വിഷയത്തില്‍ പാർട്ടി വക്താക്കള്‍ മാത്രമേ സംസാരിക്കാൻ പാടുള്ളൂ എന്നും പ്രധാനമന്ത്രി നിർദേശിച്ചിട്ടുണ്ട്.
പുതിയ പാർലമെന്റിന്റെ ഉദ്ഘാടനത്തിന് രാഷ്ട്രപതി ദ്രൗപതി മുർമുവിനെ കേന്ദ്രസർക്കാർ ഒഴിവാക്കിയത് സനാതന ധർമ്മം അനുഷ്ഠിക്കുന്നവരുടെ വിവേചനത്തിന്റെ ഉദാഹരണമായി ഉദയനിധി സ്റ്റാലിൻ ഉദ്ധരിച്ച് ഒരു ദിവസത്തിന് ശേഷമാണ് മോദിയുടെ പ്രതികരണം.
തമിഴ്നാട് പ്രോഗ്രസീവ് റൈറ്റേഴ്സ് ആർട്ടിസ്റ്റ്സ് അസോസിയേഷന്റെ പരിപാടിയിൽ പങ്കെടുക്കവെ കഴിഞ്ഞദിവസം ഉദയനിധി സ്റ്റാലിന്റെ നടത്തിയ പ്രസ്താവനയാണ് വിവാദമായത്. "ചില കാര്യങ്ങൾ നമുക്ക് എതിർക്കാനാകില്ല, പകരം അത് ഇല്ലാതാക്കണം. ഉദാഹരണത്തിന് ഡെങ്കി, കൊതുകുകൾ, മലേറിയ, കൊറോണ എന്നിവയെ നമുക്ക് എതിർക്കാനാവില്ല, അവ ഉന്മൂലനം ചെയ്യണം. അതുപോലെയാണ് സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യേണ്ടതും" - ഇതായിരുന്നു വിവാദമായ പ്രസംഗം.