രാജ്യം ഇനി 5ജി സ്പീഡില്‍; ഉദ്ഘാടനം നിര്‍വഹിച്ച് പ്രധാനമന്ത്രി, കേരളത്തില്‍ സേവനം അടുത്ത വര്‍ഷം
ഡിജിറ്റൽ മേഖലയിൽ രാജ്യത്തിന് പുത്തൻ കുതിപ്പേകി ഇനി 5ജി സാങ്കേതിക വിദ്യ. രാജ്യം ഏറെ കാത്തിരുന്ന ഹൈസ്പീഡ് ഇന്റർനെറ്റ് 5ജി സാങ്കേതിക വിദ്യയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു. ഡല്‍ഹിയില്‍ ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് 2022ന്റെ ആറാമത് പതിപ്പിലാണ് 5 ജി സേവനങ്ങളുടെ ഉദ്ഘാടനം നടന്നത്. അഹമ്മദാബാദ്, ബെംഗളൂരു, ചണ്ഡീഗഢ്, ചെന്നൈ, ഡല്‍ഹി, ഗാന്ധിനഗര്‍, ഗുരുഗ്രാം, ഹൈദരാബാദ്, ജാംനഗര്‍, കൊല്‍ക്കത്ത, ലഖ്‌നൗ, മുംബൈ, പുനെ എന്നീ പതിമൂന്ന് നഗരങ്ങളിലായിരിക്കും ആദ്യഘട്ടത്തിൽ 5 ജി ലഭ്യമാക്കുക. ദീപാവലിക്ക് ശേഷം ഈ നഗരങ്ങളിൽ 5ജി ലഭ്യമാകും. എട്ട് നഗരങ്ങളിൽ ഇന്ന് മുതൽ 5 ജി സേവനം തുടങ്ങിയെന്ന് എയർട്ടെൽ അവകാശപ്പെട്ടു.
ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ്, റിലയന്‍സ് മേധാവി മുകേഷ് അംബാനി, ഭാരതി എയര്‍ടെല്ലിന്റെ സുനില്‍ മിത്തല്‍, വോഡഫോണ്‍ - ഐഡിയയുടെ കുമാര്‍ മംഗളം ബിര്‍ല എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഉദ്ഘാടനത്തിന് ശേഷം വിവിധ ടെലികോം ഓപ്പറേറ്റര്‍മാര്‍ ഒരുക്കിയ പവലിയനുകളും പ്രധാനമന്ത്രി സന്ദര്‍ശിച്ചു.
5 ജി ഉടന്‍ നിലവില്‍ വരുമെന്ന് ജിയോ
5ജി സര്‍വീസ് ഉടന്‍ ലഭ്യമാക്കുമെന്ന് ജിയോ വ്യക്തമാക്കി. ദീപാവലിക്ക് ഡല്‍ഹി, മുംബൈ, ചെന്നൈ നഗരങ്ങളില്‍ സേവനം ലഭ്യമാക്കുമെന്ന് റിലയൻസ് അവകാശപ്പെട്ടു. അടുത്ത വര്‍ഷം ഡിസംബറിനകം രാജ്യത്തെ എല്ലാ നഗരങ്ങളിലും സേവനം എത്തിക്കുമെന്നും മുകേഷ് അംബാനി പറഞ്ഞു. രണ്ട് ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ജിയോ ഈ രംഗത്ത് നടത്തുക.
5 ജി പ്രത്യേകതകള്‍
4ജിയേക്കാള്‍ 100 ഇരട്ടി വേഗതയിലായിരിക്കും 5 ജി സേവനങ്ങള്‍ ലഭ്യമാവുക. ബഫറി ഇല്ലാതെ തന്നെ വീഡിയോകള്‍ കാണുന്നതിനും ദൈര്‍ഘ്യമേറിയ വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനും സാധിക്കും. 5 ജി സേവനം പുതിയ സാമ്പത്തിക അവസരങ്ങളും സാമൂഹിക നേട്ടങ്ങളുമാണ് രാജ്യത്തിന് നല്‍കുന്നത്. 2030ഓടെ ഇന്ത്യയിലെ മൊത്തം കണക്ഷനുകളുടെ മൂന്നിലൊന്നില്‍ കൂടുതലും 5 ജി ആയിരിക്കും.
കേരളത്തില്‍ എപ്പോള്‍ ലഭ്യമാകും ?
ഘട്ടം ഘട്ടമായാണ് രാജ്യത്ത് 5 ജി സേവനങ്ങള്‍ നടപ്പിലാക്കുക. തിരഞ്ഞടുത്ത 13 നഗരങ്ങളിലാണ് ആദ്യഘട്ടത്തില്‍ 5 ജി സേവനം ലഭ്യമാവുക. രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യം മുഴുവന്‍ സേവനം വ്യാപിപ്പിക്കാനാണ് വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ തീരുമാനം. കേരളത്തില്‍ അടുത്ത വര്‍ഷത്തോടെയായിരിക്കും സേവനങ്ങള്‍ ലഭ്യമായിത്തുടങ്ങുക.