കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽനിന്ന് മോദിയുടെ 'ചിത്രം മാഞ്ഞു'; തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കാരണമെന്ന് വിശദീകരണം

കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽനിന്ന് മോദിയുടെ 'ചിത്രം മാഞ്ഞു'; തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കാരണമെന്ന് വിശദീകരണം

കോവിഷീൽഡിന്റെ പാർശ്വഫലങ്ങളെ സംബന്ധിച്ച വെളിപ്പെടുത്തലിന് പിന്നാലെയാണ് ഫോട്ടോ ഒഴിവാക്കിയത്
Updated on
1 min read

കോവിഡ് 19 വാക്‌സിനേഷൻ സർട്ടിഫിക്കറ്റുകളിൽനിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫോട്ടോ ഒഴിവാക്കി ആരോഗ്യ മന്ത്രാലയം. പ്രധാനമന്ത്രിയുടെ ഫോട്ടോയ്ക്കു പകരം ക്യുആർ കോഡ് മാത്രമേ ഇപ്പോൾ സർട്ടിഫിക്കറ്റുകളിൽ കാണുന്നുള്ളൂ.

രക്തം കട്ടപിടിക്കുന്നതുമായി ബന്ധപ്പെട്ട ത്രോംബോസൈറ്റോപീനിയ സിൻഡ്രോം (ടിടിഎസ്) വിത്ത് ത്രോംബോസിസ് കോവിഷീൽഡ് വാക്സിന്‍ ഉപയോഗത്തിന്റെ അപൂർവ പാർശ്വഫലമായി ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് വാക്സിൻ നിർമാതാക്കളായ ആസ്ട്രസെനെക്ക യുകെ കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് സര്‍ട്ടിഫിക്കറ്റിലെ മാറ്റം.

എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നത് കൊണ്ടാണ് ഫോട്ടോ നീക്കം ചെയ്തതെന്നാണ് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ വിശദീകരണം. ആസ്ട്രസെനെക്ക വെളിപ്പെടുത്തലിനു പിന്നാലെ സർട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത ചിലരാണ് എക്സില്‍ മോദിയുടെ ചിത്രം അപ്രത്യക്ഷമായെന്ന വിവരം പങ്കുവെച്ചത്.

കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽനിന്ന് മോദിയുടെ 'ചിത്രം മാഞ്ഞു'; തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കാരണമെന്ന് വിശദീകരണം
കോവിഷീല്‍ഡ് പാർശ്വഫലങ്ങള്‍: വാക്സിന്‍ സ്വീകരിച്ചവർ എന്തുകൊണ്ട് ആശങ്കപ്പെടേണ്ടതില്ല?

കോവിഡ് വാക്‌സിന്‍ അത്യപൂർവമായെങ്കിലും ഗുരുതര പാര്‍ശ്വഫലങ്ങള്‍ക്കു കാരണമാകുമെന്ന് സമ്മതിച്ച് പ്രമുഖ മരുന്ന് നിര്‍മാതാക്കളായ അസ്ട്രസെനെക രംഗത്തെത്തിയതോടെയാണ് പുതിയ ചര്‍ച്ചകള്‍ക്കു തുടക്കമായത്. കോവിഡ് സമയത്ത് ഇന്ത്യയിലും ലോകത്തെ മറ്റു രാജ്യങ്ങളിലും വ്യാപകമായി ഉപയോഗിച്ച കോവിഷീല്‍ഡ്, വാക്‌സ്‌സെവരിയ എന്നീ വാക്‌സിനുകളുടെ നിര്‍മാതാക്കളാണ് അസ്ട്രസെനെക. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്നാണ് അസ്ട്രസെനെക ഈ വാക്‌സിനുകള്‍ വികസിപ്പിച്ചത്. ഇതു രണ്ടും ആഗോളതലത്തില്‍ വ്യാപകമായി ഉപയോഗിച്ചിരുന്നു.

അസ്ട്രസെനെക നിര്‍മിച്ച വാക്‌സിനുകള്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് കാട്ടി വിവിധ രാജ്യങ്ങളില്‍ നിരവധി പേർ പരാതിപ്പെടുകയും കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. യുകെയിലാണ് കൂടുതല്‍ പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തിയതും കമ്പനിക്കെതിരേ നിയമനടപടികള്‍ സ്വീകരിച്ചതും. 2021 ഏപ്രില്‍ 21-ന് യുകെ സ്വദേശിയായ ജെയ്മി സ്‌കോട്ടിന് വാക്‌സിന്‍ എടുത്തതിനു പിന്നാലെ മസ്തിഷ്‌കാഘാതം സംഭവിച്ചതോടെയാണ് നിയമനടപടികള്‍ ആരംഭിച്ചത്.

കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽനിന്ന് മോദിയുടെ 'ചിത്രം മാഞ്ഞു'; തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കാരണമെന്ന് വിശദീകരണം
വിദേശ പേറ്റന്റുകള്‍ തീരുന്നു; ഇന്ത്യൻ കമ്പനികൾക്ക്‌ കുതിപ്പിന് വഴിയൊരുങ്ങുന്നു, മരുന്നുകൾക്ക് 90% വരെ വില കുറഞ്ഞേക്കും

വാക്‌സിനെടുത്ത ശേഷം തന്റെ രക്തം കട്ടപിടിക്കുന്നതായും രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം ഗണ്യമായി കുറയുന്നതായും മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സഹിതമാണ് ജാമി സ്‌കോട്ട് നിയമനടപടി ആരംഭിച്ചത്. ഏറെ നാള്‍ പിന്നിട്ട നിയമയുദ്ധത്തിനൊടുവിലാണ് ഇപ്പോള്‍ നിര്‍മാതാക്കള്‍ തങ്ങളുടെ പിഴവ് തുറന്നുസമ്മതിക്കുന്നത്.

യുകെ ഹൈക്കോടതിയില്‍ നടക്കുന്ന കേസില്‍ ആദ്യം വാക്‌സിന് പാര്‍ശ്വഫലങ്ങളില്ലെന്ന് വാദിച്ച അസ്ട്രസെനെക ആ നിലപാട് മാറ്റി തങ്ങളുടെ വാക്‌സിന്‍ ചില അപൂർവ അവസരങ്ങളില്‍ പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുമെന്ന് തുറന്നുസമ്മതിക്കുകയായിരുന്നു. അപൂര്‍വ അവസരങ്ങളില്‍ മസ്തിഷ്‌കാഘാതം, ഹൃദയാഘാതം എന്നിവയ്ക്ക് വാക്‌സിനുകള്‍ കാരണമാകാമെന്നാണ് കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ വ്യക്തമാക്കുന്നത്.

logo
The Fourth
www.thefourthnews.in