'ഹരിയാനയിലെ വോട്ടര്‍മാര്‍ നല്‍കിയത് താമരപ്പൂക്കാലം'; നന്ദി പറഞ്ഞ് മോദി

'ഹരിയാനയിലെ വോട്ടര്‍മാര്‍ നല്‍കിയത് താമരപ്പൂക്കാലം'; നന്ദി പറഞ്ഞ് മോദി

''ഹരിയാനയില്‍ അസത്യത്തിനെതിരായ വിധിയെഴുത്താണ് നടന്നത്. ഇത് വികസനത്തിന്റെയും ജനാധിപത്യത്തിന്റെയും ജയമാണ്''
Updated on
1 min read

ഹരിയാനയിലെ ജനം പുതിയ ചരിത്രമാണ് കുറിച്ചതെന്നും ഇതു ജനാധിപത്യത്തിന്റെ വിജയമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ''ഹരിയാനയില്‍ അസത്യത്തിനെതിരായ വിധിയെഴുത്താണ് നടന്നത്. ഇത് വികസനത്തിന്റെയും ജനാധിപത്യത്തിന്റെയും ജയമാണ്. ഒരു താമരപ്പൂക്കാലമാണ് ഹരിയാനയിലെ ജനങ്ങള്‍ നല്‍കിയത്. ഓരോ വോട്ടറോടും അതിന് നന്ദി പറയുന്നു''-മോദി പറഞ്ഞു.

ആദിവാസികളെയും ദളിതരെയും പറ്റിക്കുന്ന സര്‍ക്കാരുകളാണ് കോണ്‍ഗ്രസിന്റേതെന്നും ഹരിയാനയിലെ കര്‍ഷകര്‍ ബിജെപിക്കൊപ്പമാണെന്നും നുണപ്രചരണങ്ങളെ അവര്‍ തള്ളിക്കളഞ്ഞെന്നും മോദി പറഞ്ഞു. ''ഹരിയാനയിലെ ദളിതരെ കോണ്‍ഗ്രസ് അപമാനിച്ചു. ജാതിയുടെ പേരില്‍ ജനങ്ങളെ അവര്‍ തമ്മിലടിപ്പിച്ചു. കര്‍ഷകരെ നുണപറഞ്ഞു പറ്റിച്ചു. രാജ്യത്തെ ദുര്‍ബലപ്പെടുത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. അധികാരമില്ലെങ്കില്‍ കരയില്‍ വീണ മീനിന്റെ അവസ്ഥയാണ് കോണ്‍ഗ്രസിന്. ജനം ഇതെല്ലാം മനസിലാക്കി'- മോദി കൂട്ടിച്ചേര്‍ത്തു.

ജമ്മുകശ്മീരില്‍ മികച്ച ജയം നേടിയ അധികാരത്തിലേറിയ ഇന്ത്യ സഖ്യത്തിലെ നാഷണല്‍ കോണ്‍ഫറന്‍സിനെ അഭിനന്ദിക്കാനും മോദി മറന്നില്ല. എന്നാല്‍ കോണ്‍ഗ്രസിന്റെ പേര് ഉച്ഛരിക്കാതെ നാഷണല്‍ കോണ്‍ഫറന്‍സിന്റെ പേര് മാത്രം പറഞ്ഞായിരുന്നു അഭിനന്ദനം എന്നതും ശ്രദ്ധേയമായി. അഭിനന്ദിച്ചെങ്കിലും ജമ്മു കശ്മീരില്‍ ഏറ്റവും കൂടുതല്‍ വോട്ട് ശതമാനം നേടിയത് ബിജെപിയാണെന്നും മോദി അവകാശപ്പെട്ടു.

''ജമ്മു കശ്മീരില്‍ ബിജെപിയുടെ പ്രകടനത്തില്‍ അഭിമാനം തോന്നുന്നു. അവിടുത്തെ ജനങ്ങള്‍ ബിജെപിയില്‍ വിശ്വാസം അര്‍പ്പിക്കുകയും വോട്ടു രേഖപ്പെടുത്തുകയും ചെയ്തു. എല്ലാവരോടും നന്ദി അറിയിക്കുന്നു. കശ്മീരിന്റെ ക്ഷേമത്തിനായി കേന്ദ്ര സര്‍ക്കാര്‍ ഇനിയും പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ ഉറപ്പുനല്‍കുന്നു.? ബിജെപിയുടെ വോട്ടു ശതമാനം കൂടിയത് ജനങ്ങള്‍ക്ക് ജനാധിപത്യത്തിലുള്ള വിശ്വാസമാണ് കാണിക്കുന്നത്''- മോദി കൂട്ടിച്ചേര്‍ത്തു.

logo
The Fourth
www.thefourthnews.in