സമയം പകുതിയായി കുറയും, കേരളത്തിനും നേട്ടം, ബെംഗളൂരു-മൈസൂർ പത്തുവരി പാത കൊണ്ടുള്ള ഗുണങ്ങൾ ഇങ്ങനെ..
ബെംഗളൂരു മൈസൂരു അതിവേഗ പത്തുവരി പാത മാർച്ച് 12 ന് ഔദ്യോഗികമായി ഗതാഗതത്തിനു തുറന്നു കൊടുക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. യാത്രാ ദൈർഘ്യം മൂന്നു മണിക്കൂറിൽ നിന്ന് 90 മിനുട്ടായി ചുരുങ്ങുമ്പോൾ കർണാടകത്തിന്റെ തൊട്ടടുത്ത സംസ്ഥാനമായ കേരളത്തിനുണ്ടാകുന്ന നേട്ടങ്ങളെന്തൊക്കെ ? കാസർഗോഡ് , കണ്ണൂർ ,വയനാട് , കോഴിക്കോട് ,മലപ്പുറം ജില്ലകൾക്ക് അതിവേഗ പാത കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെ ഒപ്പം അതിവേഗ പാതയിലെ ടോൾ നിരക്കും അറിയാം.
ബെംഗളൂരുവിൽ നിന്ന് മൈസൂരിലേക്കും തിരിച്ചുമുള്ള യാത്ര ദൈർഘ്യം മൂന്നു മണിക്കൂറിൽ നിന്ന് 90 മിനിട്ടുകളായി ചുരുങ്ങുമെന്നതാണ് അതിവേഗ പാതയുടെ ഏറ്റവും വലിയ ഗുണം. മലബാർ ഭാഗത്തേക്കുള്ള യാത്രക്കാർക്ക് യാത്ര സമയം ലാഭിക്കാൻ സൗകര്യപ്രദമാണ് അതിവേഗ പാത . കാസർഗോഡ് , കണ്ണൂർ , കോഴിക്കോട് ,വയനാട് ,മലപ്പുറം ജില്ലകളിൽ നിന്നുള്ള യാത്രക്കാർക്കാണ് പാതയുടെ പ്രയോജനം ലഭിക്കുക .
ദേശീയ പാത 275 ന്റെ 117 കിലോമീറ്റർ നീളമുള്ള പാതയാണ് പുതിയ അതിവേഗ പാത. 8350 കോടി രൂപ ചെലവിട്ടാണ് നിർമാണം പൂർത്തീകരിച്ചത്.
കർണാടകക്കും കേരളത്തിനുമിടയിലെ വ്യവസായ ഇടനാഴി ആയി പാത വർത്തിക്കുമെന്നാണ് വിലയിരുത്തൽ. വിദ്യാഭ്യാസം ആരോഗ്യം , വ്യവസായം , കൃഷി എന്നീ മേഖലകളുടെ വികസനത്തിന് പാത ആക്കം കൂട്ടും .യാത്രാ സമയം ചുരുങ്ങുമ്പോൾ യാത്രക്കാർ ടോൾ നിരക്ക് ഇനത്തിൽ കുറച്ചധികം പണം ചിലവഴിക്കേണ്ടി വരും .