ഈജിപ്തുമായുള്ള ബന്ധം ഊട്ടി ഉറപ്പിച്ച് മോദി; ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദർശനം 26 വർഷത്തിനിടെ ഇതാദ്യം

ഈജിപ്തുമായുള്ള ബന്ധം ഊട്ടി ഉറപ്പിച്ച് മോദി; ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദർശനം 26 വർഷത്തിനിടെ ഇതാദ്യം

ഇരു രാജ്യങ്ങള്‍ക്കിടയിലുള്ള പങ്കാളിത്തം മെച്ചപ്പെടുത്തുക എന്നതാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം
Updated on
1 min read

ഉഭയകക്ഷിയോഗത്തിന് ഈജിപ്ത് സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശനിയാഴ്ച ഈജിപ്തിലെത്തിയ മോദി പ്രധാനമന്ത്രി മൊസ്തഫ മദ്ബൗലിയുമായും ഉന്നത കാബിനറ്റ് മന്ത്രിമാരുമായും ചര്‍ച്ച നടത്തി. ഇന്ന് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് എല്‍ സിസിയുമായി കൂടിക്കാഴ്ച നടത്തും.

26 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഈജിപ്ത് സന്ദര്‍ശിക്കുന്നത്. ഇരു രാജ്യങ്ങള്‍ക്കിടയിലുള്ള പങ്കാളിത്തം മെച്ചപ്പെടുത്തുക എന്നതാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം. രാജ്യങ്ങള്‍ക്കിടെയിലെ പ്രതിരോധ ബന്ധം മെച്ചപ്പെടുത്തുന്നതിനും തീവ്രവാദ വിരുദ്ധ സഹകരണം, അവയെ നേരിടാനുള്ള ശ്രമങ്ങള്‍, വാണിജ്യവും നിക്ഷേപവും, പുനരുപയോഗ ഊര്‍ജം, ഗ്രീന്‍ ഹൈഡ്രജന്‍, ഐടി, ഡിജിറ്റല്‍ പേയ്മെന്റ് പ്ലാറ്റ്ഫോമുകള്‍, ഫാര്‍മ, ജനങ്ങള്‍ തമ്മിലുള്ള ബന്ധം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു മദ്ബൗലിയുമായുള്ള ചര്‍ച്ചകള്‍.

പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം മോദി ഈജിപ്ത് ഗ്രാന്‍ഡ് മുഫ്തി ഷാക്കി ഇബ്രാഹിം അല്ലാമുമായി കൂടിക്കാഴ്ച നടത്തി.

സമഗ്രതയും ബഹുസ്വരതയും വളര്‍ത്തുന്നതില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തെ ഗ്രാന്‍ഡ് മുഫ്തി പ്രശംസിച്ചതായും ഇന്ത്യയ്ക്കും ഈജിപ്തിനും ഇടയിലുള്ള ശക്തമായ സംസാരികവും ജനങ്ങള്‍ തമ്മിലുള്ള ബന്ധത്തെ കുറിച്ചും ചര്‍ച്ച ചെയ്തതായി വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. സമൂഹത്തിലെ സാമൂഹികവും മതപരവുമായ പ്രശ്‌നങ്ങള്‍, തീവ്രവാദത്തെ ഇല്ലാതാക്കുന്നതിനുള്ള ശ്രമങ്ങള്‍എന്നിവയും ചര്‍ച്ച ചെയ്തതായും അദ്ദേഹം കൂട്ടിചേര്‍ത്തു.

ഈജിപ്തിലെ സാമൂഹിക നീതി മന്ത്രാലയത്തിന് കീഴിലുള്ള ദാറുല്‍ ഇഫ്തയില്‍ ഇന്ത്യ ഐടിയില്‍ പഠന കേന്ദ്രം സ്ഥാപിക്കുമെന്ന് മോദി അല്ലാമിനോട് പറഞ്ഞതായും അരിന്ദം ബാഗ്ചി അറിയിച്ചു.

സഹിഷ്ണുതയുടെയും സമഗ്രതയുടെയും മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുക, തീവ്രവാദ ആശയങ്ങള്‍ക്കെതിരെ പോരാടുക എന്നതിനായി ഇന്ത്യയും ഈജിപ്തും സംയുക്തമായി നടത്തുന്ന ശ്രമങ്ങളുടെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ചയെന്ന് വൃത്തങ്ങള്‍ പറയുന്നു.

ഇന്ത്യയുമായുള്ള ബന്ധം വര്‍ധിപ്പിക്കാനുള്ള ഈജിപ്ഷ്യൻ പ്രസിഡന്റ് സിസിയുടെ ശ്രമങ്ങളെ പിന്തുണച്ച ഈജിപ്ത് ഗ്രാന്‍ഡ് മുഫ്തി ഷാക്കി ഇബ്രാഹിം അല്ലം, ജനുവരിയിലെ സിസിയുടെ സന്ദര്‍ശനം ഇന്ത്യയുമായുള്ള സഹകരണത്തിന് പുതിയ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്ന് കഴിഞ്ഞ മാസം പറയുകയുണ്ടായി.

ഞായറാഴ്ച സീസിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പ്, ബോറ സമുദായം പുനഃസ്ഥാപിച്ച പഴയ കെയ്‌റോയിലെ ഷിയ അല്‍-ഹക്കീം പള്ളിയും മോദി സന്ദര്‍ശിക്കും. ഈ വര്‍ഷം ആദ്യമാണ് ഈജിപ്ഷ്യന്‍ സര്‍ക്കാര്‍ വീണ്ടും ഈ പള്ളി തുറന്നത്.

കഴിഞ്ഞ വർഷം പ്രതിരോധ സഹകരണത്തിനുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചതിന് ശേഷം, ഇന്ത്യയും ഈജിപ്തും തങ്ങളുടെ പ്രതിരോധ വ്യവസായങ്ങൾ തമ്മിൽ സാങ്കേതിക വിദ്യകൾ കൈമാറ്റം ചെയ്യുന്നതിനെ കുറിച്ചും ചർച്ച ചെയ്യുന്നുണ്ട്. സൂയസ് കനാൽ സാമ്പത്തിക മേഖലയിൽ ഇന്ത്യൻ വ്യവസായങ്ങൾക്കായി പ്രത്യേക ഭൂപ്രദേശം അനുവദിക്കുന്നതിനുള്ള ഈജിപ്തിന്റെ നിർദ്ദേശത്തെക്കുറിച്ചും ഇന്ത്യ ഇപ്പോൾ ചർച്ചയിലാണ്.

logo
The Fourth
www.thefourthnews.in