ഭാരത് ജോഡോ യാത്രയില്‍ മേധാ പട്കര്‍; രാഹുലിനെ പരിഹസിച്ചും വിമര്‍ശിച്ചും മോദി

ഭാരത് ജോഡോ യാത്രയില്‍ മേധാ പട്കര്‍; രാഹുലിനെ പരിഹസിച്ചും വിമര്‍ശിച്ചും മോദി

ഗുജറാത്തികള്‍ക്ക് വെള്ളം നിഷേധിക്കുന്നവര്‍ക്കൊപ്പമാണ് കോണ്‍ഗ്രസ് എംപി നിലകൊള്ളുന്നത് എന്നായിരുന്നു ഗുജറാത്ത് മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേലിന്റെ ആരോപണം
Updated on
1 min read

ഭാരത് ജോഡോ യാത്രയില്‍ പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍ പങ്കെടുത്തതില്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചും പരിഹസിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി. നര്‍മദാ അണക്കെട്ട് പദ്ധതി മൂന്ന് പതിറ്റാണ്ടോളം സ്തംഭിപ്പിച്ച സ്ത്രീക്കൊപ്പം ഒരു കോണ്‍ഗ്രസ് നേതാവ് പദയാത്ര നടത്തുന്നതായി കണ്ടു. നർമ്മദാ അണക്കെട്ടിനെ എതിര്‍ത്തവരുടെ തോളിൽ കൈയിട്ടാണോ നിങ്ങൾ പദയാത്ര നടത്തുന്നത് എന്ന് വോട്ട് ചോദിച്ചെത്തുമ്പോള്‍ കോൺഗ്രസിനോട് ചോദിക്കണമെന്നും മോദി പറഞ്ഞു. ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്കോട്ടില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

നര്‍മ്മദാ നദിക്ക് കുറുകെ സര്‍ദാര്‍ സരോവര്‍ അണക്കെട്ട് നിര്‍മിക്കുന്നതിനുള്ള പദ്ധതി മേധാ പട്കര്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ കാരണം മൂന്ന് പതിറ്റാണ്ടായി മുടങ്ങിക്കിടക്കുകയാണെന്ന് മോദി ആരോപിച്ചു. മേധാ പട്കര്‍ ഗുജറാത്തിനെ അപകീര്‍ത്തിപ്പെടുത്തുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഈവാരം ആദ്യമാണ് മേധ രാഹുലിനൊപ്പം ഭാരത് ജോഡോ യാത്രയില്‍ പങ്കാളിയായത്.

മോദിയെ കൂടാതെ, ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നദ്ദയും രാഹുലിനെതിരെ രംഗത്തെത്തിയിരുന്നു. നര്‍മദാ അണക്കെട്ടിന്‍റെ നിര്‍മാണം തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയും സൗരാഷ്ട്രയിലെ ജനങ്ങള്‍ക്ക് വെള്ളം നിഷേധിക്കുകയും ചെയ്ത മേധാ പട്കര്‍ നര്‍മദാ വിരുദ്ധയും ഗുജറാത്ത് വിരുദ്ധയും സൗരാഷ്ട്ര വിരുദ്ധയുമാണെന്നായിരുന്നു നദ്ദയുടെ ആരോപണം. ഇത്തരക്കാര്‍ രാഹുലിനൊപ്പം ചേരുകയാണെങ്കില്‍, അത് അദ്ദേഹത്തിന്‍റെ മനോഭാവത്തെയാണ് കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമാന ആരോപണവുമായി ഗുജറാത്ത് മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേലും രംഗത്തെത്തി. ഗുജറാത്തികള്‍ക്ക് വെള്ളം നിഷേധിക്കുന്നവര്‍ക്കൊപ്പമാണ് കോണ്‍ഗ്രസ് എംപി നിലകൊള്ളുന്നത് എന്നായിരുന്നു പട്ടേലിന്റെ ആരോപണം. 'കോണ്‍ഗ്രസ്സും രാഹുല്‍ ഗാന്ധിയും ഗുജറാത്തിനോടും ഗുജറാത്തികളോടുമുള്ള വിരോധം വീണ്ടും പ്രകടിപ്പിക്കുകയാണ്. പദയാത്രയില്‍ മേധാ പട്കറിന് പ്രധാന സ്ഥാനം നല്‍കുന്നതിലൂടെ പതിറ്റാണ്ടുകളായി ഗുജറാത്തികള്‍ക്ക് വെള്ളം നിഷേധിച്ചവര്‍ക്കൊപ്പമാണ് രാഹുല്‍ ഗാന്ധി നിലനില്‍ക്കുന്നത്. ഗുജറാത്ത് ഇതൊരിക്കലും ക്ഷമിക്കുകയില്ല' എന്നായിരുന്നു പട്ടേലിന്‍റെ ട്വീറ്റ്.

നര്‍മദാ അണക്കെട്ടിന്റെ നിര്‍മാണം ആയിരത്തിലധികം ആദിവാസി കുടുംബങ്ങളെ കുടിയിറക്കുമെന്നാരോപിച്ചാണ് മേധാ പട്കര്‍ പദ്ധതിയെ എതിര്‍ത്തിരുന്നത്. 'നര്‍മ്മദാ ബച്ചാവോ ആന്തോളന്‍' എന്ന പരിപാടിക്കും തുടക്കമിട്ടിരുന്നു. മേധയുടെ പ്രതിഷേധങ്ങളെ ബിജെപി ശക്തമായി വിമര്‍ശിച്ചു പോന്നിരുന്നു. ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ആരോപണങ്ങള്‍ ആവര്‍ത്തിക്കുകയാണ് ബിജെപി.

ഡിസംബർ 1, 5 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായാണ് ഗുജറാത്തിൽ തിരഞ്ഞെടുപ്പ് നടക്കുക. ഡിസംബർ എട്ടിനാണ് വോട്ടെണ്ണല്‍. ഹിമാചല്‍ പ്രദേശിലെ വോട്ടും അന്നാണ് എണ്ണുക.

logo
The Fourth
www.thefourthnews.in