പോക്‌സോ കേസുകളിൽ കോടതി വെറുതെവിട്ടു എന്നതുകൊണ്ട് മാത്രം പൂർണകുറ്റവിമുക്തരാകില്ല: സുപ്രീംകോടതി

പോക്‌സോ കേസുകളിൽ കോടതി വെറുതെവിട്ടു എന്നതുകൊണ്ട് മാത്രം പൂർണകുറ്റവിമുക്തരാകില്ല: സുപ്രീംകോടതി

മധ്യപ്രദേശ്‌ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം
Updated on
1 min read

പോക്‌സോ കേസുകളിൽ വെറുതെ വിട്ടാലും പൂർണമായി കുറ്റവിമുക്തരായെന്ന് പറയാൻ സാധിക്കില്ലെന്ന് സുപ്രീംകോടതി. പോക്‌സോ കേസുകളിൽ സാക്ഷികൾ മൊഴിമാറിയതുകൊണ്ടോ, പരാതിക്കാരി പിന്മാറിയത് കൊണ്ടോ മാത്രം കുറ്റവിമുക്തരാക്കപ്പെട്ടവർ പൂർണമായും കുറ്റവാളിയല്ലാതായി എന്ന് പറയാൻ സാധിക്കില്ലെന്നും പോലീസ് ഉൾപ്പെടെയുള്ള സേനകളിലേക്ക് നിയമനം നൽകുന്നതിന് മുമ്പ് ഇത്തരം കാര്യങ്ങൾ പരിശോധിക്കണമെന്നും സുപ്രീംകോടതി പറഞ്ഞു.

മധ്യപ്രദേശ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ വിധിയിൽ അപ്പീൽ പരിഗണിച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ഹർജിക്കാരനെ വിചാരണക്കോടതി കുറ്റവിമുക്തനാക്കിയിരുന്നു. അത് പരാതിക്കാരി മൈനറായതുകൊണ്ടും കേസ് തുടരാൻ അവർ തയ്യാറാകാതിരുന്നതുകൊണ്ടുമാണ്. അതുപോലെ സാക്ഷികളും മൊഴിമാറ്റി.

കേസിന്റെ വിചാരണ സമയത്ത് ഇരയാക്കപ്പെട്ട പെൺകുട്ടിയുടെ കുടുംബവും പ്രതിയും തമ്മിൽ ധാരണയിലെത്തി

ഇത്തരം കാരണങ്ങൾ കൊണ്ട് പോക്‌സോ പോലെ ഗുരുതരമായ കേസുകളിൽനിന്ന് കുറ്റവിമുക്തരാകുന്നവരെ സേനയുടെ ഭാഗമാക്കാനാകില്ലെന്ന് മധ്യപ്രദേശ് പോലീസ് തീരുമാനിച്ചു. ഇതിനെതിരായ ഉദ്യോഗാർഥിയുടെ ഹർജിയിൽ ഹൈക്കോടതി പോലീസ് തീരുമാനം ശരിവയ്ക്കുകയായിരുന്നു.

2015 ലാണ് ഹർജിക്കാരൻ പെൺകുട്ടിയെ മുറിയിൽ പൂട്ടിയിട്ട് ബലാത്സംഗം ചെയ്തതായി ആരോപണമുയർന്നത്. കേസിന്റെ വിചാരണ സമയത്ത് ഇരയാക്കപ്പെട്ട പെൺകുട്ടിയുടെ കുടുംബവും പ്രതിയും തമ്മിൽ ധാരണയിലെത്തിയതിനെത്തുടർന്ന് പെൺകുട്ടി ആരോപണങ്ങളിൽനിന്ന് പുറകോട്ട് പോയതിലൂടെയാണ് പ്രതി കുറ്റവിമുക്തനാക്കപ്പെട്ടതെന്ന് മനസിലാക്കിയാണ് പോലീസിന്റെ നടപടി.

മധ്യപ്രദേശ് പോലീസിൽ കോൺസ്റ്റബിൾ സ്ഥാനത്തേക്കാണ് പ്രതി അപേക്ഷിച്ചത്. അപേക്ഷയിൽ കേസിന്റെ കാര്യം സൂചിപ്പിച്ചിരുന്നു. സെലക്ഷൻ പ്രക്രിയയുടെ അവസാന റൗണ്ടിൽ ഹർജിക്കാരനെ പുറത്താക്കുകയായിരുന്നു. കേസിൽ വിചാരണക്കോടതി വെറുതെവിട്ടതുകൊണ്ട് മാത്രം ഹർജിക്കാരൻ കുറ്റവിമുക്തനാകില്ലെന്ന് പറഞ്ഞ കോടതി, നിയമം നടപ്പിലാക്കേണ്ട വകുപ്പുകളിലേക്കുള്ള നിയമനങ്ങളിൽ സർക്കാർ അതീവ ജാഗ്രത പുലർത്തണമെന്നും വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in